SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.16 PM IST

തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം

photo

ആളുകളെ പറ്റിച്ച് പണം തട്ടാനുള്ള മാർഗങ്ങൾ പലതും അടഞ്ഞതോടെ ഈ കലയിൽ പ്രാവീണ്യം നേടിയവർ പുതുവഴികൾ തേടിക്കൊണ്ടിരിക്കുകയാണ്. സ്‌മാർട്ട് ഫോൺ കൈയിലുണ്ടെങ്കിൽ ആരെയും കബളിപ്പിച്ചു പണം തട്ടാൻ ഇപ്പോൾ എളുപ്പമാണ്. ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്ന് കൂടക്കൂടെ ബാങ്കുകളും പൊലീസും മുന്നറിയിപ്പു നൽകാറുണ്ട്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. അറിവും വിവരവുമൊക്കെ ഉണ്ടെന്നു കരുതുന്നവർ പോലും തട്ടിപ്പുകൾക്ക് ഇരയാകാറുണ്ട്. ഏറ്റവും ഒടുവിൽ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സംസ്ഥാന വൈദ്യുതി ബോർഡ് നിത്യേന ഉപഭോക്താക്കൾക്കു മുന്നറിയിപ്പു നൽകേണ്ട സ്ഥിതിയാണ്. ഫോൺ കെണിയിൽ കുടുങ്ങി പലർക്കും ധനനഷ്ടമുണ്ടായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബോർഡ് ചെയർമാൻ തന്നെ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. വൈദ്യുതി ബില്ലടയ്ക്കുന്നതിൽ കുടിശികയുണ്ടെന്ന് ഉപഭോക്താക്കൾക്ക് വ്യാജസന്ദേശമയച്ച് പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പണം ഉടനെ അടച്ചില്ലെങ്കിൽ കണക്‌ഷൻ വിച്ഛേദിക്കുമെന്ന ഭീഷണിയും ഒപ്പമുണ്ടാകും. ചിലരെങ്കിലും തട്ടിപ്പുസംഘത്തിന്റെ കെണിയിൽ വീണ് തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറും. അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടാൻ അധികസമയം വേണ്ടിവരില്ല. പരാതി വ്യാപകമായതോടെയാണ് ബോർഡ് മുന്നറിയിപ്പുമായി ഉപഭോക്താക്കളുടെ ഫോണിൽ സന്ദേശമയയ്ക്കാൻ തുടങ്ങിയത്.

ഇതിനൊപ്പം തന്നെയാണ് ബാങ്ക് വായ്‌പ തരപ്പെടുത്തിക്കൊടുക്കാമെന്ന ഉറപ്പിൽ വിശ്വസിച്ച് അമളി പിണഞ്ഞവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ടെക്നോപാർക്കിലെ മുൻ ജീവനക്കാരനാണ് ഈ തട്ടിപ്പിന്റെ സൂത്രധാരൻ. മുപ്പതോളം പേരിൽ നിന്ന് കമ്മിഷൻ ഇനത്തിൽ രണ്ടുകോടിയോളം രൂപ തട്ടിയെടുത്തശേഷം ഇയാൾ രാജ്യം വിട്ടതായാണു കേൾക്കുന്നത്. ബാങ്കുകളിൽ നിന്നെടുക്കുന്ന വായ്പത്തുകയിൽ ഏതാനും ഗഡുക്കൾ മാത്രം അടച്ചാൽ മതിയെന്നും ബാക്കി തുക അപ്പാടെ എഴുതിത്തള്ളുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിക്കൊണ്ടിരുന്നത്. എന്നാൽ തിരിച്ചടവു മുടങ്ങിയതോടെ ബാങ്കുകൾ നടപടിയുമായി മുന്നോട്ടുവന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അതിനകം തട്ടിപ്പുവീരൻ സ്ഥലംവിട്ടിരുന്നു. വിവരവും വിദ്യാഭ്യാസവുമുള്ള മാന്യന്മാരാണ് ഈ കബളിപ്പിക്കലിന് ഇരയായതെന്നത് ശ്രദ്ധേയമാണ്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പത്രങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ശ്രദ്ധിച്ചാലറിയാം ഇവിടെ നടക്കുന്ന തട്ടിപ്പുകളുടെ ആഴവും പരപ്പും. എത്ര തിക്താനുഭവങ്ങൾ മുന്നിലുണ്ടെങ്കിലും പലരും എളുപ്പം ചതിക്കുഴികളിൽ വീഴുന്നത് മുൻപിൻ നോക്കാതെ കാര്യങ്ങളെ സമീപിക്കുന്നതുകൊണ്ടാണ്. ഓൺലൈനിലൂടെ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകൾക്ക് കൈയും കണക്കുമില്ല. പല കുടുംബങ്ങളുടെയും അടിത്തറ തന്നെ ഇല്ലാതാക്കിയ ദുരനുഭങ്ങൾ നിരവധിയാണ്. പണം തട്ടിപ്പു മാത്രമല്ല മറ്റനേകം ചതിക്കുഴികൾ കൂടി ഇതിനൊപ്പമുണ്ട്. വിവേകപൂർവം ഫോൺ കൈകാര്യം ചെയ്യുക മാത്രമാണ് പരിഹാരം.

വൈദ്യുതി ബിൽ കുടിശികയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾക്കെതിരെ ബോർഡ് പൊലീസിൽ പരാതി സമർപ്പിച്ചിട്ടുള്ളതിനാൽ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടക്കുമെന്നു കരുതാം. ഇത്തരം തട്ടിപ്പുകൾ കണ്ണിൽപ്പെട്ടാലുടനെ വിവരം പൊതുജനശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്കുണ്ട്. വൈകുന്തോറും കുറച്ചുപേരെങ്കിലും ചതിക്കുഴിയിൽ വീണിട്ടുണ്ടാകും. രാജ്യത്തെ ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സേവനതുറകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയൊക്കെ കൂടക്കൂടെ ഫോണിലൂടെ പൊതുജനങ്ങൾക്ക് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇതൊക്കെയുണ്ടായിട്ടും പലരും കബളിപ്പിക്കപ്പെടുന്നത് മറ്റൊരു കാര്യം. വൈദ്യുതി ബോർഡിന്റെ പേരിൽ വ്യാപക തട്ടിപ്പിനു വലവിരിച്ച സംഘത്തെ കണ്ടെത്തി ശിക്ഷിക്കാൻ കഴിയണം. സമാനമായ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCIAL FRAUD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.