വള്ളിക്കുന്ന്: വള്ളിക്കുന്ന് മണ്ഡലത്തിലെ വള്ളിക്കുന്ന്,ചേലേമ്പ്ര,മൂന്നിയൂർ,തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഡെസ്റ്റിനേഷൻ ചാലഞ്ച് ടൂറിസം പദ്ധതിക്ക് പഞ്ചായത്ത് തലത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കാൻ പി.അബ്ദുൽ ഹമീദ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ പരിശോധിക്കാനും പദ്ധതി തയാറാക്കാനും പെരുവളളൂർ, പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ അഗ്രോ ടൂറിസം, ഫാം ടൂറിസം, മറ്റു സാധ്യതകൾ പരിശോധിക്കാനും തീരുമാനമായി. പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ, ഉത്തരവാദിത്വ മിഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സാധ്യതാ സ്ഥലങ്ങൾ സന്ദർശിക്കും.തുടർന്ന് വിശദമായ പദ്ധതി രൂപരേഖ തയാറാക്കും. പദ്ധതി നിർവഹണ ചുമതല ടൂറിസം വകുപ്പിനായിരിക്കും. പദ്ധതിയുടെ പ്രഥമിക ഘട്ടമായി ഒരു കോടി രൂപയുടെ പദ്ധതി രൂപരേഖയാണ് തയാറാക്കേണ്ടത്. പദ്ധതിയുടെ 60 ശതമാനം ടൂറിസം വകുപ്പ് വഹിക്കും. 40 ശതമാനം ത്രിതല പഞ്ചായത്ത് പദ്ധതി വിഹിതമായി കണ്ടെത്തണം.
വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തും
പദ്ധതി തയാറാക്കുമ്പോൾ ഗതാഗത യോഗ്യമായ സ്ഥല സൗകര്യം ഉറപ്പ് വരുത്തും. ഉത്തരവാദിത്വ ടൂറിസം മിഷന്റെ സഹകരണത്തോടെ കൂടുതൽ ഹോംസ്റ്റേ സൗകര്യങ്ങൾ വിപുലപ്പെടുത്തും. ബോട്ടിംഗ് സൗകര്യം, പക്ഷികൾ, കണ്ടൽക്കാടുകൾ എന്നിവയെക്കുറിച്ച് പഠിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കും വിദേശ വിദ്യാർഥികൾക്കും മറ്റ് സഞ്ചാരികൾക്കും പണ്ഡിതർക്കും സംവദിക്കാൻ കമ്മ്യൂണിറ്റി പാർക്കും സെമിനാർ ഹാളും നിർമ്മിക്കും. പദ്ധതിക്കായി കണ്ടെത്തുന്ന സ്ഥലങ്ങളുടെ പരിപാലന ചുമതല സംബന്ധിച്ച രേഖകൾ ടൂറിസം വകുപ്പിന് കൈമാറും. ചേലേമ്പ്രയിൽ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക നടപടികളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്. സംരംഭകർക്കായി പരിശീലന പരിപാടി ഉടൻ ആരംഭിക്കും. സംരംഭകരുടെ ഉൽപന്നങ്ങൾ വിൽക്കാനും കലാ സാംസ്കാരിക വേദികളിലെ ആളുകൾക്ക് അവരുടെ കലകൾ വിപണനം ചെയ്യാനും പ്രത്യേകം പോർട്ടലും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |