SignIn
Kerala Kaumudi Online
Friday, 19 April 2024 11.14 AM IST

വീണ്ടെടുക്കാം നമ്മുടെ ജീവജാലങ്ങളെ

photo

ജൈവവൈവിദ്ധ്യനഷ്ടം ഭൂമിക്കും മനുഷ്യനും ഒരുപോലെ ഭീഷണിയാണെന്ന തിരിച്ചറിവിൽ നിന്നാണ് അന്താരാഷ്ട്ര തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 1948-ൽ ഐക്യരാഷ്ട്ര സംഘടന പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകൾക്ക് തുടക്കം കുറിച്ചു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചറിന്റെ ചുവപ്പു പട്ടികയിൽ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു. കണക്കുകൾ പ്രകാരം 8400 ൽ അധികം വന്യജീവികളും സസ്യജാലങ്ങളും അതിഗുരുതരമായ വംശനാശഭീഷണി നേരിടുന്നു. 30000ത്തിൽ അധികം സസ്യജീവജാലങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ദശലക്ഷക്കണക്കിന് ആളുകളുടെ പ്രധാന ഉപജീവനമാർഗവും പ്രകൃതിവിഭവങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ അവയുടെ സംഭരണവും വിതരണവും ഏറെ കരുതലോടെ ചെയ്യേണ്ടതാണ്. വന്യജീവികളുടെയും സസ്യജന്തുജാലങ്ങളുടെയും സംരക്ഷണത്തിലൂടെ ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകൾ രൂപീകരിക്കുക എന്ന വിശാല ലക്ഷ്യം കൂടി വന്യജീവി ദിനാഘോഷങ്ങൾക്കുണ്ട്. മനുഷ്യൻ - പ്രകൃതി, കാട് -നാട് തുടങ്ങിയ ദ്വന്ദസങ്കല്പങ്ങൾക്കതീതമായി മനുഷ്യനും മറ്റുജീവജാലങ്ങളും ഒരേ ആവാസവ്യവസ്ഥയുടെ ഭാഗമാണെന്ന തിരിച്ചറിവോടെ മുന്നോട്ടു നീങ്ങിയാൽ മാത്രമേ സുസ്ഥിരമായ ഒരു ഭാവി സാദ്ധ്യമാവുകയുള്ളൂ. പരസ്പരാശ്രയത്വത്തിൽ മാത്രം മുന്നോട്ടു പോകാൻ കഴിയുന്ന ഒരു വ്യവസ്ഥിതിയിൽ, കാണാൻ കഴിയുന്നതും അല്ലാത്തതുമായ ഓരോ കുഞ്ഞുജീവിക്കും പ്രാധാന്യമുണ്ടെന്നും ഭൂമിയുടെയും അതിലെ അനേകം ജീവജാലങ്ങളിൽ ഒന്നുമാത്രമായ മനുഷ്യന്റെയും നിലനില്പിന് അവയുടെ സാന്നിദ്ധ്യവും സക്രിയമായ ഇടപെടലുകളും അനിവാര്യമാണെന്നും ആധുനിക ശാസ്ത്രഗവേഷണ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആത്യന്തികമായി ശക്തമായ ഒരു ആഗോള ജൈവവൈവിദ്ധ്യ ചട്ടക്കൂട് രൂപീകരിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോടെ പ്രവർത്തിക്കാൻ ഓരോ രാഷ്ട്രവും സന്നദ്ധമാവേണ്ട സമയം ആസന്നമായിരിക്കുന്നു.

ലോകമേറെ പ്രതീക്ഷയോടെ കാണുന്ന പാരീസ് ഉടമ്പടിയുടെ ഭാഗമായ ഇന്ത്യ കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാർബൺ പുറംതള്ളലിനെ കുറയ്ക്കുന്നതിനായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുവാനും സൗരോർജ്ജത്തിന്റെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുമായുള്ള പദ്ധതികളെ ജനങ്ങൾ തുറന്ന മനസോടെ സ്വീകരിക്കുന്നത് പ്രതീക്ഷനിർഭരമായ കാഴ്ചയാണ്. ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി കേരളത്തിലെമ്പാടും നടപ്പാക്കുന്ന നീർത്തട വികസന പദ്ധതികളും വനസംരക്ഷണ പരിപാടികളുമെല്ലാം ഏറെ പ്രശംസനീയമാണ്. അനേകം ജീവജാലങ്ങളുടെ ജീവനെടുക്കുന്ന പ്ളാസ്‌റ്റിക്കിന്റെ ഉപഭോഗം നിയമം മൂലം നിയന്ത്രിച്ചതും പുഴകളുടെ പുനരുജ്ജീവന പരിപാടികളും ജൈവകൃഷിയുടെ പ്രോത്സാഹനവുമെല്ലാം വരുംകാലത്തിനായുള്ള കരുതൽ തന്നെ. ഇന്നു തുടങ്ങിവച്ചിരിക്കുന്ന ഈ കരുതലുകൾ ഏറെ മുന്നോട്ടു പോകേണ്ടതുണ്ട് സുസ്ഥിരമായൊരു നാളേക്കായി.

(നിത ജി. നായർ മഹാത്മാഗാന്ധി സർവകലാശാലയിലെ IUCSSREയിൽ ഗവേഷക വിദ്യാർത്ഥിനിയും പ്രൊഫ. സന്ധ്യ ആർ.എസ്. കേരള സർവകലാശാല സോഷ്യോളജി വിഭാഗം അദ്ധ്യാപികയുമാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIODIVERSITY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.