SignIn
Kerala Kaumudi Online
Thursday, 25 April 2024 4.48 PM IST

സി.പി.എമ്മും എറണാകുളം സമ്മേളനവും

photo

ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം ഇന്ന് എറണാകുളത്ത് ആരംഭിക്കുന്നു. പ്രത്യയശാസ്ത്ര തർക്കങ്ങളോ അതിന്റെ പേരിലുള്ള വിഭാഗീയതയോ അലട്ടാതെ സ്വസ്ഥവും ശാന്തവുമായ അന്തരീക്ഷത്തിലാണ് സി.പി.എം നാളെ മറ്റൊരു സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുന്നത്. പതിന്നാല് ജില്ലാ സമ്മേളനങ്ങളും വിഭാഗീയമായ മത്സരങ്ങളില്ലാതെ പൂർത്തിയാക്കാനായി. എന്നാൽ, ലോക്കൽ, ഏരിയാ സമ്മേളനങ്ങളിൽ അങ്ങിങ്ങ് ഒറ്റപ്പെട്ട ചില തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു. അതൊന്നും പക്ഷേ കടുത്ത ചേരിപ്പോരിലേക്ക് നീങ്ങിയില്ലെന്നതാണ് പാർട്ടി നേതൃത്വത്തെ ആശ്വാസം കൊള്ളിക്കുന്നത്. എങ്കിലും പാലക്കാട്, ആലപ്പുഴ ജില്ലകളിൽ പ്രധാനമായും താഴെത്തട്ടിൽ വിഭാഗീയതയുടെ കനലെരിയുന്നത് നേതൃത്വത്തെ അലോസരപ്പെടുത്താതിരിക്കുന്നുമില്ല. അതൊക്കെ വലിയ വിഭാഗീയതയായി വളരുന്നത് കർശനമായി തടയുമെന്ന മുന്നറിയിപ്പ് സംസ്ഥാന നേതൃത്വം നൽകുന്നു. വിഭാഗീയതയുടെ ചെറുതരി പോലും വച്ചുപൊറുപ്പിച്ചാൽ അത് സംഘടനാപ്രവർത്തനത്തിൽ ഏറ്റക്കുറച്ചിലുണ്ടാക്കാമെന്ന ഉറച്ച ബോദ്ധ്യമാണ് പാർട്ടിയെ നയിക്കുന്നത്. അതിന് കാരണം പാർട്ടി തുടർഭരണലക്ഷ്യം ഇത്തവണ കൊണ്ട് അവസാനിപ്പിക്കുന്നില്ല എന്നുതന്നെയാണ്.

2026ലും തുടർഭരണം ലാക്കാക്കിയാണ് പാർട്ടി മുന്നേറുന്നത്. അതിനുള്ള സംഘടനാ ശാക്തീകരണത്തിന്റെ പുതിയ തലങ്ങളിലേക്ക് കടക്കണം. എറണാകുളം സമ്മേളനം അതിനുള്ള തന്ത്രങ്ങൾ മെനയും. ഒപ്പം സമൂലമായ പരിഷ്കരണവാദത്തിലേക്ക് പാർട്ടി ഏറെക്കുറെ പൂർണമായും മാറുന്നുവെന്ന സൂചനയും എറണാകുളം സമ്മേളനത്തിലേക്ക് കടക്കുമ്പോൾ നമ്മൾ കാണുന്നു. ഭാവികേരള വികസനം ലാക്കാക്കിയുള്ള നയരേഖ തന്നെ പാർട്ടിസമ്മേളനം ചർച്ച ചെയ്യാനൊരുങ്ങുന്നു. അത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്.

