SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.48 PM IST

ആക്രമണം അവസാനിക്കാൻ അനിവാര്യമായത്

ukraine-refugees-

2022 ഫെബ്രുവരി 24 ന് യുക്രെയിനെതിരെയുണ്ടായ റഷ്യൻ ആക്രമണം അപ്രതീക്ഷിതമല്ലെങ്കിലും ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. ലോകത്തിൽ അന്താരാഷ്ട്ര ബന്ധങ്ങൾ സുസ്ഥിരമായി നിലനില്‌ക്കുന്നത് പരസ്പര വിശ്വാസത്തിലാണ്. ചെറിയ രാജ്യങ്ങൾ സ്വന്തം സുരക്ഷയുടെ ഭാഗമായി വലിയ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതുൾപ്പടെ പല സൈനിക ഉടമ്പടികളും ഉണ്ടാക്കുന്നു. മറ്റേതെങ്കിലും രാഷ്ട്രങ്ങളുമായി പ്രശ്നമുണ്ടാകുന്ന അവസരങ്ങളിൽ ഉടമ്പടികൾ ചെയ്ത രാജ്യങ്ങൾ അവർക്ക് സഹായം നൽകും. ഇങ്ങനെയൊരു ഉടമ്പടി പ്രകാരമാണ് തായ്‌വാൻ അമേരിക്കയുടെ പിൻബലത്തിൽ ചൈനയെ വെല്ലുവിളിച്ചത്. ഇതുപോലൊരു അവസരം മുൻനിറുത്തിയാണ് യുക്രെയിനും റഷ്യയോട് പോരിനു തയ്യാറായത്. എന്നാൽ ആക്രമണം വന്നപ്പോൾ ആ വിശ്വാസം നഷ്ടപ്പെട്ടു.

1991 ഡിസംബറിൽത്തന്നെ റഷ്യൻ സാമ്രാജ്യം പിളർന്നു കഴിഞ്ഞിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന 16 രാജ്യങ്ങളാണ് സ്വതന്ത്രമായി പുറത്തുപോയത്. അതിലൊരു രാജ്യം യുക്രെയിനായിരുന്നു. ഒരേ ഭാഷയും ഒരേ മതവും കൈക്കൊണ്ടിരുന്ന യുക്രെയിൻ പുറത്ത് പോകുമ്പോൾ റഷ്യക്ക് അത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഈ അവസരത്തിൽ റഷ്യൻ സുപ്രീം സോവിയറ്റ് യുക്രെയിനും കൂട്ടത്തിൽ ക്രീമിയയും പുറത്ത് പോയത് തീരെ ശരിയായില്ലെന്ന് അഭിപ്രായപ്പെട്ടു.

റഷ്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അമേരിക്കയോടും അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനോടും മറ്റു യൂറോപ്യൻ രാജ്യങ്ങളോടും റഷ്യ നാറ്റോയിൽ അംഗമാകാൻ സമ്മതം അറിയിച്ചതാണ്. എന്നാൽ ക്ലിന്റൺ സമ്മതിച്ചെങ്കിലും മറ്റു യൂറോപ്യൻ രാജ്യങ്ങൾ അഭിപ്രായപ്പെട്ടത്, റഷ്യയുടെ ശല്യം ഒഴിവാക്കാനാണ് നാറ്റോ രൂപീകരിച്ചതുതന്നെ. അപ്പോൾ റഷ്യയെ അംഗമാക്കുന്നത് എങ്ങനെ അംഗീകരിക്കാൻ സാധിക്കുമെന്നാണ്.

റഷ്യക്ക് അംഗത്വം ലഭിക്കില്ലെന്ന് മനസിലാക്കിയ ശേഷം, റഷ്യയുടെ അടുത്തുള്ള രാജ്യങ്ങൾ (ഈസ്റ്റേൺ യൂറോപ്പ്) നാറ്റോയിൽ അംഗമാകാൻ പാടില്ലെന്നൊരു ആവശ്യം മുന്നോട്ടുവെച്ചു. അമേരിക്കയും ജർമനിയും ഫ്രാൻസും അത് അംഗീകരിച്ചെങ്കിലും ആരും പിന്നീടത് പാലിച്ചില്ല.
മാത്രമല്ല റഷ്യയുടെ തൊട്ടടുത്തുള്ള 20 രാജ്യങ്ങൾ ഈസ്റ്റേൺ യൂണിയൻ വികസിപ്പിച്ച് നാറ്റോയുടെ അംഗമാക്കിയപ്പോൾ അവയിൽ ആറ് രാജ്യങ്ങൾ റഷ്യയുടെ ഭാഗമായിരുന്നു. അപ്പോഴേക്കും പുട്ടിൻ ഇതിനു പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിലെത്തിയിരുന്നു. കഴിഞ്ഞ നാനൂറ് വർഷങ്ങളായി നിലകൊള്ളുന്ന ക്രിമിയ, ബ്ലാക്ക് സീ ക്ക് മുകളിൽ ആധിപത്യമുറപ്പിക്കാൻ റഷ്യയ്‌ക്ക് അത്യന്താപേക്ഷിതമായിരുന്നു. അതിനാൽ 2014 ൽ ആക്രമണം നടത്തി ക്രിമിയയെ അവരുടെ അധീനതയിലാക്കി.

മുൻ യുക്രെയിൻ പ്രസിഡന്റായിരുന്ന വിക്ടർ യനുകോവിച്ച് തികഞ്ഞ റഷ്യൻ അനുഭാവിയായിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ,​ ഇപ്പോഴത്തെ പ്രസിഡന്റ് സെലെൻസ്‌കി അദ്ദേഹത്തെ പരാജയപ്പെടുത്തി. കാരണം നാറ്റോയിൽ അംഗമാകുക എന്നത് അദ്ദേഹത്തിന്റെയും ആവശ്യമായിരുന്നു.

