വീണ്ടും കോരിത്തരിപ്പിച്ച് മമ്മൂട്ടിയും അമൽ നീരദും. മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു എന്നറിഞ്ഞതു മുതൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. പ്രതീക്ഷ വെറുതേയായില്ല, ആരാധകരെ കോരിത്തരിപ്പിച്ചു ഭീഷ്മപർവ്വം. ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കുശേഷമാണ് മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്നത്.
ചിത്രത്തിന്റെ കഥ തന്നെയാണ് വിജയത്തിനുള്ള കാരണം. മമ്മൂട്ടിയുടെ ഒറ്റയാൾ പ്രകടനം എന്നതിലുപരി എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ ഇടംകൊടുത്താണ് അമൽ നീരദും ദേവദത്ത് ഷാജി യും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥയ്ക്ക് പ്രാധാനം നൽകി ഒരു വൈകാരികമായ തലത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മാസും ക്ലാസും കൂടിക്കലർന്ന ഒരു മികച്ച ദൃശ്യാനുഭവമാണ് ഭീഷ്മപർവ്വം. അഞ്ഞൂറ്റി എന്ന വലിയ കുടുംബത്തിലെ കാരണവരായ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അഞ്ഞൂറ്റി എന്ന കുടുംബത്തിന്റെയും മൈക്കിളിന്റെയും ചരിത്രം പറഞ്ഞാണ് സിനിമ ആരംഭിക്കുന്നത്. പ്രായം കൊണ്ട് മൈക്കിൾ കുടുംബത്തിലെ ഏറ്റവും മൂത്ത അംഗമല്ലെങ്കിലും വീട്ടിലെ കാര്യങ്ങൾക്കെല്ലാം തീരുമാനമെടുക്കുന്നത് മൈക്കിളാണ്. എല്ലാവരും സ്നേഹത്തോടെയും ബഹുമാനത്തോടെയും മൈക്കിളപ്പ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. കുടുംബത്തിൽ ഉടലെടുക്കുന്ന അസ്വാരസ്യങ്ങളും കുടുംബത്തെ തകർക്കാൻ പുറത്തുനിന്നുള്ളവരുടെ നീക്കങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സ്റ്റൈലിഷ് മാസ് ലുക്കിലെത്തുന്ന മൈക്കിളിനോട് ആരാധകർക്ക് സ്നേഹത്തോടൊപ്പം പേടിയും ബഹുമാനവും തോന്നും.
എല്ലാവരും ചിത്രത്തിൽ തകർത്തഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. സൗബിൻ ഷാഹിർ അഭിനയിച്ച വൈകാരിക രംഗങ്ങളെല്ലാം മികച്ചതായിരുന്നു. ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു, ശ്രീനാഥ് ഭാസി, ലെന, കോട്ടയം രമേശ്, അബു സലിം, സുദേവ് നായർ തുടങ്ങിയ താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചത്. നെടുമുടി വേണുവിനെയും കെ.പി.എ.സി ലളിതയെയും മമ്മൂട്ടിയേയും ഒരു ഫ്രെയിമിൽ കാണാൻ സാധിച്ചു. അത് വൈകാരികമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു.ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ മികവ് പുലർത്തിയത് പശ്ചാത്തലസംഗീതവും പാട്ടുകളുമാണ്. ചിത്രത്തിലെ പല രംഗങ്ങളെയും മികച്ചതാക്കാൻ സുഷിൻ ശ്യാം എന്ന സംഗീതസംവിധായകന് കഴിഞ്ഞു. ആനന്ദ് സി. ചന്ദ്രന്റെ അതിമനോഹരമായ ഫ്രെയിമുകൾ കൂടി ചേർന്നപ്പോൾ തിയേറ്റർ ഒന്നടങ്കം ആവേശക്കടലായി മാറി. പുതുവർഷത്തിൽ എത്തിയ ആദ്യ മമ്മൂട്ടി ചിത്രം ആരാധകർക്ക് മികച്ച ദൃശ്യവിരുന്ന് തന്നെ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |