SignIn
Kerala Kaumudi Online
Thursday, 25 April 2024 3.28 PM IST

കാരവനിൽ കുതിക്കാൻ കേരള ടൂറിസം

tourism

ലോകരാജ്യങ്ങളിൽ ഏറെ പ്രചാരം നേടിയ കാരവൻ ടൂറിസത്തിന്റെ സാദ്ധ്യതകൾ പരീക്ഷിക്കാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് അത്രയൊന്നും പരിചിതമല്ലെങ്കിലും മാറിയ സാമൂഹിക സാഹചര്യത്തിൽ വിദേശികളും സ്വദേശികളുമായ അനേകായിരം സഞ്ചാരികളെ ആകർഷിക്കാൻ കാരവൻ ടൂറിസം പദ്ധതിക്ക് കഴിയുമെന്നാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രതീക്ഷ, ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയതും. ഈ മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്ന സംരംഭകർക്ക് കാരവൻ വാങ്ങുന്നതിന് സബ്സിഡി അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നത് കേരളത്തിലെ ടൂറിസം ട്രാക്ക് മാറ്റുന്നതിന്റെ വ്യക്തമായ സൂചനയാണ്. സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ ആരംഭിച്ചു കഴിഞ്ഞു. വാഗമൺ–ഏലപ്പാറ റൂട്ടിൽ നല്ലതണ്ണിയിലാണ് പാർക്ക്. ആദ്യ ഘട്ടത്തിൽ ഒരു കാരവൻ ആണ് ഇവിടെ സജ്ജമാക്കുന്നത്. രണ്ടു കാരവൻ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവിൽ ഇവിടെ തയാറാക്കിയത്. 50 സെന്റ് സ്ഥലത്താണ് വാഗമണ്ണിലെ കാരവൻ പാർക്ക്.

രജിസ്റ്റർ ചെയ്തത് 226 കാരവനുകൾ

കാരവൻ ടൂറിസം പദ്ധതിക്കായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 226 കാരവനുകളാണ്. 85 കാരവൻ പാർക്കുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14ജില്ലകളിലും പാർക്ക് തുടങ്ങാൻ അപേക്ഷ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാരവൻ പാർക്കുകൾ തുടങ്ങുന്നത് ഇടുക്കിയിലാണ്, 18 പാർക്കുകൾ, വയനാട് (16), പാലക്കാട് (14) പാർക്കുകളുമായി തൊട്ടുപിന്നിലുണ്ട്.

കാരവൻ ടൂറിസത്തിനായി രജിസ്റ്റർ ചെയ്തവരിൽ വ്യക്തികളും സൊസൈറ്റികളും ടൂർ ഓപ്പറേറ്റർമാരുമുണ്ട്. കൊച്ചിയിൽ ടൂർ ഏജൻസി കാരവൻ സർവീസ് ആരംഭിച്ചുകഴിഞ്ഞു. രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു തീ‍ർത്ഥാടകരെയും കൊണ്ടു ശബരിമലയിലേക്കായിരുന്നു അവരുടെ സർവീസ്.

പാർക്കുകൾക്ക് അനുമതി നൽകുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. പക്ഷേ, സംസ്ഥാനത്തെ മോട്ടർ വാഹന വകുപ്പിന്റെ പരിശോധനകൾക്ക് ശേഷമാകും കാരവനുകൾ റോഡിലിറങ്ങുക. കാരവൻ നയത്തിന്റെ ഭാഗമായി പുതിയ കാരവൻ വാങ്ങുന്നവർക്കു സബ്സിഡി നൽകുന്നുണ്ട്. പരമാവധി 300 കാരവൻ വരെ സബ്സിഡിയിലൂടെ പ്രോത്സാഹിപ്പിക്കും.

രജിസ്റ്റർ ചെയ്ത് 5 വർഷത്തിനകം ടൂറിസം മേഖലയിൽനിന്നു പിൻവലിച്ചാൽ സബ്സിഡി തിരിച്ചെടുക്കും. പാർക്കുകൾക്കു ചെലവു കുറവായതിനാൽ സബ്സിഡി ഇല്ല. ഓരോ പ്രദേശത്തെയും കാരവനുകളുടെ ടൂറിസം സാദ്ധ്യത പരിശോധിക്കാനും കാരവൻ പാർക്കുകൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി തയാറാക്കാനും ഡി.ടി.പി.സികൾക്ക് ടൂറിസം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കാരവനിൽ നെല്ലറയുടെ

