SignIn
Kerala Kaumudi Online
Thursday, 25 April 2024 4.16 AM IST

നിർണായകം ഈ സമ്മേളനം

photo

വീണ്ടുമൊരു സംസ്ഥാന സമ്മേളനം എറണാകുളത്ത് ഇന്ന് തുടങ്ങുകയാണ്. നാലുപതിറ്റാണ്ടുകാലത്തെ കേരള രാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച പശ്ചാത്തലത്തിലാണ് ഈ ഒത്തുകൂടൽ. ഒന്നിടവിട്ട നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭരണത്തിൽ മുന്നണിമാറ്റം എന്ന പതിവാണ് ഇത്തവണ കേരളജനത തിരുത്തിയത്.

ഭരണത്തുടർച്ച എങ്ങനെ?

എൽ.ഡി. എഫ് ഭരണത്തുടർച്ച നേടിയത് എങ്ങനെയാണ് ? ഇടതു ജനാധിപത്യമുന്നണി പറയുന്നത് ആത്മാർത്ഥമായാണെന്നും അത് നടപ്പാക്കാൻ ജനങ്ങളെ വിശ്വാസത്തിലെടുത്തു പ്രവർത്തിക്കുമെന്നും അനുഭവത്തിലൂടെ നാട്ടുകാർ മനസിലാക്കി. രാഷ്ട്രീയതലത്തിൽ അഴിമതി പൂർണമായി തുടച്ചുമാറ്റാൻ കഴിഞ്ഞതും എൽ.ഡി.എഫിന്റെ വിശ്വാസ്യത വലിയ തോതിൽ ഉയർത്തി. തുടർച്ചയായി നാടിനെ ഗ്രസിച്ച പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും അഭിമുഖീകരിക്കാനും അതിജീവിക്കാനും ജനങ്ങൾക്കൊപ്പം ഉറച്ചുനിന്ന് മാതൃകാപരമായ സംരക്ഷണപ്രവർത്തനങ്ങൾ നടത്തിയതും നവചരിത്രമായി.

പരാജയപ്പെട്ട ബദൽരേഖ
ഇനി മൂന്നരപതിറ്റാണ്ട് പിന്നോട്ടുപോകാം. 1985 നവംബർ 20 മുതൽ 24 വരെ എറണാകുളം ടൗൺ ഹാളിലെ എൻ.എസ് നഗറിൽ ചേർന്ന സമ്മേളനം ചർച്ചചെയ്ത ഒരു മുഖ്യവിഷയം രാജ്യത്ത് വളർന്നുവരുന്ന വർഗീയ തീവ്രവാദ ശക്തികൾക്ക് എതിരായ വിട്ടുവീഴ്ചയില്ലാത്ത സമരത്തിന് നേതൃത്വം നൽകുന്നതിൽ പാർട്ടി കൂടുതൽ ശ്രദ്ധയൂന്നണം എന്നതായിരുന്നു. എന്നാൽ മുസ്ളിം ലീഗ് പോലുള്ളവരെ കൂട്ടുപിടിച്ചായാലും കോൺഗ്രസിനെ തോൽപ്പിച്ച് ഭരണം നേടണമെന്ന വാദം ഉയർന്നുവന്നു. ഇതിനുവേണ്ടി ഒരുകൂട്ടം സഖാക്കൾ പ്രസ്തുത സമ്മേളനത്തിൽ ശക്തിയായി വാദിച്ചു. അത്തരത്തിലുള്ള പാർലമെന്ററി അവസരവാദം പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിന്റെ സഹായത്തോടെ ആ സമ്മേനത്തിൽ നടന്ന ജനാധിപത്യപരമായ സംവാദം വഴി പരാജയപ്പെടുത്തുകയുണ്ടായി. രാഷ്ട്രീയമായി തെറ്റായ സ്വന്തം നയത്തിനനുകൂലമായി പാർട്ടിയിൽ പിന്തുണ നേടിയെടുക്കാൻ സംഘടനാപരമായ ഒരു വലിയ തെറ്റുകൂടി 'ബദൽ രേഖ 'അവതരിപ്പിച്ചവർ ചെയ്തു. ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളുടെ അറിവോ സമ്മതമോ കൂടാതെ രഹസ്യമായി സമ്മേളന പ്രതിനിധികൾക്കിടയിൽ ആ രേഖ വിതരണം ചെയ്തു. ഇത് വിഭാഗീയത വളർത്തി. സംഘടനാപരമോ രാഷ്ട്രീയമോ സൈദ്ധാന്തികമോ ആയ വിഷയങ്ങളെപറ്റി തന്റേയും തൊട്ടുമേലേയുമുള്ള ഘടകങ്ങളുടെ അറിവോടും സമ്മതത്തോടും ഉൾപ്പാർട്ടി ചർച്ചനടത്താനുള്ള സ്വാതന്ത്ര്യവും അവസരവും സി.പി.എം ഭരണഘടന അനുവദിക്കുന്നുണ്ട്. അതല്ല അന്ന് സംഭവിച്ചത്.
ഇതു സംബന്ധിച്ച് കേരളത്തിലെ പാർട്ടി അംഗങ്ങൾക്കായി മാർക്സിസ്റ്റ് ലെനിനിസ്റ്റ് സമീപനം വിശദീകരിച്ചുകൊണ്ട് പോളിറ്റ് ബ്യൂറോ കത്തെഴുതുകയുണ്ടായി. അത് ''ജാതി - മത സംഘടനകളും പാർട്ടികളും ഉൾപ്പെടെയുള്ളവരുമായി ഈ അവസരവാദി കൂട്ടുകെട്ടുകളുടെ ചങ്ങലയിൽനിന്നും നാം സ്വയം മോചിതരായേ പറ്റൂ'' എന്ന് ചൂണ്ടിക്കാണിച്ചു. തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, ഇടത്തരക്കാർ, മഹിളകൾ, യുവാക്കൾ, വിദ്യാർത്ഥികൾ, പട്ടികജാതി പട്ടികവർഗ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾ തുടങ്ങിയവരെ അവരുടെ ജീവിതപ്രശ്നങ്ങളെ മുൻനിറുത്തി സംഘടിപ്പിക്കുന്നതിൽ പാർട്ടി കൂടുതൽ താത്‌പര്യത്തോടെ നേരിട്ട് ഇടപെടേണ്ടതിന്റെ പ്രാധാന്യം അന്ന് എറണാകുളം സമ്മേളനം തിരിച്ചറിഞ്ഞു.

തെറ്റിയ കണക്കുകൂട്ടൽ
ഒന്നരവർഷം കഴിഞ്ഞ് 1987 ൽ നിയമസഭാ തിരഞ്ഞെടുപ്പു വന്നു. പലരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിളക്കമാർന്ന വിജയമുണ്ടായി. അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എം നേതൃത്വത്തിലുള്ള മുന്നണി, ഗണിതശാസ്ത്രപരമായി നോക്കിയാൽ നിയമസഭാ തിരഞ്ഞെടുപ്പായതോടെ ശോഷിക്കുകയാണുണ്ടായത്. സി.പി.എമ്മിൽ നിന്നാകട്ടെ പ്രധാനപ്പെട്ട ചില നേതാക്കൾ ഉൾപ്പടെ പുറത്തുപോയി കോൺഗ്രസ് മുന്നണിയുമായി ധാരണയുണ്ടാക്കുകയും ചെയ്തു. പക്ഷേ അതൊന്നും കോൺഗ്രസ് മുന്നണിയെ പിടിച്ചുനിൽക്കാൻ സഹായിച്ചില്ല. എൽ.ഡി.എഫിൽ നിന്നും സി.പി.എമ്മിൽ നിന്നും ചിലർ പുറത്തുപോയപ്പോൾ, തിരിച്ചറിവുള്ള ഒട്ടേറെ സാധാരണ ജനങ്ങൾ പാർട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്താൻ പുതുതായി ഒപ്പം ചേർന്നു. ഇത് കാണാൻ കഴിയാതെ പോയതു കൊണ്ടാണ് പലരുടെയും കണക്കുകൂട്ടൽ തെറ്റിയത്.

1985 ലെ രാഷ്ട്രീയ നയസമീപനം
ഈ മാറ്റത്തിന് അടിത്തറ പാകിയ രാഷ്ട്രീയ നയസമീപനം വികസിപ്പിച്ചത് 1985 ൽ നടന്ന എറണാകുളം സംസ്ഥാന സമ്മേളനമായിരുന്നു. അതിനു മുമ്പുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ഗവൺമെന്റുകൾ (1957-59; 67- 69, 80-82) ഏതാണ്ട് രണ്ടുവർഷക്കാലത്തിനുള്ളിൽ പല മാർഗങ്ങളിൽ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 1987 ലെ രണ്ടാമത്തെ നായനാർ ഗവൺമെന്റ് നാലുവർഷം പൂർത്തിയാക്കി. പ്രത്യേക സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം അസംബ്ലി തിരഞ്ഞെടുപ്പും പ്രഖ്യാപിക്കുകയായിരുന്നു.