എറണാകുളത്ത് എത്തുമ്പോൾ

35 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എറണാകുളം സി.പി.എം സംസ്ഥാനസമ്മേളനത്തിന് വേദിയാകുന്നത്. എറണാകുളം മുമ്പൊരിക്കൽ സി.പി.എം പാർട്ടി കോൺഗ്രസിന് വേദിയായിട്ടുണ്ട്. അത് അവിഭക്ത പാർട്ടിയുടെ പിളർപ്പിനു ശേഷം സി.പി.എം രൂപീകൃതമായിക്കഴിഞ്ഞുള്ള രണ്ടാമത്തെ കോൺഗ്രസാണ്. അതിന് തൊട്ടുമുമ്പ് ബർദ്വാൻ പ്ലീനം നടന്നു. അവിഭക്ത പാർട്ടിയുടേത് മുതൽ കണക്കാക്കിയാൽ എട്ടാം പാർട്ടി കോൺഗ്രസായിരുന്നു കൊച്ചിയിലേത്. 1968 ഡിസംബർ 23 മുതൽ 29 വരെയാണത് നടന്നത്.

കൊച്ചിൻ ഷിപ്പ്‌യാർഡിലും ഫാക്ടിലുമൊക്കെ സി.ഐ.ടി.യുവിന്റെ സംഘടനാവീര്യമുണ്ടെങ്കിലും എറണാകുളം ജില്ലയിൽ കുറേക്കാലമായി സി.പി.എമ്മിന് പാർലമെന്ററി രാഷ്ട്രീയത്തിൽ കാര്യമായി ചുവടുറപ്പിക്കാനാവാത്ത സ്ഥിതിയുണ്ട്. 2009ലെ പുതിയ മണ്ഡല പുനർവിഭജനത്തിന് ശേഷമിങ്ങോട്ട് നോക്കിയാൽ, 2011ലും 16ലും 21ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എറണാകുളം ജില്ല സി.പി.എമ്മിനെ കാര്യമായി തുണച്ചിട്ടില്ല.

മദ്ധ്യകേരളത്തിലെ ക്രൈസ്തവസ്വാധീനം പ്രകടമായി കാണുന്ന ജില്ലയെന്ന പ്രത്യേകത എറണാകുളത്തിനുണ്ട്. അത് തൃശൂരിനും കോട്ടയത്തിനും ഇടുക്കിക്കുമുണ്ട്. എന്നാൽ, തൃശൂർജില്ല സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയാണ്. കേരള കോൺഗ്രസ്-എമ്മിന്റെ മുന്നണിപ്രവേശനത്തോടെ കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കാനായി. എന്നാൽ എറണാകുളം ജില്ല അങ്ങനെയല്ല.

അതിന് സി.പി.എം കാണുന്ന പ്രധാനപ്രശ്നം പലതരത്തിലുള്ള ധനമൂലധന ശക്തികളുടെ കേന്ദ്രീകരണം വലിയ തോതിൽ നടക്കുന്ന മേഖല എന്നതാണ്. ആ ജില്ലയിലിപ്പോഴും യു.ഡി.എഫിന് മേൽക്കൈ ലഭിക്കുന്നത് പല കാരണങ്ങളാലാണെന്നാണ് സി.പി.എം വിലയിരുത്തൽ. അവിടെ ഇടത്തരം- മദ്ധ്യവർഗവിഭാഗം കൂടുതലാണ് . നഗരമേഖലയിലുള്ളവരുടെയും എണ്ണം കൂടുതലാണ്. സമ്പന്നവർഗം അവിടെ വളർന്നുവരുന്നു. നാട്ടിൻപുറത്തും ധനികവർഗം വളർന്നുവന്നിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായി വലതുപക്ഷ ആശയപ്രചാരണം ശക്തമായി നടക്കുന്ന ജില്ലയാണ് എറണാകുളമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഈ ലേഖകനോട് പറഞ്ഞത്. അതിനെക്കൂടി നേരിട്ടുകൊണ്ട് പ്രവർത്തിക്കത്തക്ക വിധത്തിലുള്ള പരിപാടികൾ ആവിഷ്കരിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. പാർട്ടിയുടെ ബഹുജനസ്വാധീനം വിപുലീകരിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കും. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിൽ അവരുടെ സ്വാധീനത്തിന് വിള്ളലുണ്ടാക്കാൻ സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. ലീഗിൽ നിന്നും കോൺഗ്രസിൽ നിന്നുമെല്ലാമുള്ള വിമതരെ വലിയ തോതിൽ അടർത്തിയെടുത്ത് സ്വതന്ത്ര പരിവേഷത്തോടെ മത്സരിപ്പിക്കുക വഴിയാണത്. ഇപ്പോൾ ക്രമേണ പാർട്ടിസ്വാധീനം മേഖലയിൽ മെച്ചപ്പെടുന്നു.

