SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.23 AM IST

വഴി പിരിഞ്ഞവർ, ചിതറിത്തെറിച്ചവർ

ee

''വഴി പിരിഞ്ഞൊഴുകുന്നുവെങ്കിലും അമ്മയായ നദിയുടെ സത്ത തന്നെയാണ് കൈവഴികളിലുമുള്ളത് .""

സന്ദീപിന് റെ ആ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വായിച്ചപ്പോൾ ശ്രീകാന്തിന് മുമ്പ് തോന്നാത്ത ഒരുൾക്കനം തോന്നി. ഹൃദയ മിടിപ്പ് കൂടി.

സംഘടനയുടെ ഓഫീസിലേക്കുള്ള കോണിപ്പടികൾ കയറാനൊരുങ്ങി അയാൾ നിന്നു. താഴെ, ബാബുവേട്ടന്റെ ബേക്കറിയുടെ പുറത്തിട്ടിരിക്കുന്ന കസേരയിൽ അയാളുടെ മകൻ, അഞ്ചു വയസ്സുകാരൻ കുഞ്ഞുണ്ണി അച്‌ഛനെ കാത്തിരിക്കുന്നുണ്ട്.
കുഞ്ഞുണ്ണി ഇടയ്‌ക്ക് ബേക്കറിയിൽ ചില്ലുകൂട്ടിലെ ബർഗറിലേക്കു നോക്കുന്നുണ്ട്. അവന്റെ മുഖത്ത് ഇന്നൊരു തളർച്ചയുണ്ട്. അത് ശ്രീകാന്ത് കാണുന്നുണ്ട്. മുകളിലെ മുറിയിൽ കണ്ണുകളിൽ കത്തുന്ന പരിഹാസത്തോടെ ടി.കെ അയാളെ കാത്തിരിക്കുന്നുമുണ്ട്.

ചോദ്യം ഇതായിരിക്കും .
''വേരുകളാഴ്‌ത്തി വളരണോ അതോ വേരോടെ പിഴുതെറിയപ്പെടണോ..?""
ചൂണ്ടുവിരലുകൾക്കു മുന്നിലിരുന്ന് മുമ്പ് എത്രയോ തവണ ഇതേ ചോദ്യം ടി.കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. അതു കേട്ട് ചില ചിറകുകൾ വെട്ടേറ്റ പോലെ അമരും. മറ്റു ചിലത് ശക്തിയാർജ്ജിച്ചു പറന്നു പോവും .
സന്ദീപ് അങ്ങനെ കുതറിത്തെറിച്ചയാളാണ്. ശാസ്ത്രം പഠിച്ച ചെറുപ്പക്കാരൻ. എപ്പോഴും ചോദ്യങ്ങൾ ചോദിച്ചവൻ.
നവാഗതർക്കുള്ള പഠനക്യാമ്പിൽ വച്ചുതന്നെ സന്ദീപിനെ ശ്രദ്ധിച്ചിരുന്നു. ടി.കെ യുടെ ക്ലാസ് കഴിഞ്ഞയുടനെ സന്ദീപ് പതുക്കെ പറഞ്ഞു.

''ടി.കെ ഒട്ടും കൺവിൻസിംഗ് ആയി തോന്നുന്നില്ല എനിക്ക്. ശരീരഭാഷ തന്നെയാണ് പ്രകടമായ സൂചകം. വെളുത്ത ഷർട്ടിൽ നിന്ന് പെർഫ്യൂമിന്റെ ഗന്ധം മാത്രമേ പുറത്തു വരുന്നുള്ളൂ.""
ശ്രീകാന്ത് ചിരിച്ചു .
''വ്യക്തിയല്ലല്ലോ... സന്ദീപ് ... ഒരുമയല്ലേ എന്നും ആശയങ്ങളെ വളർത്തിയിട്ടുള്ളത്.""

പിന്നീട് സമര വേദികളിൽ വച്ച് കാണുമ്പോഴൊക്കെ സന്ദീപ് പറഞ്ഞു കൊണ്ടിരുന്നു.
''ഒത്തു തീർപ്പുകൾ ചീഞ്ഞു നാറുന്നുണ്ട് ശ്രീകാന്ത്.""

കലഹങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയ ഒരു യോഗം കഴിഞ്ഞിറങ്ങുമ്പോൾ ശ്രീകാന്ത് ടി.കെ യോട് പറഞ്ഞു;
''എതിർപ്പുകളുടെ ശബ്‌ദങ്ങൾ മുമ്പില്ലാത്ത വിധമുയരുന്നു.""
ഷർട്ടിനുള്ളിലേക്ക് കാറ്റൂതി വിട്ടുകൊണ്ട് ടി.കെ പറഞ്ഞു ;
''ചൂട് വളരെ കൂടുതലാണ് .ഓഫീസ് എ.സി യാക്കേണ്ടി വരും.""
ശ്രീകാന്തിന് തന്നോട് തന്നെ പുച്‌ഛം തോന്നി.

