SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.20 PM IST

കോടതി ഉത്തരവുകൾക്കും മേലെ കൊടിതോരണങ്ങൾ ഉയരുമ്പോൾ...

kodi-1

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയിലെ തെരുവിലും ഫുട്പാത്തുകളിലും നിറഞ്ഞുനിൽക്കുന്ന കൊടിതോരണങ്ങൾ കണ്ട് ഹൈക്കോടതി രോഷത്തിലാണ്. എങ്ങനെ വിമർശിക്കാതിരിക്കും?. സംസ്ഥാനമൊട്ടാകെ ഒരു മാനദണ്ഡവുമില്ലാതെ അനധികൃതമായി കൊടിതോരണങ്ങൾ കെട്ടുന്ന നടപടി എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള കഠിനപ്രയത്നത്തിലായിരുന്നു മാസങ്ങളായി ഹൈക്കോടതി. ഇതിനെ തുരങ്കം വയ്‌ക്കുന്ന നടപടികൾ മൂക്കിന് താഴെ നടക്കുമ്പോൾ എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും. സർക്കാരിനും പാർട്ടിക്കും കൊച്ചി കോർപ്പറേഷനുമെതിരെ വിമർശനശരങ്ങൾ എയ്‌ത കോടതി ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ലെന്ന മുന്നറിയിപ്പാണ് നൽകുന്നത്.

പാർട്ടി നിയമം ലംഘിക്കുമ്പോൾ സർക്കാർ കണ്ണടയ്‌ക്കുകയാണെന്നായിരുന്നു ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. സാധാരണക്കാരുടെ ജീവൻ പന്താടുന്ന തരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചല്ല സമ്മേളനങ്ങൾ നടത്തേണ്ടതെന്ന ഓർമ്മപ്പെടുത്തലും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. നാട്ടിൽ അപരിഷ്‌കൃതമായി രൂപപ്പെട്ട ഒരു വ്യവസ്ഥ മാറ്റിയെഴുതാനായിരുന്നു യഥാർത്ഥത്തിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടപെടൽ. ഇതിന് എല്ലാം രാഷ്‌ട്രീയ പാർട്ടികളും പിന്തുണ നൽകുകയാണ് വേണ്ടത്. എന്നാൽ, ഭരിക്കുന്ന പാർട്ടിതന്നെ പരസ്യമായി വെല്ലുവിളി നടത്തിയപ്പോൾ ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥയെന്ന് കോടതിക്ക് ചോദിക്കേണ്ടിവന്നു.

വാഹനയാത്രികർക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെയും റോഡ് സേഫ്‌ടി അതോറിട്ടിയുടെയും ഉത്തരവുകൾ നിലനിൽക്കുന്നുണ്ട്. ജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചല്ല രാഷ്‌ട്രീയ പാർട്ടികൾ സമ്മേളനം നടത്തേണ്ടത്. എല്ലാ കാര്യങ്ങൾക്കും ഒരു മാനദണ്ഡമുണ്ട്. അത് ആര് പരസ്യമായി ലംഘിച്ചാലും അവർ നിയമനടപടി നേരിടാൻ ബാദ്ധ്യസ്ഥരാണ്. കോടതി ചോദിച്ചതുപോലെ ഹെൽമെറ്റിന്റെയും സീറ്റ് ബൽറ്റിന്റെയും പേരിൽ പാവപ്പെട്ടവരിൽ നിന്ന് സർക്കാർ ആയിരക്കണക്കിന് രൂപ പിഴയീടാക്കുമ്പോൾ ചില കാര്യങ്ങൾ എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും? ചില വിമർശനങ്ങൾ ഉയരുന്നത് തുറന്നു പറഞ്ഞെങ്കിലും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നടപടികളുമായി മുന്നോട്ടു തന്നെയാണെന്ന് കഴിഞ്ഞ ദിവസത്തെ കോടതി നടപടികൾ വ്യക്തമാക്കുന്നു.

ഒരു രാഷ്‌ട്രീയ പാർട്ടിക്ക് എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിൽ. അധികാരമുള്ളവർ സർവശക്തരും മറ്റുള്ളവർ ദുർബലരുമാണെന്ന് ചൂണ്ടിക്കാട്ടുമ്പോൾ തന്നെ മറ്റൊരു പാർട്ടിയുടെ വക്താവായി മുദ്ര കുത്തുന്നുവെന്നുമായിരുന്നു ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. എന്നാൽ, സി.പി.എമ്മിന് കൊടിമരങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും മാർച്ച് അഞ്ചിനകം നീക്കം ചെയ്യുമെന്നുമായിരുന്നു പാർട്ടിയുടെ ഭരണത്തിലുള്ള കൊച്ചി കോർപ്പറേഷന്റെ നിലപാട്. അനുമതി പത്രവും കൊടിതോരണങ്ങൾ നീക്കിയതിന്റെ റിപ്പോർട്ടും നൽകാനായിരുന്നു കോടതി നിർദ്ദേശം. ഇതിനുശേഷം വീണ്ടും ഹർജി പരിഗണിക്കും. കോടതിയുടെ തുടർച്ചയായ ഇടപെടലിനെതിരെയും വിർമശനം ഉയർന്നിട്ടുണ്ട്.