എറണാകുളത്ത് സമ്മേളനം നിശ്ചയിക്കുമ്പോൾ വലിയ തോതിൽ പാർട്ടിയുടെ പ്രചരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയും മേൽപ്പറഞ്ഞ ധനിക- ഇടത്തരം വിഭാഗങ്ങളുടെ താത്‌പര്യങ്ങളെ ആകർഷിക്കാൻ പോന്ന ചില അടവുനയങ്ങൾ ആലോചിക്കുകയുമാകാമെന്ന് സി.പി.എം കാണുന്നു. എറണാകുളത്ത് പാർട്ടി സാന്നിദ്ധ്യം ശക്തിപ്പെടുത്തുക സി.പി.എമ്മിന്റെ വലിയ അജൻഡയാണ്.

പ്രത്യയശാസ്ത്ര

ഭിന്നതയുടെ ഭാരമില്ല

മുൻപുണ്ടായിരുന്നത് പോലെ പ്രത്യയശാസ്ത്ര ഭിന്നതയുടെ പേരിലുള്ള വിഭാഗീയതയുടെ കടുത്ത അന്തരീക്ഷം ഇപ്പോൾ സി.പി.എമ്മിൽ മാഞ്ഞുപോയി. പ്രത്യയശാസ്ത്ര ശാഠ്യത്തിന്റെ ഭാരം പോലും പാർട്ടി പേറാനാഗ്രഹിക്കുന്നില്ലെന്നാണ് രണ്ടാം തുടർഭരണം കൂടിയായപ്പോൾ തോന്നിപ്പോകുന്നത്. കെ-റെയിൽ പോലെ വൻകിട വികസനപദ്ധതികൾക്ക് പിന്നാലെ പോകുന്ന സി.പി.എം, ചൈനീസ് പാർട്ടിയെപ്പോലെ സമ്പൂർണപരിഷ്കരണവാദത്തെ പുൽകുന്നു. കേരളത്തിന്റെ സാമൂഹ്യ, പാരിസ്ഥിതികാന്തരീക്ഷത്തിൽ ഇതിന് ഏത് പരിധിവരെ പോകാമെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. അത്തരം ചോദ്യങ്ങളെ സി.പി.എം എങ്ങനെയാകും നേരിടുകയെന്നതും പ്രധാനമാണ്.

വി.എസ് ഇല്ലാത്ത

സമ്മേളനകാലം

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിയൊരുക്കി ദേശീയകൗൺസിലിൽ നിന്നിറങ്ങിവന്ന 32 പേരിൽ ഇന്ന് ജീവിച്ചിരിപ്പുള്ള ഒരേയൊരാളാണ് വി.എസ്. അച്യുതാനന്ദൻ. സി.പി.എം രൂപീകരണശേഷം ഇന്നേവരെ വി.എസിന്റെ സാന്നിദ്ധ്യമില്ലാത്ത പാർട്ടി സംസ്ഥാന സമ്മേളനമോ പാർട്ടി കോൺഗ്രസോ ഉണ്ടായിട്ടില്ല. ഏതാണ്ട്, രണ്ടായിരത്തിന്റെ തുടക്കം വരെ സി.പി.എം കേരളഘടകത്തിൽ നിർണായകസ്വാധീനം ചെലുത്തിയ ശാക്തികചേരിക്ക് നേതൃത്വം കൊടുത്തത് വി.എസും കൂടിയാണ്. 1991-96 ൽ പ്രതിപക്ഷനേതാവായ വി.എസ്, 96 ൽ പക്ഷേ സ്വന്തം തട്ടകമായ ആലപ്പുഴയിലെ മാരാരിക്കുളത്ത് അട്ടിമറി തോൽവിയേറ്റു വാങ്ങിയത് പാർട്ടി ചരിത്രത്തിൽ നിർണായകമായി. ഇടതുമുന്നണി അധികാരത്തിലേറുമ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കല്പിക്കപ്പെട്ട നേതാവായിരുന്നു അക്കുറി വി.എസ്. വി.എസിന് കാലിടറിയപ്പോൾ പാർട്ടി അധികാരം നേടി. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി.