റഷ്യയുടെ പൂർണഉദ്ദേശം മനസിലാക്കാൻ കഴിയില്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്. ഇപ്പോഴത്തെ പ്രസിഡന്റ് സെലെൻസ്‌കിയെ അട്ടിമറിച്ചുകൊണ്ട് റഷ്യൻ അനുഭാവിയായ മറ്റൊരു ഗവൺമെന്റ് വരണം എന്നത്. അമേരിക്കൻ സൈന്യം 2021 ആഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ നിന്നും നടത്തിയ പലായനമാണ് റഷ്യ, യുക്രെയിൻ യുദ്ധമുണ്ടാകാൻ പ്രധാന കാരണം. ആ പലായനം റഷ്യക്ക് യുദ്ധം ചെയ്യാൻ മുതൽക്കൂട്ടായി.

തങ്ങൾ സൂപ്പർ പവറായതുകൊണ്ട് നാറ്റോ അംഗങ്ങളായ മറ്റു രാജ്യങ്ങൾ ഇടപെടില്ലെന്നും, ഫ്രാൻസ്, പോർചുഗൽ, ഓസ്ട്രിയ, ഹംഗറി, സ്വീഡൻ മുതലായ രാജ്യങ്ങളിൽ ഉടൻ വരാൻ പോകുന്ന ഇലക്ഷൻ മുൻനിറുത്തി യുദ്ധത്തിന് മുതിരില്ലെന്നും റഷ്യ കണക്ക് കൂട്ടിയിരുന്നു.

ഇറാഖ്,​ അഫ്ഗാനിസ്ഥാൻ,​ സിറിയ,​ തുടങ്ങിയ രാജ്യങ്ങളിൽ 2001 മുതൽ 2021 വരെയുണ്ടായ യുദ്ധങ്ങളിൽ 20,000 അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ട സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് യുദ്ധത്തിന് സൈനികരെ അയയ്‌ക്കാൻ അമേരിക്ക ഒരുക്കമല്ല. ഈ കാര്യം അമേരിക്കയ്‌ക്ക് യുക്രെയിനോട് തുറന്നു പറയാമായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റുമാരായ ജോർജ് ബുഷ്‌ സീനിയർ, ജോർജ് ബുഷ് ജൂനിയ‍ർ,​ ഡോണാൾഡ് ട്രംപ് എന്നിവർ അമേരിക്കൻ സൈനികർ അന്യരാജ്യങ്ങളിൽ പോയി യുദ്ധം ചെയ്യുന്നതിനോട് യോജിച്ചിരുന്നവരാണ്. എന്നാൽ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ബരാക്ക് ഒബാമ, ജോ ബൈഡൻ എന്നിവർ തങ്ങളുടെ സൈനികർ അന്യരാജ്യങ്ങളിൽ പോയി യുദ്ധം ചെയ്യുന്നതിൽ താത്പര്യം കാണിക്കാത്തവരാണ്.

സെലെൻസ്‌കി ഗവൺമെന്റ്‌നെ അട്ടിമറിച്ചാൽ യുദ്ധം പെട്ടെന്ന് അവസാനിക്കും. കാരണം റഷ്യയും യുക്രെയിനുമൊക്കെ ആണവായുധങ്ങളാൽ ശക്തരാണ്, ആ സാഹചര്യത്തിൽ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കേണ്ടതാണ്. യുക്രെയിനിന്റെ ചെറുത്ത് നിൽപ്പ് തുടർന്നാൽ യുദ്ധം കുറച്ച് മാസം കൂടി തുടർന്നേക്കാം. ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാം ലോക മഹായുദ്ധത്തോട് കൂടി രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്ക് മറ്റു രാജ്യങ്ങൾ പട്ടാളക്കാരെ അയക്കുന്നത് നിറുത്തലാക്കിയിരുന്നു. യുദ്ധസാമഗ്രികൾ നല്കിയാലും അവർക്ക് വേണ്ടി ആരും യുദ്ധം ചെയ്യാൻ സന്നദ്ധരാകില്ല.

ഇന്ത്യ സ്വാതന്ത്രൃലബ്ധിക്ക് ശേഷം നിരവധി യുദ്ധങ്ങളിൽ ഏർപ്പെടുകയുണ്ടായി. 1962 ൽ ചൈനയുമായിട്ടും, 1965, 1971, 1999 (കാർഗിൽ) ഈ വർഷങ്ങളിൽ പാകിസ്താനുമായിട്ടും യുദ്ധമുണ്ടായപ്പോൾ ആരും സഹായത്തിനുണ്ടായിരുന്നില്ല.

റഷ്യയും യുക്രെയിനുമായി ചർച്ച നടന്നു വരികയാണ്. ഒരു കാര്യം വ്യക്തമാണ് റഷ്യയുടെ അധീനതയിലായ യുക്രയിനിന്റെ 30 ശതമാനം പ്രദേശങ്ങളും (ക്രിമിയ, ഡോൺബാസിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളായ ഡോണെട്സ്‌ക് (Donetsk), ലോണെട്സ്‌ക് (Lonetsk) അവരുടെ സ്വാതന്ത്ര്യം നേരത്തെ പ്രഖ്യാപിച്ച സ്ഥിതിക്ക് അവ യുക്രെയിനിന് ലഭിക്കാൻ പോകുന്നില്ല. യുക്രെയിൻ അവയ്‌ക്കായി വാശിപിടിക്കാതെ യാഥാർത്ഥ്യം മനസിലാക്കി, നാറ്റോയിലേക്ക് പോകില്ലെന്ന ഉചിതമായ തീരുമാനം കൈക്കൊണ്ടാൽ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.