തിരുവനന്തപുരം: തലസ്ഥാനത്ത് ശ്രീലങ്കൻ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. മലൂക്ക് ജൂത്ത് മിൽക്കൻ ഡയസ് എന്നയാളെയാണ് ഇന്നലെ വൈകിട്ട് ആറോടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്ടെർമിനലിൽ നിന്നും തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. 35 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ കൈവശം തിരിച്ചറിയൽ രേഖകളോ യാത്രാരേഖകളോയില്ലെന്ന് പൊലീസ് പറഞ്ഞു.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തിച്ച പ്രതിയെ ഐ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ സിംഹളഭാഷ ചോദ്യം ചെയ്യലിന് തടസം സൃഷ്ടിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂവെന്ന് പൊലീസ് പറഞ്ഞു.നാഗർകോവിലിൽ നിന്നും വർക്കലയിലേക്കുള്ള ട്രെയിൻ ടിക്കറ്റും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിക്ക് സംസ്ഥാന പൊലീസ് വിവരം കൈമാറിയിട്ടുണ്ട്.