പാർട്ടിയിൽ സി.ഐ.ടി.യു പക്ഷത്തിന്റെ കാലുവാരൽ സംശയിച്ച വി.എസ് തൊട്ടുപിന്നാലെ 1998 ൽ നടന്ന സി.പി.എം പാലക്കാട് സമ്മേളനത്തിൽ തന്റെ പകപോക്കൽ നടപ്പാക്കി. സി.ഐ.ടി.യു പക്ഷത്തെ വെട്ടിനിരത്തി. എം.എം. ലോറൻസും കെ.എൻ. രവീന്ദ്രനാഥുമടക്കം വെട്ടിനിരത്തലിന് ഇരയായി.

വി.എസ് - പിണറായി -എം.എ.ബേബി എന്നിങ്ങനെയുള്ള ശാക്തികചേരിയാണ് അന്ന് വി.എസ് പക്ഷത്തിന്റെ നീക്കങ്ങൾക്ക് ചുക്കാൻപിടിച്ചത്. ചടയൻ ഗോവിന്ദന്റെ നിര്യാണത്തെത്തുടർന്ന് പാർട്ടി സെക്രട്ടറിയുടെ ചുമതല പിണറായിയുടെ കൈകളിലേക്കെത്തുന്നതും വി.എസിന്റെ പിന്തുണയാലാണ്.

2002 ലെ കണ്ണൂർ സമ്മേളനത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ പുതിയ ശാക്തികബലാബലം ശക്തിപ്പെട്ടു. വി.എസ്- പിണറായി പോര് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞു. സി.ഐ.ടി.യു പക്ഷം നാമാവശേഷമായിക്കഴിഞ്ഞിരുന്നു. എം.പി. പരമേശ്വരൻ ഉയർത്തിവിട്ട നാലാം ലോക സിദ്ധാന്തവും അതിനെതിരെ പു.ക.സ ചേരി ഉയർത്തിയ വിമർശനങ്ങളും പോരിന് പ്രത്യയശാസ്ത്ര മാനം നൽകി. പു.ക.സ നിലകൊണ്ടത് വി.എസിന്റെ യാഥാസ്ഥിതിക ചേരിക്കൊപ്പമാണ്. പിണറായി വിജയൻ പ്രൊഫ.എം.എൻ. വിജയൻ നയിക്കുന്ന പു.ക.സ ചേരിയെ മാനസികമായി പിന്തുണച്ചുനിന്നിരുന്നു. പക്ഷേ പരിഷ്കരണവാദത്തോട് അദ്ദേഹം മുഖം തിരിച്ചില്ല.

പാർട്ടി സംഘടനാശാക്തീകരണത്തിന് ഏതറ്റം വരെയും പോകണമെന്ന നിലപാടുകാരനായി അദ്ദേഹം. തർക്കം മുറുകിനിന്നു. എം.എൻ. വിജയൻ പാഠം മാസികയിലൂടെ ഉയർത്തിവിട്ട വിമർശനങ്ങളെ പാർട്ടിക്ക് അംഗീകരിക്കാനായില്ല. 2005 ലെ മലപ്പുറം സമ്മേളനത്തിന് തൊട്ടുമുമ്പായി അരവും കത്തിയും എന്ന പേരിൽ വിജയൻമാഷ് എഴുതിയ ലേഖനം പാർട്ടി ഔദ്യോഗികചേരിയുടെ പരിഷ്കരണവാദത്തെ തുറന്ന് എതിർക്കുന്നതായി. വി.എസാണ് ശരിയെന്ന് സ്ഥാപിച്ചു. തൊട്ടുപിന്നാലെ കാസർകോട്ട് വച്ച് സ്വന്തം ഗുരുനാഥനായ വിജയൻ മാഷെ പിണറായി രൂക്ഷഭാഷയിൽ തള്ളിപ്പറഞ്ഞു.