കെ. കരുണാകരന്റെ കാർമികത്വത്തിൽ ബി.ജെ.പിയുമായുണ്ടാക്കിയ രഹസ്യ ധാരണയും (വടകര പാർലമെന്റ് സീറ്റിലും ബേപ്പൂർ അസംബ്ലി മണ്ഡലത്തിലും അത് പരസ്യമായിരുന്നു) ചാവേറാക്രമണത്തിൽ കൊലചെയ്യപ്പെട്ട രാജീവ് ഗാന്ധിയുടെ വേർപാട് സൃഷ്ടിച്ച സഹതാപവും ചേർന്നാണ് അന്ന് യു.ഡി.എഫിനെ രക്ഷിച്ചത്.
പിന്നീട് 1996; 2006; 2016 എന്നീ വർഷങ്ങളിലെ എൽ.ഡി.എഫ് സർക്കാരുകൾ മികച്ച ജനക്ഷേമ വികസന പ്രവർത്തനങ്ങൾ നിർവഹിച്ചുകൊണ്ട് കാലാവധി പൂർത്തിയാക്കി. അതേത്തുടർന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ ഭരണത്തുടർച്ചയെന്ന ലക്ഷ്യവും സാക്ഷാത്കരിച്ച സവിശേഷ സാഹചര്യത്തിലാണ് ഇക്കുറി സംസ്ഥാനസമ്മേളനം എറണാകുളത്ത് നടക്കുന്നത്. 1985 ൽ മതവർഗീയ ശക്തികളുടെ വിഷലിപ്തമായ ഭീഷണിയെപ്പറ്റി സംസ്ഥാന സമ്മേളനം ചർച്ച ചെയ്തെങ്കിൽ ഇന്നത് രാജ്യം മുഴുവൻ വൻ ഭീഷണിയായിക്കഴിഞ്ഞു. അത് അതിവേഗം ഫാസിസ്റ്റ് ഭരണശൈലിയെ അനുസ്മരിപ്പിക്കുന്ന നീക്കങ്ങൾ നടത്തുന്നു.
ഇക്കൂട്ടർ ഇന്ത്യയിലാകെ വളരുമ്പോൾ കേരളം അതിനെ തടയുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. അസംബ്ലിയിൽ അവർക്കുണ്ടായിരുന്ന ഒറ്റ സീറ്റ് അക്കൗണ്ട് പൂട്ടിക്കുന്നതിലും കേരളം മാതൃകകാട്ടി. മാർച്ച് അവസാനം നടക്കാൻ പോകുന്ന അഖിലേന്ത്യാ തൊഴിലാളി പണിമുടക്കും ജീവിക്കാനുള്ള അവകാശ സമരത്തിന്റെ ഉജ്ജ്വല അദ്ധ്യായമാണ് രചിക്കാനൊരുങ്ങുന്നത്.
1957 ലെ ഇ.എം.എസ് ഗവൺമെന്റ് മുതൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവൺമെന്റുകളെല്ലാം പുതിയ ഒരു കേരളസൃഷ്ടിക്കായി അർത്ഥവത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നത് നമ്മുടെ ചരിത്രത്തിലെ അനിഷേദ്ധ്യ വസ്തുതയാണ്. കടുത്ത പരിമിതികൾക്കിടയിലും ഇന്ത്യയിലെ ഇന്നത്തെ മൂലധനാധിപത്യ വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് കൈവരിക്കാൻ കഴിയുന്ന സാമ്പത്തിക സാമൂഹ്യ സാംസ്‌‌കാരിക പുരോഗതിയുടെ ഔന്നത്യങ്ങൾ അന്വേഷിക്കാൻ നാം ശ്രമിക്കേണ്ടേ? അതുകൊണ്ട് വികസനവും പുരോഗതിയും സംബന്ധിച്ച ചില പുതിയ ബദൽ പരിപ്രേക്ഷ്യങ്ങൾ അന്വേഷിക്കാൻ ഉതകുന്ന ചർച്ചകൾക്കും ഇത്തവണത്തെ സംസ്ഥാന സമ്മേളനം തുടക്കം കുറിക്കും.

കൊവിഡ് മഹാമാരിയും റഷ്യ -യുക്രെയിൻ യുദ്ധസാഹചര്യം എങ്ങനെ വ്യാപിക്കുമെന്ന ഭീതിയും ഭീമമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാം. അതൊക്കെ നേരിട്ടുകൊണ്ടുതന്നെ നമുക്കു മുന്നോട്ടുപോയേ തീരൂ. അതിനുതകുന്ന ചർച്ചകൾ നടത്താനും കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയുള്ള പാർട്ടിയായി അതിവേഗം സി.പി.എമ്മിനെ വളർത്തുവാനുതകുന്ന തീരുമാനങ്ങളിൽ എത്തിച്ചേരാനും ഈ സംസ്ഥാന സമ്മേളനത്തിനു കഴിയണം.

ലേഖകൻ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.