ഭംഗി ആസ്വദിക്കാം

മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സിനിമയുടെ ഇഷ്ട ലൊക്കേഷനായ പാലക്കാടൻ ഗ്രാമീണ മേഖലയിലൂടെ പകൽ മുഴുവൻ കാരവനിൽ ഇരുന്ന് രാജകീയമായി നാടുകാണാം, രാത്രിയിൽ മനോഹരമായ ഇടങ്ങളിൽ രാപാർക്കാം. സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് ജില്ലയിലെ മുതലമട, കൊല്ലങ്കോട് ചാത്തൻപാറ, മലമ്പുഴ കവ, ധോണി, ആനക്കട്ടി തുടങ്ങിയ സ്ഥലങ്ങളിലായി ഏഴ് കാരവൻപാർക്കുകൾ തയ്യാറാക്കിയാണ് സഞ്ചാരികളെ വരവേൽക്കുന്നത്. നാടിന്റെ തനത് രുചി, കല, സംസ്‌കാരം എന്നിവ അറിയുന്നതിനായി വൈവിധ്യമാർന്ന വിഭവങ്ങൾ കാരവൻ ടൂറിസത്തിന്റെ ഭാഗമായി ഒരുക്കും.

സഞ്ചരിക്കുന്ന ആഡംബരമുറിയാണു യഥാർത്ഥത്തിൽ 'കാരവൻ'. സോഫ കം ബെഡ്, ഫ്രിഡ്ജ്, മൈക്രോ വേവ് അവൻ, ഡൈനിംഗ് ടേബിൾ, ടോയ്ലെറ്റ്, എ.സി, ഇന്റർനെറ്റ് കണക്ഷൻ, വീഡിയോ – ഓഡിയോ സൗകര്യം, ചാർജിംഗ് പോയിന്റ്, ജി.പി.എസ് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഇതിനകത്ത് ഇരുന്നാണ് പ്രാദേശിക ടൂറിസം പോയിന്റുകൾ കാണാനായി യാത്ര പോകുക.

കാഴ്ചകൾ ഒളിപ്പിച്ച് കാരവൻ പാർക്ക്

രാത്രിയിൽ വാഹനം നിറുത്തിയിടുന്ന സുരക്ഷിതമായ സ്ഥലങ്ങളാണ് കാരവൻ പാർക്കുകൾ. കുറഞ്ഞതു അഞ്ച് കാരവനുകൾ നിറുത്തിയിടാൻ കഴിയുന്ന അരയേക്കർ ഭൂമിയെങ്കിലും പാർക്കിനു വേണം. പാർക്കുകളിൽ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ താമസസൗകര്യങ്ങളുള്ള മുറികൾക്കൊപ്പം സ്വിമ്മിംഗ് പൂൾ, ആംഫി തിയേറ്റർ, ഉദ്യാനം, കലാപരിപാടികൾ, ക്യാമ്പ് ഫയർ, വൈവിധ്യമാർന്ന രുചികൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാനുള്ള എന്തു സൗകര്യവും സംരംഭകർക്ക് ഒരുക്കാം. ഏറ്റവും മനോഹരങ്ങളായ സ്ഥലങ്ങളാണ് കാരവൻ പാർക്കുകൾക്കായി സംരംഭകർ തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ.എസ്.വി.സിൽബർട്ട് ജോസ് പറഞ്ഞു. പലതും നിലവിൽ റിസോർട്ടുകളായി പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ്.

അട്ടപ്പാടി ആനക്കട്ടിയിൽ മനോഹരമായ കുന്നിൻചെരുവിലാണ് കാരവൻ പാർക്ക് പരിഗണിക്കുന്നത്. കാറ്റാടിപ്പാടങ്ങളുടെ പശ്ചാത്തലത്തിൽ പുൽമേടുകളും അരുവികളും ഇവിടെയുണ്ട്. മുതലമടയിലെ മാന്തോപ്പുകളോട് ചേർന്ന് മൂന്ന് സംരംഭകരാണ് കാരവൻ ടൂറിസത്തിനായി രംഗത്തുള്ളത്. കൊല്ലങ്കോടിനടുത്ത് ഒട്ടേറെ സിനിമകൾക്ക് വേദിയായ ചാത്തൻപാറ മനോഹരമായ കാഴ്ചാനുഭവമാണ്. നിലവിൽ നൂറുകണക്കിനാളുകൾ 'ഡാം സൈഡ് ഡ്രൈവ് ' ആസ്വദിക്കാൻ വരുന്ന കവയിലും കാർഷികമേഖലയായ ധോണിയിലും ഓരോ പാർക്കുകളാണ് അനുമതി തേടിയിട്ടുള്ളത്. സ്വിമ്മിംഗ് പൂളുകൾ, അരുവികൾ, പ്രാദേശിക കലാരൂപങ്ങൾ, നാടൻ ഭക്ഷണവിഭവങ്ങൾ എന്നിവയെല്ലാം പാർക്കിന് സമീപത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARAVAN TOURISM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.