SignIn
Kerala Kaumudi Online
Thursday, 25 April 2024 6.59 PM IST

കെ പി​ എ സി​ ലളി​ത; മായാത്ത അഭിനയമുദ്ര

kpac-lalitha

യോഗനാദം 2022 മാർച്ച്​ ഒന്ന് ലക്കം എഡി​റ്റോറി​യൽ

...................................

അഭി​നയകലയുടെ അമരത്തി​രുന്ന് മലയാള നാടക-സി​നി​മാ രംഗത്ത് ആറര പതി​റ്റാണ്ട് റാണി​യായി​ വാണ അസാധാരണയായ നടി​യാണ് അരങ്ങൊഴി​ഞ്ഞ കെ.പി.എ.സി​ ലളി​ത. അഭി​നയമേത്, ജീവി​തമേത് എന്ന് മനസി​ലാക്കാനാകാത്ത വി​ധം അയത്ന ലളി​തമായി​രുന്നു ലളി​തയുടെ വിസ്മയകരമായ സി​ദ്ധി​. ജീവിതഗന്ധി​യായ നൂറുകണക്കി​ന് കഥാപാത്രങ്ങളെ അവർ സമ്മാനി​ച്ചു. ജീവി​താനുഭവങ്ങളുടെ തീച്ചൂളയി​ൽ നി​ന്നും ചുറ്റുപാടുകളി​ൽ നി​ന്നും കണ്ട മനുഷ്യഭാവങ്ങൾ അകൃത്രി​മമായി​ അവതരി​പ്പി​ക്കുന്നതി​ലെ മി​കവാണ് ലളി​തയെ മറ്റു നടി​കളി​ൽ നി​ന്ന് വേറി​ട്ടു നി​റുത്തിയത്. സന്തോഷവും സന്താപവും സ്നേഹവും പ്രണയവും ദേഷ്യവും അസൂയയും നർമ്മവും തുടങ്ങി​ എല്ലാ മനുഷ്യവി​കാരങ്ങളെയും അവർ തന്മയത്വത്തോടെ പകർന്നാടി​. ആ കഥാപാത്രങ്ങൾ ഓരോന്നും വേറി​ട്ടവയായി​രുന്നു. അമരത്തി​ലെ ഭാർഗവിയെയും മതി​ലുകളിൽ ശബ്ദസാന്നി​ദ്ധ്യം മാത്രമായി വന്ന നാരായണിയെയും ഗോഡ്ഫാദറിലെ കൊച്ചമ്മിണിയെയും ഗജകേസരിയോഗത്തിലെ മാധവിഅമ്മയെയും എങ്ങനെയാണ് നമുക്ക് മറക്കാനാവുക. മലയാള സി​നി​മയുടെ ബ്ളാക്ക് ആൻഡ് വൈറ്റ് കാലം മുതൽ ഇപ്പോഴത്തെ ഒ.ടി.ടി കാലം വരെ ലളിത അഭിനയരംഗത്ത് സജീവമായിരുന്നു.

കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947ൽ പിറന്ന മഹേശ്വരി അമ്മയാണ് പി​ന്നീട് ലളിതയായി നാടകത്തി​ന്റെയും സിനിമയുടെയും പൂമുഖത്ത് കാമുകിയായും ഭാര്യയായും അമ്മയായും അമ്മൂമ്മയായും അധികാരത്തോടെ കയറിയിരുന്നത്. പതി​നേഴാം വയസി​ൽ 1964ൽ കെ.പി​.എ.സി​യുടെ നാടകങ്ങളി​ലൂടെയാണ് അഭി​നയത്തി​ലേക്ക് കടന്നുവന്നത്.

