SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.26 AM IST

പ്രാസംഗികരേ, ഇതിലേ ഇതിലേ

illustration

മകൻ പഠിക്കുന്ന കോളേജിലെ ലേഡി പ്രിൻസിപ്പലിന് ഒരു ചെറിയ എഴുത്തുകാരനെന്ന നിലയിൽ എന്നെ വലിയ കാര്യമാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് അവർ എന്നെ ടെലിഫോണിൽ വിളിച്ചു.

''സാർ, ഹസ്‌ബൻഡ് വർക്ക് ചെയ്യുന്ന കോളേജിലെ ആർട്സ് ക്ളബ് ഡേ, സാർ ഉദ്ഘാടനം ചെയ്താൽ കൊള്ളാം. വരാമെന്നേറ്റിരുന്ന ആൾ ഇന്ന് അറിയിച്ചിരിക്കുന്നു, അസൗകര്യമാണെന്ന്. ഹസ്‌ബൻഡ് ആണ് ആർട്സ് ക്ളബിന്റെ ചാർജ്. നാളെയാണ് പരിപാടി. ഒന്നു സഹായിച്ചാൽ കൊള്ളാം."

''മാഡം, ഞാൻ...."

''സാർ ഒന്നും പറയേണ്ട. നാളെ വൈകിട്ട് അഞ്ച് മണിക്ക് വീട്ടിൽ കാർ വരും. റെഡിയായി നിന്നാൽ മതി."

ഞാൻ ധർമ്മസങ്കടത്തിലായി. ഉദ്ഘാടകനായി പോകുന്നത് ആദ്യമായാണ്. പ്രിൻസിപ്പലിനെ പിണക്കുന്നത് മകന്റെ ഭാവിക്കും ദോഷമാകും.

വിവരം ഭാര്യയോട് പറഞ്ഞു.

''സമ്മാനദാനം ഉണ്ടോ ചേട്ടാ? എങ്കിൽ ഞാനും വരാം."

ഒന്നും മിണ്ടാതെ റൂമിൽ കയറി ഞാൻ പ്രസംഗം തയ്യാറാക്കാൻ തുടങ്ങി. അല്പം കുപ്രസിദ്ധമായ കലാലയമാണ് ! സൂക്ഷിക്കണം...

കൃത്യം അഞ്ച് മണിക്ക് കാർ എത്തി. അതിന് മുന്നേ ഭാര്യ ഒരു നല്ല ജൂബയൊക്കെ എന്നെ അണിയിച്ചു. കോളേജിൽ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും കൂടി എന്നെ സ്വീകരിച്ചിരുത്തി. ചായസത്‌ക്കാരത്തിന് ശേഷം ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ഹാൾ നിറഞ്ഞ് വിദ്യാർത്ഥികളുണ്ട്. കഴിഞ്ഞവർഷം വിരമിച്ച, മലയാളം പ്രൊഫസറും പ്രാസംഗികനായുണ്ട്. അതിനിടയ്ക്ക് മകന്റെ കോളേജ് പ്രിൻസിപ്പലിന്റെ ഭർത്താവ്, ദേവദത്ത ബോസ് പരിചയപ്പെട്ടു. അദ്ദേഹമാണ് വൈസ് പ്രിൻസിപ്പൽ.

യോഗം ആരംഭിച്ചു.

''അഖിലാണ്ഡമണ്ഡലം" രണ്ട് പെൺകുട്ടികൾ തെറ്റിച്ചുപാടി പ്രാർത്ഥന നിർവഹിച്ചു. പ്രിൻസിപ്പൽ സ്വാഗതപ്രസംഗം തുടങ്ങി.

''കവിതയ്ക്ക് പുതുജീവൻ നൽകിയ മഹദ് വ്യക്തിയാണ് നമ്മുടെ ഉദ്ഘാടകൻ. ഒരു വ്യത്യസ്ത പാതയിലൂടെ മലയാള കവിതയെ നയിച്ച ബാലചന്ദ്രൻ സാർ യുവാക്കളുടെ ഹരമാണ്!"

ഞാൻ കഥകളാണല്ലോ എഴുതുന്നത്. സാരമില്ല കവിതയും എഴുതുമെന്ന് ഇരിക്കട്ടെ. ഞാൻ ഞെളിഞ്ഞിരുന്നു.

പ്രിൻസിപ്പൽ കത്തിക്കയറുകയാണ്.

''നമ്മുടെ ആശകളും നിരാശകളും മോഹഭംഗങ്ങളും ഉറക്കെപ്പാടി, നമ്മളെ ആനന്ദസാഗരത്തിൽ ആറാടിപ്പിച്ചുകൊണ്ടിരിക്കുന്ന ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടിനെ നിങ്ങളുടെ എല്ലാപേരുടെയും പേരിൽ ഞാൻ സ്വാഗതം ചെയ്യുന്നു!"

സർപ്പത്തെ ചവിട്ടിയപോലെ ഞാൻ ഞെട്ടിത്തെറിച്ചു!

അയ്യോ! ആളു തെറ്റിയാണല്ലോ ഇദ്ദേഹം എന്നെ പ്രശംസിക്കുന്നത്?

ഈ വൈതരണി എങ്ങനെ കടക്കും? ഞാൻ സ്റ്റേജിലിരുന്ന് വിയർത്തു!!

മുന്നിലിരുന്ന കുറെ മുതിർന്നവർ പൊട്ടിച്ചിരിക്കുന്നു!!

വിദ്യാർത്ഥി സംഘട്ടനങ്ങൾക്ക് പേരുകേട്ട കോളേജാണ്. മറുപക്ഷം വിദ്യാർത്ഥി നേതാക്കൾ യോഗം കലക്കാൻ കാത്തുനില്ക്കുകയായിരിക്കും?

അതിനിടയ്ക്കു ഒരു യുവസുന്ദരി ഒരു ബൊക്കെ എന്റെ കൈയിൽ പിടിപ്പിച്ചു. പത്തി വിടർത്തിയ മൂർഖനെ വാങ്ങുംപോലെ, ഞാനത് വാങ്ങിയതും പിറകിൽ നീണ്ട കൂവൽ കേട്ടു.

കുറച്ചു വിദ്യാർത്ഥികൾ പെട്ടെന്ന് സദസിൽ ചാടിയെണീറ്റ് മുദ്രാ‌വാക്യം വിളി തുടങ്ങി.

''ചുള്ളിക്കാടിന്റെ ഡ്യൂപ്പിറക്കിയ പ്രിൻസിപ്പൽ രാജിവയ്ക്കുക!

ഡ്യൂപ്പിനെ ഞങ്ങൾ കറിവയ്ക്കും!!

ഡ്യൂപ്ളിക്കേറ്റ് ഗോ ബാക്ക്!!

പ്രസംഗം നിറുത്തിയ പ്രിൻസിപ്പൽ, എന്നെ നോക്കി പതറിനില്ക്കുന്നു!

വൈസ് പ്രിൻസിപ്പൽ ഓടി എന്റെ അടുക്കലെത്തി ചോദിച്ചു.

''സാറപ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാടല്ലേ."

''അല്ല സാർ, ഞാൻ ബാലചന്ദ്രൻ തൈക്കാടാണ്."

''സാറേ ഒരബദ്ധം പറ്റിയതാ!

വൈഫ് ബാലചന്ദ്രൻ ചുള്ളിക്കാടെന്നാ എന്നോട് പറഞ്ഞത്.

''ഇനി ഇപ്പോളെന്ത് ചെയ്യാൻ?

ഞാൻ ചോദിച്ചു.

''സാർ എണീറ്റാട്ടെ. ഉടൻ ഇവിടം വിട്ട് പോയില്ലെങ്കിൽ ആ ധിക്കാരികൾ സാറിനെ പിടിച്ചുകെട്ടി ഇടും.''

വിദ്യാർത്ഥികൾ സ്റ്റേജിലേക്കു ജാഥയായി വരുന്നത് കണ്ട് ചാടിയെണീറ്റ ഞാൻ വൈസ് പ്രിൻസിപ്പലിനോടൊപ്പം സ്റ്റേജിന്റെ പിന്നിലേക്കോടി!

പിറകിലുള്ള ചെറിയ മതിൽക്കെട്ട് ചാടാൻ അദ്ദേഹം എന്നെ സഹായിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRASAMGIKAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.