താഴെ ബാബുവേട്ടന്റെ കടയുടെ മുൻപിലെ കസേരയിൽ കുഞ്ഞുണ്ണി ശ്രീകാന്തിനെ കാത്തിരിപ്പുണ്ട് .അവൻ തളർന്നുറങ്ങിപ്പോയിരുന്നു .
ടി.കെ ബേക്കറിയിൽ നിന്ന് ബർഗർ വാങ്ങി.
''കുഞ്ഞുണ്ണിക്ക് ബർഗർ വേണോ?""
അവൻ വേണ്ട എന്ന് തലയാട്ടി.
ടി.കെ. ശ്രീകാന്തിനോട് പതുക്കെ പറഞ്ഞു;
''വഴി പിരിയേണ്ടവരെ ആരും തടയുന്നില്ലല്ലോ...""

തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ശ്രീകാന്തിന്റെ തോളിൽ കുഞ്ഞുണ്ണി ചാഞ്ഞു കിടന്നു .അവൻ ചോദിച്ചു ;
''ആ അമ്മാമ എന്നും ബർഗർ മാത്രമേ വാങ്ങിക്കൂ അല്ലേ അച്ഛാ ...""
ശ്രീകാന്തിന് ചെറുതല്ലാത്ത ആഹ്ലാദം തോന്നി .കുഞ്ഞുണ്ണി സംശയങ്ങൾ ചോദിച്ചു തുടങ്ങുന്നു ..!

ശ്രീകാന്തിന്റെ ദിനങ്ങൾ തിരക്കുകളിൽ അലിഞ്ഞൊഴുകി. വൈകുന്നേരങ്ങളിൽ കുഞ്ഞുണ്ണിയുടെ കാത്തിരിപ്പിലേക്ക് മുഷിഞ്ഞ വസ്ത്രങ്ങളുമായി അയാൾ വന്നു കയറി. തളർന്നുറങ്ങി .

ഒരു ദിവസം സന്ദീപിന്റെ ഒരു വാട്ട്സ് ആപ്പ് സന്ദേശം അയാൾക്ക് കിട്ടുന്നു .
''കരീയ്ക്കൽ കായൽ വ്യാപകമായി നികത്തപ്പെടാൻ പോവുന്നു. ഹൈപ്പർ മാർക്കറ്റ് പ്രോജക്ട് .ചുറ്റുപാടുമുള്ള വലിയ ആവാസവ്യവസ്ഥ മലിനമാവും. ഞങ്ങൾ പ്രതിഷേധം ആരംഭിക്കുകയാണ്.വീണ്ടും ഒത്തു തീർപ്പുകളാണ് ശ്രീകാന്ത്...""

ശ്രീകാന്ത് , ആകുലതയോടെ സന്ദേശങ്ങളയച്ചു .മറുപടികൾ വന്നു.

''ടി.കെ, കരീയ്‌ക്കൽ കായലിൽ എന്താണിങ്ങനെ?""

''സംഘടനയ്‌ക്ക് വളരെ ഗുണമുള്ള പ്രോജക്ടാണത്.""

''വലിയ ആവാസ വ്യവസ്ഥയാണ് ഇല്ലാതാവുന്നത്. കണ്ടൽ സസ്യങ്ങൾ, ജലജീവികൾ...""

''ഒരു പാട് പേർക്ക് തൊഴിൽ കിട്ടുന്ന പ്രോജക്ടാണത്.""

''വികേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചെറിയ കൂട്ടായ്‌മകൾ ,സ്വാശ്രയ യൂണിറ്റുകൾ... അതല്ലേ സംഘടനയുടെ തൊഴിൽ മാതൃക..?""

''അതുകൊണ്ടൊന്നും വലിയ വികസനം വരില്ല.""

''എന്താണ് നിങ്ങളുടെ ഈ വലിയ...?""

''വലിയതെന്നു വച്ചാൽ, വലിയ, വളരെ വലിയ ...(സ്‌മൈലി )""

ശ്രീകാന്തിന് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി. രാത്രികളിൽ കുഞ്ഞുണ്ണിയെ ചേർത്തുപിടിച്ച്, അയാൾ സ്വാസ്ഥ്യമില്ലാതെ കിടക്കും.

ഒരു നാൾ അയാൾ ഇങ്ങനെ ഒരു സന്ദേശമയച്ചു.
''ടി.കെ... എനിക്ക് സംസാരിക്കണം.""

കോണിപ്പടികൾക്കു താഴെ അയാൾ നിന്നു. അപ്പോൾ സന്ദീപിന്റെ സന്ദേശം അയാൾക്ക് കിട്ടി.
' ഓഫീസിലേക്ക് പോവുന്നത് കണ്ടു.ഞാനിവിടെ താഴെ നിൽക്കുന്നുണ്ട്.""

അമ്മയായ നദി, ചിതറിയ കൈവഴികൾ...

അയാൾ കുഞ്ഞുണ്ണിയെ നോക്കി .
''മോന് ബർഗർ വേണോ?""
അവൻ വേണ്ട എന്ന് തലയാട്ടി . അയാൾ കുഞ്ഞുണ്ണിയുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു .
സന്ദീപ് അപ്പുറത്തു മാറി നിൽക്കുന്നു .അയാൾ മറുകൈ കൊണ്ട് സന്ദീപിനെ മുറുകെപ്പിടിച്ചു.
''വരൂ""

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KATHA, KATHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.