SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.17 AM IST

സി.പി.എമ്മിൽ സ്ഥാനമോഹം കലശൽ, ആൺകോയ്മ

cpm

കൊച്ചി: സ്ത്രീപക്ഷ കേരളമെന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുമ്പോഴും പാർട്ടിക്കകത്ത് ആൺകോയ്മാ മനോഭാവം പ്രകടമാണെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ വനിതാപ്രതിനിധികളുടെ വിമർശനം.

തൃശൂരിനെ പ്രതിനിധീകരിച്ച മന്ത്രി ഡോ.ആർ.ബിന്ദുവും ആലപ്പുഴയെ പ്രതിനിധീകരിച്ച കെ.ജി. രാജേശ്വരിയും ഈ വിമർശനമുയർത്തി. ഒരു സ്ഥാനത്തെത്തിയാൽ അവിടെ കടിച്ചു തൂങ്ങിയിരിക്കാനുള്ള പാർലമെന്ററി വ്യാമോഹം പാർട്ടിയിൽ ശക്തിപ്പെടുന്നത് അവസാനിപ്പിക്കണമെന്ന് മറ്റു ചിലരും വിമർശിച്ചു. സംഘടനാരംഗത്തേക്കാൾ അധികാരസ്ഥാനത്തോടാണ് പലർക്കും താല്പര്യം. പാർട്ടിയിൽ വനിതാപ്രാതിനിദ്ധ്യം ഉയർത്താൻ കൈക്കൊള്ളുന്ന നടപടികൾ സ്വാഗതാർഹമാണെങ്കിലും ചില നേതാക്കളുടെയെങ്കിലും പുരുഷ മേധാവിത്വ പ്രവണതകൾ ദോഷമാകുന്നു. പരാതികളിൽ നീതിപൂർവ്വമായ ഇടപെടലില്ലാത്ത സംഭവങ്ങളുണ്ടാകുന്നു. എസ്.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിൽ ഷൊർണൂർ മുൻ എം.എൽ.എ പി.കെ. ശശിക്കെതിരെയുണ്ടായ അച്ചടക്ക നടപടിയും പിന്നീട് ശശി പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ തിരിച്ചെത്തിതുമടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിമർശനം ശ്രദ്ധേയമാണ്.

സി.പി.ഐക്കെതിരെ

രൂക്ഷ വിമർശനം

സി.പി.ഐക്കെതിരെ ഇടുക്കിയെ പ്രതിനിധീകരിച്ച് സംസാരിച്ചവർ രൂക്ഷവിമർശനമുയർത്തി. റവന്യു വകുപ്പിന്റെ പട്ടയമേളയെ സി.പി.ഐയുടെ പരിപാടിയാക്കുന്നു. സർക്കാരിൽ എന്തെങ്കിലും വിഷയങ്ങളുയരുമ്പോൾ സി.പി.എമ്മിന്റെ തലയിൽ ചാരി സി.പി.ഐ നല്ലപിള്ള ചമയുന്നുവെന്നും ചിലർ കുറ്റപ്പെടുത്തി.

പാർട്ടി കേരള ഘടകത്തെ സംബന്ധിച്ചിടത്തോളം മുഖ്യശത്രു കോൺഗ്രസായിരിക്കെ ഉദ്ഘാടന പ്രസംഗത്തിൽ ജനറൽസെക്രട്ടറി കോൺഗ്രസിനെതിരെ ഒന്നും പറയാതിരുന്നത് ഉചിതമായില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഗ്രൂപ്പിസത്തിന്റെ രക്ഷാകർത്താക്കളായിരുന്നവർ പാലക്കാട് ജില്ലയിൽ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും കരുക്കൾ നീക്കുന്നുവെന്ന് ജില്ലാ സെക്രട്ടറി വിമർശിച്ചു.

അടിസ്ഥാന മേഖലയിൽ

ഇനിയും നിക്ഷേപിക്കണോ?

അടിസ്ഥാന സൗകര്യമേഖലയിൽ കിഫ്ബി വഴി അറുപതിനായിരം കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞിരിക്കെ, ഇനിയും കൂടുതൽ മുതൽമുടക്കണോയെന്ന

ചോദ്യമുയർന്നു . കാൽ നൂറ്റാണ്ട് മുന്നിൽ കണ്ടുള്ള പരിപാടികൾ മുന്നോട്ടുവയ്ക്കുമ്പോൾ പ്രായോഗികതലത്തിൽ അതെത്രത്തോളം പ്രാവർത്തികമാകുമെന്ന സംശയവും ചിലരുയർത്തി. കാർഷിക മേഖലയിലും അനുബന്ധ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ കാര്യത്തിലുമാകണം ഇനി ഊന്നൽ നൽകാൻ. സഹകരണ സ്ഥാപനങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് വികസന കാര്യങ്ങളിൽ ഇടപെടലിന് വഴിയൊരുക്കണം. തിരുവനന്തപുരത്തെ കാട്ടാക്കട മോഡലിൽ മണ്ണ്, ജല സംരക്ഷണ പരിപാടികൾ സംസ്ഥാനമൊട്ടുക്കും നടപ്പാക്കണം. പരിസ്ഥിതി സംരക്ഷണം, ഭൂപ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവയ്ക്ക് പ്രാമുഖ്യമുണ്ടാകണം.

ട്രേഡ് യൂണിയൻ

ഇല്ലാതാവില്ലേ?

ട്രേഡ് യൂണിയൻ സങ്കല്പങ്ങളിൽ തിരുത്തലുണ്ടാകണമെന്നും അനാവശ്യ തൊഴിൽ തർക്കങ്ങളിലേർപ്പെട്ട് നിക്ഷേപ സൗഹൃദാന്തരീക്ഷം തകർക്കരുതെന്നുമുള്ള പ്രവർത്തന റിപ്പോർട്ടിലെ നിർദ്ദേശത്തിലും വിമർശനമുണ്ടായി. ട്രേഡ് യൂണിയൻ തന്നെ ഇല്ലാതാവില്ലേയെന്ന് ചോദ്യമുയർന്നു.

നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് പാർട്ടി നിലപാടെന്നും ഇക്കാര്യം ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളോടുള്ള കോടിയേരിയുടെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.