1969ലെ കൂട്ടുകുടുംബം സിനിമയിൽ സരസ്വതിയെന്ന കഥാപാത്രത്തിലൂടെ കാമറയ്ക്കു മുന്നിലെത്തിയ ലളിതയുടെ വിയോഗത്തിന് ശേഷമാണ് ഒടുവിലത്തെ ചിത്രമായ അമൽനീരദി​ന്റെ ഭീഷ്മപർവം റിലീസാകുന്നത്. അത്രയ്ക്കും അനിവാര്യമായിരുന്നു മലയാള സിനിമയ്ക്ക് ഈ നിരുപമയായ അഭിനേത്രിയെ. അത്രയ്ക്ക് ഇഷ്ടമായിരുന്നു മലയാളികൾക്ക് ആ രൂപവും ശബ്ദവും ഭാവവും. ഭർത്താവ് ഭരതൻ ഒരുക്കിയ അമരത്തിലെ കഥാപാത്രത്തിന് 1991ലും ജയരാജിന്റെ ശാന്തത്തിലെ അഭിനയത്തിന് 2000ലും സഹനടി​ക്കുള്ള ദേശീയ പുരസ്കാരം ലഭി​ച്ചു. നാലുതവണ മി​കച്ച സഹനടി​ക്കുള്ള സംസ്ഥാന പുരസ്കാരവും. നായകനെയും നായികയെയും നിഷ്പ്രഭമാക്കി ഈ സഹനടിയുടെ കഥാപാത്രങ്ങൾ പലപ്പോഴും നമ്മുടെ മനസുകളിൽ ചിരപ്രതിഷ്ഠ നേടി. ചിരിയായി, ചിന്തയായി, വെറുപ്പായി, നീറുന്ന വേദനയായി പിന്തുടർന്നു. ടെലിവിഷൻ സീരിയലുകളിലൂടെ ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളുടെ സ്വീകരണമുറികളിലേക്കും അവർ കടന്നുവന്നപ്പോൾ ആരാധകർ സന്തോഷിച്ചു. തങ്ങളുടെ കുടുംബത്തിലെ ഒരാളെപ്പോലെയാണ് മലയാളികൾ ലളിതയെ കണ്ടതെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല.

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ ഭരതന്റെ ജീവിതപങ്കാളിയായതും നാടകീയമായിരുന്നു. മകൻ സിദ്ധാർത്ഥനും സിനിമാരംഗത്ത് തന്നെയെത്തി.
സിനിമയുടെ വെള്ളിവെളിച്ചത്തിലും സുഖകരമായിരുന്നില്ല അവരുടെ വ്യക്തിജീവിതം. ചെറുപ്പത്തിലെ ദാരിദ്ര്യം, ജീവിക്കാനുളള കഷ്ടപ്പാട്, എട്ട് വർഷത്തെ നാടകാഭിനയം, പിന്നെ സിനിമക്കാലം, ഭരതനൊപ്പമുള്ള സന്തോഷവും സംഘർഷവും നിറഞ്ഞ കുടുംബജീവിതം, ഭരതന്റെ രോഗാവസ്ഥകൾ, മകന്റെ അപകടം, സാമ്പത്തിക പ്രശ്നങ്ങൾ, ജീവിതാന്ത്യത്തിലെ അനാരോഗ്യം അങ്ങനെ മലയാളത്തിലെ പ്രിയങ്കരിയായ നടി പിന്നിട്ട വഴികൾ മുള്ളുകൾ നിറഞ്ഞതായിരുന്നു. അതൊന്നും ഗോപ്യമായി വയ്ക്കാൻ അവർ ശ്രമിച്ചിട്ടില്ല. സത്യസന്ധമായാണ് അവർ ഈ ലോകത്തെ നേരിട്ടതും സംവദിച്ചതും. ആരുടെയും ഇഷ്ടവും അനിഷ്ടവും നോക്കാതെ, ആരെയും വെറുപ്പിക്കാതെ സിനിമാക്കാരുടെ സഹജമായ നാട്യങ്ങളൊന്നുമില്ലാതെ അവർ സംസാരിച്ചു. കുടുംബത്തിൽ നിന്ന് ലഭിച്ച കമ്മ്യൂണിസം തന്നെയാണ് തന്റെ രാഷ്ട്രീയമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. സംഗീതനാടക അക്കാദമി അദ്ധ്യക്ഷയായി ഇടതു സർക്കാർ നിയോഗിച്ചതും ആ രാഷ്ട്രീയത്തിനുള്ള അംഗീകാരമായാണ്.

