SignIn
Kerala Kaumudi Online
Friday, 19 April 2024 9.10 PM IST

മനക്കരുത്തിൽ നിവർ‌ന്നുനിന്ന് മെഡലുകൾ കൊയ്ത് ആദർശ്

adarsh

കൊല്ലം: കാലുകൾ ഉറപ്പിച്ച് നിവർന്ന് നിൽക്കാനാവില്ലെന്ന് വൈദ്യശാസ്ത്രം ഒരിക്കൽ വിധിയെഴുതിയ ആദർശ് മനക്കരുത്ത് നട്ടെല്ലാക്കി പവർ ലിഫ്ടിംഗിലും ബോഡി ബിൽഡിംഗിലും നേടിയത് ഒമ്പത് സ്വർണമെഡലുകൾ. അടുത്ത മാസം കൊൽക്കത്തിൽ നടക്കുന്ന ദേശീയ പാരാ പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് കൊല്ലം ആശ്രാമം വൈദ്യശാല ജംഗ്ഷനിൽ ദിവ്യയിൽ ആദർശ് (23).

നട്ടെല്ലിനും കാലുകൾക്കും ബലക്ഷയം ഉണ്ടാക്കുന്ന സ്‌പൈനാ ബൈഫിഡ എന്ന അപൂർവരോഗവുമായാണ് ആദർശ് ജനിച്ചത്. മാതാവ് സുജയയ്ക്ക് ദുബായിൽ ജോലിയായിരുന്നതിനാൽ അവിടെയായിരുന്നു പ്രസവം. കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ എഴുന്നേറ്റു നടക്കാൻ ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു. പിച്ചവയ്ക്കാറായപ്പോൾ കാലുകൾ വളഞ്ഞു പോയി. മകനുമായി നാട്ടിലെത്തിയ സുജയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്ന് ശസ്ത്രക്രിയകൾക്കും ഫിസിയോതെറാപ്പിക്കും ശേഷം കാലുകൾ ഉറപ്പിക്കാവുന്ന സ്ഥിതിയായി.

സഹപാഠികൾ കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടുമ്പോൾ സങ്കടപ്പെട്ടു നിന്ന ആദർശ് തുടർച്ചയായ വ്യായാമത്തിലൂടെ നടന്നു തുടങ്ങി. പതിന്നാലാം വയസിൽ കാലിന്റെ ചലനശേഷിയും ബലവും കൂട്ടാൻ ജിമ്മിൽ പോയി. ഇവിടെ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് പാരാ ബോഡി ബിൽഡിംഗ്‌ മത്സരവേദിയിൽ എത്തിച്ചത്.

2015ലെ മിസ്റ്റർ കൊല്ലം മത്സരത്തിൽ നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നെങ്കിലും പിന്നീടുള്ള അഞ്ച് വർഷവും ഗോൾഡ് മെഡൽ നേടി. സംസ്ഥാന തലത്തിൽ നാലുതവണയും സ്വർണം നേടി. ഇതിന് ശേഷമാണ് പവർ ലിഫ്ടിംഗിലേക്ക് ചുവട് മാറ്റിയത്. 70 കിലോ കാറ്റഗറിയിൽ ആദ്യ തവണതന്നെ ഗോൾഡ് മെഡൽ സ്വന്തമാക്കി.

കൊല്ലം ഫാത്തിമാ മാതാ കോളേജിൽ നിന്ന് ബിരുദം സമ്പാദിച്ച ആദർശ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കോഴ്സും പാസായി. കൊല്ലത്ത് ബിസിനസ് നടത്തുന്ന ഹാരിഷാണ് പിതാവ്. എം.ബി.എ വിദ്യാർത്ഥി അഭിലാഷ്, പ്ളസ് വൺ വിദ്യാർത്ഥിനി ദിവ്യ എന്നിവരാണ് സഹോദരങ്ങൾ.

""

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് എന്റെ ജീവിതം പ്രചോദനമാകുന്നതിൽ സന്തോഷമുണ്ട്. പവർ ലിഫ്ടിംഗിൽ കൂടുതൽ ശ്രദ്ധിക്കണം. സംശയങ്ങൾ ചോദിച്ചെത്തുന്നവർക്ക് ഓൺ ലൈനിലൂടെ ക്ളാസുകൾ നൽകുന്നുണ്ട്.

ആദർശ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARA POWER LIFTING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.