സമ്മേളനമാകുമ്പോൾ കൊടിതോരണങ്ങളൊക്കെ ഉണ്ടാകുമെന്നാണ് ചിലരുടെ പക്ഷം. 'സംസ്ഥാന സമ്മേളനമാകുമ്പോൾ നാടു മുഴുവൻ അലങ്കരിക്കപ്പെടും.. അതിന് ഇത്ര ചന്ദ്രഹാസമിളക്കേണ്ട കാര്യമൊന്നുമില്ല. സമ്മേളനം കഴിയുമ്പോൾ അതൊക്കെ അഴിച്ചു മാറ്റുകയും ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ അപ്പോൾ ആലോചിച്ചാൽ പോരെ. പൊതുജനങ്ങളെ ദിവസേന ബാധിക്കുന്ന ഗൗരവതരമായ മറ്റെന്തെല്ലാം വിഷയങ്ങളുണ്ട് ഇടപെടാൻ'. ഇത്തരം വിമർശനങ്ങളെ കോടതി പരിഗണിക്കുന്ന വിഷയങ്ങളുമായി കൂട്ടി വായിക്കാൻ കഴിയില്ല. കാരണം, പൊതുജനങ്ങൾക്കും വാഹനയാത്രികർക്കും വഴിയിൽ അപകടമുണ്ടാക്കുന്ന കൊടിമരങ്ങളും തോരണങ്ങളും എന്നന്നേക്കുമായി ഒഴിവാക്കാനുള്ള ഒരു ദൗത്യമാണ് കോടതി നിർവഹിക്കുന്നത്. അതിനായി നല്ല മനസോടെ എല്ലാവരും പിന്തുണയ്‌ക്കുകയാണ് വേണ്ടത്. കൊടിയും തോരണവും പാർട്ട‌ി ആസ്ഥാനങ്ങളിലും സമ്മേളന വേദികളിലും പോരെ എന്ന ചിന്തയാണ് ഉയർന്നു വരേണ്ടത്. പൊതുസ്ഥലങ്ങളിലും റോഡിന്റെ വശങ്ങളിലും കൊടികൾ കെട്ടിയേ തീരൂവെന്ന വാശി ഉപേക്ഷിക്കപ്പെടണം. ഇവ മൂലമുണ്ടാകുന്ന അപകടങ്ങൾ കാരണം എത്രയോ പേരാണ് ചലിക്കാൻ പോലും കഴിയാതെ ജീവച്‌ഛവമായി കിടക്കുന്നത്. എത്രയോ കുടുംബങ്ങൾ മുഴുപട്ടിണിയിലായി. ഉറ്റവർക്ക് അപകടമുണ്ടാകുമ്പോൾ പ്രതിഷേധവുമായി രംഗത്തെത്തുന്നവർ ഒന്നോർക്കണം. അപകടക്കെണികൾ ഒഴിവാക്കുന്നത് എല്ലാവർക്കുമായാണ് . അതിനെ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റമായി കാണേണ്ടതില്ല. അനധികൃത കൊടിമരങ്ങൾക്കുപയോഗിച്ച സാധനങ്ങൾ കൊണ്ട് പത്ത് ഫാക്ടറികൾ തുടങ്ങാനാകുമെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി പൊതുനിരത്തിലെ കൊടിമര, തോരണങ്ങൾക്കെതിരെ വടിയെടുത്തത്.

സംസ്ഥാനത്തിന്റെ ഏത് മൂലയിലേക്ക് നോക്കിയാലും പത്തിലധികം കൊടിമരങ്ങൾ കാണാമെന്നത് വസ്‌തുതയാണ്. മിക്കവയും പഞ്ചായത്തിന്റെയോ നഗരസഭകളുടെയോ അനുമതി ഇല്ലാതെ അനധികൃതമായി സ്ഥാപിക്കപ്പെട്ടവയാണ്. മിക്ക സ്ഥാപനങ്ങളുടെ മുന്നിലും സമാനമായ സ്ഥിതിയാണ്. കൊടിമരങ്ങൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല. രാഷ്ട്രീയ കൊലപാതകങ്ങൾ മുതൽ കലാപങ്ങൾക്ക് വരെ വഴിവച്ച ചരിത്രമാണ് കേരളത്തിന്റേത്. കൊടിമരങ്ങൾ സ്ഥാപിക്കുന്നതിൽ കർശന മാനദണ്ഡം കൊണ്ടുവരണമെന്ന കാര്യത്തിൽ തർക്കമില്ല.

