SignIn
Kerala Kaumudi Online
Friday, 29 March 2024 5.15 PM IST

ഇനിയും കരയാൻ ഇടവരുത്തരുത്

photo

റഷ്യൻ ആക്രമണത്തെത്തുടർന്ന് യുക്രെയിനിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ ഗംഗ പദ്ധതി പുരോഗമിക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച അപ്രതീക്ഷിതമായി നാലാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത്. കർണാടകയിലെ കാവേരി ജില്ലക്കാരനായ നവീൻ രാവിലെ ഭക്ഷണം വാങ്ങാൻ കടയ്ക്കു മുമ്പിൽ ക്യൂ നിൽക്കവേയാണ് റഷ്യൻ മിസൈലാക്രമണത്തിനിരയായത്. ഖാർകീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ നവീന്റെ ആകസ്മിക മരണം ഇന്ത്യയിലാകെ ഞെട്ടലും അതീവദുഃഖവും സൃഷ്ടിച്ച വാർത്തയാണ്.

മൂന്നോ നാലോ ദിവസം കൊണ്ട് അവസാനിക്കുമെന്ന് കരുതപ്പെട്ടിരുന്ന യുദ്ധം യുക്രെയിന്റെ കടുത്ത ചെറുത്തുനിൽപ്പു കാരണം നീണ്ടുപോവുകയാണ്. ഏതു നിലയിലും തങ്ങളെ അപേക്ഷിച്ച് അങ്ങേയറ്റം ബലഹീനരായ യുക്രെയിനെ കീഴടക്കാൻ ക്ഷിപ്രസാദ്ധ്യമാണെന്ന മട്ടിലാണ് റഷ്യ യുദ്ധത്തിനു തുടക്കം കുറിച്ചത്. എന്നാൽ സാഹചര്യങ്ങൾ മാറി ചിന്തിപ്പിക്കാൻ റഷ്യയ്ക്കുമേൽ കടുത്ത സമ്മർദ്ദം ചെലുത്തും വിധമാണ് കാര്യങ്ങളുടെ പോക്ക്. തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള നഗരങ്ങളെ പൂർണമായും നിയന്ത്രണത്തിലാക്കാൻ അവർക്കു ഇനിയും സാധിച്ചിട്ടില്ല. പ്രധാനമായും ആകാശാക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച റഷ്യ കരസേനയുടെ വൻ വ്യൂഹങ്ങളുമായി കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണിപ്പോൾ. യുദ്ധസ്ഥിതി അതിഭീകരമാകാൻ പോകുന്നതിന്റെ സൂചനയാണത്.

യുദ്ധമുഖം കൂടുതൽ കൂടുതൽ കറുത്തുകൊണ്ടിരിക്കെ വിവിധയിടങ്ങളിൽ രക്ഷാമാർഗം തേടി ഭീതിയോടെ ദിനരാത്രങ്ങൾ തള്ളിനീക്കുന്ന വിദ്യാർത്ഥികൾ ഇന്ത്യയ്ക്കാകെ കടുത്ത ഉത്‌ക്കണ്ഠയാണ് പകരുന്നത്. ഇന്ത്യൻ എംബസിയുടെ മാർഗനിർദ്ദേശപ്രകാരം കീവിലുണ്ടായിരുന്ന ഏതാണ്ട് മുഴുവൻ വിദ്യാർത്ഥികളും വല്ല വിധേനയും അവിടെനിന്നു പുറത്തു കടന്നിട്ടുണ്ടെന്നാണു സൂചനകൾ. മറ്റു നഗരങ്ങളിലുള്ള കുട്ടികളും അതിർത്തികടന്ന് സുരക്ഷിത രാജ്യങ്ങളിലെത്താനുള്ള ശ്രമത്തിലാണ്. എന്നാൽ റഷ്യൻ അതിർത്തിയിൽ നിന്ന് അകലത്തല്ലാത്ത ഇടങ്ങളിൽ പെട്ടുപോയവർ ഏറെ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു എന്നാണു വാർത്ത. റഷ്യൻ സേനാവ്യൂഹങ്ങളെ മറികടന്നുവേണം ഇവർക്ക് സുരക്ഷിത താവളങ്ങളിലെത്താൻ. യുക്രെയിൻ ഭടന്മാരിൽ നിന്നുള്ള തിക്താനുഭവങ്ങളും നേരിടേണ്ടിവരുന്നുണ്ടെന്ന് പരാതി ഉയരുന്നുണ്ട്. അതിർത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ നാലു മന്ത്രിമാരെ നിയോഗിച്ചത് ഒഴിപ്പിക്കൽ പ്രക്രിയ സുഗമമാക്കാനാണ്. അവർ പൂർണതോതിൽ തങ്ങളുടെ ദൗത്യം തുടങ്ങുമ്പോൾ ഇപ്പോൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കാം. റുമേനിയ, പോളണ്ട്, സ്ളൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലേക്കു കൊണ്ടുവരാൻ യാത്രാവിമാനങ്ങൾക്കു പുറമെ സൈനിക വിമാനങ്ങളും ഇന്ത്യ അയയ്ക്കുന്നുണ്ട്. റഷ്യൻ - യുക്രെയിൻ ഗവൺമെന്റുകളുടെ സഹായ സഹകരണമുണ്ടെങ്കിലേ ഇതു സാദ്ധ്യമാകൂ. നവീനു നേരിട്ടതുപോലുള്ള ദുരന്തം ഇനി ഒരു കുട്ടിക്കും ഉണ്ടാകാതിരിക്കണമെങ്കിൽ ഓരോ ചുവടുവയ്‌പും അതീവ കരുതലോടെ വേണം. എംബസിയുടെ മാർഗനിർദ്ദേശങ്ങളനുസരിച്ചു മാത്രമേ ഇപ്പോഴത്തെ സുരക്ഷിതകേന്ദ്രങ്ങളിൽ നിന്നു പുറത്തുവരാവൂ. ജീവൻ നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ് ഇത്തരം സാഹചര്യങ്ങളിൽ ഏറെ പ്രധാനം.

റഷ്യ ആക്രമണം കൂടുതൽ കടുപ്പിക്കാനുള്ള ഒരുക്കം തുടങ്ങിയ സ്ഥിതിക്ക് ഞെട്ടിക്കുന്ന പലതും ഇനി കാണേണ്ടിവരുമെന്നു തീർച്ച. അതിനുമുമ്പ് വിദ്യാർത്ഥികളെ മുഴുവൻ യുക്രെയിനിൽ നിന്നു സുരക്ഷിതരായി പുറത്തുകൊണ്ടുവരിക എന്ന വലിയ വെല്ലുവിളിയാണ് കേന്ദ്ര സർക്കാരിനു മുന്നിലുള്ളത്. തങ്ങളുടെ അരുമ സന്താനങ്ങളെ ഓർത്ത് ഉൗണും ഉറക്കവും വെടിഞ്ഞു കാത്തിരിക്കുന്ന മാതാപിതാക്കൾ കരയാൻ ഇടവരുത്തരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN STUDENTS IN UKRAINE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.