മലപ്പുറം സമ്മേളനത്തോടെ വി.എസ് ചേരിയുടെ വീഴ്ച പാർട്ടിയിൽ ആരംഭിച്ചു. 2006ൽ വി.എസിന് നിയമസഭാ സീറ്റ് നിഷേധിക്കുന്നിടം വരെ കാര്യങ്ങളെത്തി. പിന്നീട് ജനകീയസമരം തെരുവിൽ അരങ്ങേറി. വി.എസിന് മലമ്പുഴയിൽ സീറ്റ് കിട്ടി. നൂറ് സീറ്റുകൾ നേടി ഇടതുമുന്നണി അധികാരത്തിലെത്തി. വി.എസ് നയിച്ചു. പിണറായി പാർട്ടിയുടെ അമരക്കാരനായി. പാർട്ടിയും മുഖ്യമന്ത്രിയും രണ്ട് വഴിക്കായി. പ്രതികരണങ്ങൾ ഒരുവേള അതിരുവിട്ടപ്പോൾ രണ്ടുപേരെയും പോളിറ്റ്ബ്യൂറോയിൽ നിന്ന് തരംതാഴ്ത്തി. അച്ചടക്കം പാലിച്ച് പിണറായി തിരിച്ചുകയറിയെങ്കിലും വി.എസിന് കേന്ദ്രകമ്മിറ്റിയിൽ തന്നെ തുടരേണ്ടി വന്നു.

2008 ലെ കോട്ടയം സമ്മേളനവും 2012ലെ തിരുവനന്തപുരം സമ്മേളനവും വലിയ കുഴപ്പമില്ലാതെയാണ് കടന്നുപോയതെങ്കിലും വിഭാഗീയതയുടെ കനൽ പുകഞ്ഞുകൊണ്ടിരുന്നു. 2015ലെ ആലപ്പുഴ സമ്മേളനത്തോടെ പിണറായി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് ബാറ്റൺ കോടിയേരിയുടെ കൈകളിലെത്തി. ആ സമ്മേളനത്തിൽ വി.എസിന് പ്രതിനിധികളുടെ രൂക്ഷവിമർശനമേൽക്കേണ്ടി വന്നു. സമ്മേളനവേദിയിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി വി.എസ് വീണ്ടും വാർത്ത സൃഷ്ടിച്ചു. വി.എസ് ചേരി പാർട്ടിയിൽ ഏതാണ്ട് നിഷ്പ്രഭമായി. കഴിഞ്ഞ തൃശൂർ സമ്മേളനമെത്തിയപ്പോഴേക്കും ഒരങ്കത്തിന് ബാല്യമില്ലാത്ത വണ്ണം ആ ചേരി ഇല്ലാതായിക്കഴിഞ്ഞിരുന്നു. വി.എസിനെയും പ്രായാധിക്യം അലട്ടിത്തുടങ്ങി. തൃശൂർ സമ്മേളനം പറയത്തക്ക വിഭാഗീയതയില്ലാതെയാണ് കടന്നുപോയത്. ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ പാർട്ടിയുടെ രാഷ്ട്രീയ അടവുനയത്തെ ചൊല്ലി പി.ബിയിലുണ്ടായ ഭിന്നത കോളിളക്കമുണ്ടാക്കി. അത്തവണ സീതാറാം യെച്ചൂരിയെ പിന്തുണച്ച് വി.എസ് നിലപാട് വ്യക്തമാക്കി. സംഭവബഹുലമായ അദ്ധ്യായങ്ങൾ അവസാനിപ്പിച്ച് വി.എസ് ഇന്ന് പരിപൂർണവിശ്രമത്തിലാണ്. അദ്ദേഹമില്ലാത്ത ആദ്യസമ്മേളനം എറണാകുളത്ത് തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ തന്നെയാകും പര്യവസാനിക്കുകയെന്ന് ഉറപ്പാണ്.

തുടർഭരണകാലത്തെ

സമ്മേളനം

ഇടത് തുടർഭരണമുണ്ടായ ശേഷമുള്ള സമ്മേളനം എന്ന പ്രത്യേകത എറണാകുളം സമ്മേളനത്തിനുണ്ട്. എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം പല കോണുകളിൽ വിമർശിക്കപ്പെടുന്നുണ്ടെന്നതും കാണാതിരിക്കാനാവില്ല. പ്രത്യേകിച്ച് ക്രമസമാധാനരംഗം അങ്ങേയറ്റം ഉത്കണ്ഠാജനകമാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവാദം സൃഷ്ടിച്ചത് പൊലീസിന്റെ അമിതാധികാരപ്രയോഗങ്ങളായിരുന്നെങ്കിൽ രണ്ടാം പിണറായി ഭരണകാലത്ത് പൊലീസിന്റെ നിഷ്ക്രിയത്വം വിമർശിക്കപ്പെടുന്നു. നാട്ടിൽ ഗുണ്ടാവിളയാട്ടം സമീപകാലത്തൊന്നുമില്ലാത്ത വിധം ഭീതിജനകമായി നടക്കുന്നു. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെയാണ്, തിരുവനന്തപുരം തമ്പാനൂരിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ കഞ്ചാവ് ലഹരിക്കടിമയായ ഗുണ്ട ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിനുറുക്കി കൊന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിയില്ല. ആലപ്പുഴയിൽ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേർ കൊല്ലപ്പെട്ടത് ഇന്റലിജന്റ്സ് വീഴ്ചയായി ആരോപിക്കപ്പെട്ടു. ഗുണ്ടാത്തലവൻ യുവാവിനെ കൊന്ന് മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുന്നിലെത്തി വെല്ലുവിളിച്ചതും മറ്റൊരു ഗുണ്ടാത്തലവൻ വെട്ടിയെടുത്ത കാലുമായി ഘോഷയാത്ര നടത്തിയതുമെല്ലാം ഭീകരത നിറഞ്ഞ അദ്ധ്യായങ്ങളായി.

ലഹരിവസ്തുക്കളുടെ വർദ്ധിച്ച ഉപഭോഗവും അതുളവാക്കുന്ന ഭീതിജനകമായ അന്തരീക്ഷവുമെല്ലാം ഭരണകൂടത്തിന്റെ ഉത്തരവാദിത്വ നിർവഹണത്തിന് നേരേ ചോദ്യചിഹ്നമുയർത്തുന്നുണ്ട്. സി.പി.എം സംസ്ഥാനസമ്മേളനത്തിലേക്ക് കടക്കുമ്പോൾ അത്തരം വിഷയങ്ങൾ കൂടി അഡ്രസ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ.

"പ്രധാനമായി പാർട്ടി ലക്ഷ്യമിടുന്നത് സി.പി.എമ്മിന്റെ ബഹുജനാടിത്തറ വിപുലീകരിക്കണമെന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ പാർട്ടി സി.പി.എമ്മാണ്. എന്നാൽ കേരളത്തിലെ ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി സി.പി.എം ഇനിയും വളർന്നിട്ടില്ല. ഈ ദൗർബല്യം പരിഹരിക്കാനാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് "- സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നു. ആ ലക്ഷ്യം സാർത്ഥകമാക്കാൻ മേല്പറഞ്ഞ പ്രശ്നങ്ങൾ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.