പ്രാദേശികമായുണ്ടാകുന്ന ഭൂരിഭാഗം രാഷ്ട്രീയ സംഘട്ടനങ്ങളിലും വില്ലൻ കൊടിമരങ്ങളാണ്. ഇവ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വലിയ പ്രശ്‌നങ്ങളിലേക്ക് പോകുന്നത്. ചിലയിടങ്ങളിൽ സഞ്ചാരസ്വാതന്ത്ര്യത്തെ പോലും ചോദ്യംചെയ്താണ് കൊടിമരങ്ങളുടെ നില്പ്. റോഡരികിൽ സ്ഥാപിച്ച കൊടിമരങ്ങൾ വാഹനാപകടങ്ങൾക്ക് ഇടയാക്കിയ സംഭവങ്ങളും നിരവധിയാണ്. വാഹനങ്ങളുടെ സുഗമമായ യാത്രയെ തടസപ്പെടുത്തുന്ന തരത്തിൽ മിക്കയിടങ്ങളിലും കൊടിമരങ്ങൾ കാണാം. തോന്നുന്ന സ്ഥലങ്ങളിൽ ആരോടും ചോദിക്കാതെ കൊടിമരങ്ങൾ സ്ഥാപിക്കാമെന്ന കാഴ്ചപ്പാടിൽ മാറ്റം വരണം. അതിനായി രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, മതസംഘടനകൾ എന്നിവർ മാറി ചിന്തിക്കണം. തങ്ങൾ അനധികൃതമായി റോഡരികിൽ കൊടിമരങ്ങൾ സ്ഥാപിക്കില്ലെന്ന് സ്വയം തീരുമാനിക്കുകയാണ് വേണ്ടത്. പലപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടികളിലേക്ക് നീങ്ങുമ്പോൾ രാഷ്ട്രീയ പാർട്ടികൾ എതിർപ്പുമായി എത്തും. ഈ രീതിക്കും മാറ്റം വരണം.

സംസ്ഥാനത്തൊട്ടാകെ 42,337 കൊടിമരങ്ങൾ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്, യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരുമെന്ന കാര്യത്തിൽ തർക്കമില്ല. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഗൗരവത്തോടെ കാണണം. അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചവർ അത് തിരിച്ചറിഞ്ഞ് മാറ്റുകയാണ് വേണ്ടത്. ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പിഴയടക്കമുള്ള നടപടികൾ ഉണ്ടെങ്കിലും ആരും സ്വീകരിക്കാറില്ല. സംസ്ഥാന തലത്തിൽ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കൊടിമരങ്ങളും സ്തൂപങ്ങളും സ്ഥാപിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണം.

കോടതി ഈ വിഷയത്തിൽ ഗൗരവമേറിയ ഇടപെടലുകളും നിരീക്ഷണങ്ങളും നടത്തുന്ന സാഹചര്യത്തിൽ കൊച്ചിയിലെ സംഭവങ്ങൾ സി.പി.എമ്മിന് ഒഴിവാക്കാമായിരുന്നു. പാർട്ടി ശക്തമായി പറഞ്ഞാൽ അണികൾ തെറ്റുതിരുത്തുമായിരുന്നു. കൊടിമരങ്ങൾ എന്തു സന്ദേശം നല്കുന്നുവെന്ന ചോദ്യവും പ്രസക്തമാണ്. രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനങ്ങളിൽ കൊടിമരങ്ങൾ ഉയരുന്നത് മനസിലാക്കാം. വലിയ ജംഗ്ഷനുകളിൽ അനുമതി നല്കുന്ന സ്ഥലത്ത് കൊടിമരങ്ങൾ സ്ഥാപിക്കുന്നതിൽ തെറ്റില്ല. അത് ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുമാകരുത്. റോഡരികിൽ കോൺക്രീറ്റിൽ ഉറപ്പിച്ച ഇരുമ്പ് തൂണുകൾ എത്രമാത്രം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അവ സ്ഥാപിക്കുന്നവർ തിരിച്ചറിയണം. നിന്നുതിരിയാൻ ഇടമില്ലാത്ത സ്ഥലങ്ങളിലായിരിക്കും വിവിധ പാർട്ടികളുടെ കൊടിമരങ്ങൾ ഉയർന്നു നില്ക്കുന്നത്. പൊതുവഴികളിലെയും പാതയോരങ്ങളിലെയും അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഭരിക്കുന്ന പാർട്ടി തന്നെ പരസ്യമായി നിയമലംഘനം നടത്തിയിരിക്കുന്നത്. ഉത്തരവുകൾ നടപ്പാകണമെങ്കിൽ ഒരാളുടെ ജീവൻ പൊലിയും വരെ കാത്തുനിൽക്കണമോയെന്ന ഹൈക്കോടതിയുടെ ചോദ്യം ഓരോരുത്തരുടെയും ഹൃദയത്തിൽ കൊള്ളണം. മറുപടിയും നടപടിയും ആത്മാർത്ഥവുമായിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLAG POSTS IN PUBLIC PLACES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.