പുതിയകാലത്തെ സിനിമയിലെ കാരവൻ സംസ്കാരത്തിൽ ജീവിക്കുന്ന നടീനടന്മാർ മാതൃകയാക്കേണ്ട വ്യക്തിത്വം കൂടിയാണ് ലളിത. ആത്മാർത്ഥമായ ഇടപെടലിലൂടെ തന്റെ തലമുറയിലെയും സമകാലിക സിനിമയിലെയും നടീനടന്മാരെയും ടെക്നീഷ്യന്മാരെയും അവർ ഉറ്റവരാക്കി. ഒരു ചിത്രത്തിൽ തലകാണിച്ചാൽ പോലും വലിയ പത്രാസുകാണിച്ച് ദന്തഗോപുരങ്ങളിലേക്ക് പായുന്നവരാണ് ഇപ്പോഴത്തെ സിനിമാക്കാർ. എന്നാൽ അറുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടും സാധാരണക്കാരിൽ സാധാരണക്കാരിയായി ജനങ്ങൾക്കിടയിൽ അവരിലൊരാളായി ജീവിച്ചു. തോപ്പിൽഭാസിയും അരവിന്ദനും അടൂരും ഭരതനും പത്മരാജനും മുതൽ പുതിയ തലമുറയിലെ അമൽ നീരദും റോജിൻ തോമസും വരെ ലളിതയുടെ കഴിവുകൾ കണ്ടെത്തി

തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. മലയാളത്തി​ൽ ഒതുങ്ങിപ്പോയതു മാത്രമാണ് അവരുടെ ദൗർഭാഗ്യം. ലോകഭാഷകളി​ലെ സി​നി​മകളി​ൽ അവസരം ലഭി​ച്ചി​രുന്നെങ്കി​ൽ ലളി​തയുടെ ജീവി​തം മറ്റൊരു ചരി​ത്രമായേനെ. പി.ജെ.ആന്റണി​, കൊട്ടാരക്കര, ഗോപി, തിലകൻ, സുകുമാരി, നെടുമുടി വേണു അങ്ങനെയുള്ള അഭിനേതാക്കളുടെ പ്രൗഢമായ നിരയിലെ കണ്ണിയാണ് ലളിതയും.

സി​നി​മയും നാടകവും ഉള്ളി​ടത്തോളം കാലം ആ മുഖം മറക്കാനാവി​ല്ല. ലളിതയുടെ അനശ്വരമായ കഥാപാത്രങ്ങളിൽ ഒന്നെങ്കിലും നിത്യജീവിതത്തിൽ നമ്മുടെ മുന്നിൽ ഏതെങ്കിലും രൂപത്തിൽ അവതരിക്കാതെ പോകുമെന്നും തോന്നുന്നില്ല. അനുഗ്രഹീതയായ ഒരു അഭിനേത്രിക്ക് ഇതിൽപരം അംഗീകാരം വേറെ കിട്ടാനുണ്ടോ?

മലയാള അഭിനയരംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ, അഭിനയത്തെ സ്വാഭാവികമായ പെരുമാറ്റത്തിലേക്ക് നയിച്ച ഒരു തലമുറയിലെ നിർണായകമായ കണ്ണിയാണ് അറ്റുപോകുന്നത്. അരങ്ങിലും തിരശീലയിലും ആ കുറവ് അത്ര എളുപ്പം മാഞ്ഞുപോകില്ല. പകരം ആർക്കും ആ സ്ഥാനം നികത്താനുമാകില്ല.

കാലപ്രവാഹത്തിൽ അരങ്ങൊഴിയേണ്ടവരാണ് മനുഷ്യരെല്ലാവരും. തങ്ങളെക്കുറിച്ചുള്ള സന്തോഷകരമായ സ്മരണകൾ ഈ ഭൂമിയിൽ അവശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് ധന്യമായ ജീവിതമാകും. ലളിതയെ സംബന്ധിച്ചിടത്തോളം വരുംതലമുറകളുടെ മനസുകളിലും തറഞ്ഞുനി​ൽക്കാൻ പോകുന്ന അനശ്വരമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇവിടെ വിട്ടിട്ടാണ് 74 -ാം വയസി​ൽ അവരുടെ മടക്കം. എന്തുകൊണ്ടും ധന്യമായ, സഫലമായ ജീവിതം. അവർക്ക് ആത്മശാന്തി​ നേരുന്നു. ലളിതയുടെ ഉറ്റവരുടെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KPAC LALITHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.