SignIn
Kerala Kaumudi Online
Friday, 19 April 2024 4.36 PM IST

ഭീഷണിയായി റഷ്യയുടെ ആണവശക്തി

russia

വാഷിംഗ്ടൺ: യുക്രെയിൻ അധിനിവേശം തുടരുന്നതിനിടെ ലോകരാജ്യങ്ങളെ ഏറ്റവും ഭയപ്പെടുത്തുന്ന വിഷയമാണ് റഷ്യയുടെ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി. അടിയന്തര സാഹചര്യമുണ്ടായാൽ ആണവായുധം പ്രയോഗിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധമുള്ള രാജ്യം റഷ്യയാണെന്നതും ലോകരാജ്യങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. ഒമ്പത് രാജ്യങ്ങളുടെ പക്കലാണ് ആണവായുധങ്ങളുള്ളത്. ഈ രാജ്യങ്ങളിലായി ഏകദേശം 12,700 ആണവ പോർമുനകളാണുള്ളത്. എന്നാൽ, ലോകത്തെ അണവായുധങ്ങളുടെ 90% റഷ്യയുടെയും യു.എസിന്റെയും കൈവശമാണ്. ഇതിൽ 5,977 ആണവായുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്. ആണവ രാഷ്ട്രങ്ങളുടെ ആയുധ ശേഖരം ട്രാക്ക് ചെയ്യുന്ന സ്ഥാപനമായ ദി ഫെഡറേഷൻ ഒഫ് അമേരിക്കൻ സയന്റിസ്റ്റാണ് റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. ഓരോ രാജ്യത്തിന്റെയും കൈവശമുള്ള ആണവായുധങ്ങളുടെ കൃത്യമായ എണ്ണം എന്നത് ദേശീയ രഹസ്യമാണെന്നും പുറത്തുവരുന്ന കണക്കുകളിൽ കൃത്യതയുണ്ടാകില്ലെന്നും എഫ്.എ.എസ് തന്നെ വ്യക്തമാകുന്നു.  റഷ്യ- 5,977

എഫ്.എ.എസിന്റെ കണക്കുകൾ പ്രകാരം 5,977 ആണവായുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്. ഇതിൽ 1,500 എണ്ണം കാലാവധി കഴിഞ്ഞതോ, നശിപ്പിക്കാൻ കാത്തിരിക്കുന്നതോ ആണ്. ശേഷിക്കുന്ന 4,477ൽ 1,588 എണ്ണം തന്ത്രപ്രധാനമായ ആയുധങ്ങളിൽ (812 എണ്ണം ബാലിസ്റ്റിക് മിസൈലുകളിൽ, 576 അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളിൽ 200 എണ്ണം ബോംബർ ബേസുകളിൽ) വിന്യസിച്ചിട്ടുണ്ടെന്ന് എഫ്.എ.എസ് വിശ്വസിക്കുന്നു. 977 തന്ത്രപ്രധാന ആയുധങ്ങളും മറ്റൊരു 1,912 ആയുധങ്ങളും കരുതൽ ശേഖരത്തിലാണ്.

 അമേരിക്ക - 5428

5428 ആണവായുധങ്ങൾ അമേരിക്കയുടെ കൈവശമുണ്ടാകുമെന്നാണ് എഫ്.എ.എസിന്റെ വിലയിരുത്തൽ. ആകെയുള്ള 5428 ആണവ പോർമുനകളിൽ 1800 എണ്ണം തന്ത്രപ്രധാനമായ ആയുധങ്ങളിൽ വിന്യസിച്ചിട്ടുണ്ടാകുമെന്ന് എഫ്.എ.എസ് പറയുന്നു. ഇതിൽ 1,400 എണ്ണം ബാലിസ്റ്റിക് മിസൈലുകളിലും 300 എണ്ണം യു.എസിലെ തന്ത്രപ്രധാനമായ ബോംബർ ബേസുകളിലും 100 എണ്ണം യൂറോപ്പിലെ വ്യോമതാവളങ്ങളിലും വിന്യസിച്ചിട്ടുണ്ട്. 2,000 എണ്ണം സംഭരണത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, കാലാവധി കഴിഞ്ഞ ഏകദേശം 1,720 എണ്ണം ഊർജ്ജ വകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നുവെന്നും അവ നശിപ്പിക്കാൻ കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ.

 ചൈന - 350

റഷ്യയ്ക്കും യു.എസിനും ശേഷം ഏറ്റവുമധികം ആണവായുധ ശേഖരമുള്ളത് ചൈനക്കാണ്. ഏകദേശം 350 ആണവ പോർമുനകൾ ചൈനയ്ക്കുണ്ട്. ഇവയുടെ ഉപയോഗത്തിനായി കരയിൽ നിന്ന് തൊടുക്കാവുന്ന 280 ബാലിസ്റ്റിക് മിസൈലുകളും കടലിൽ നിന്ന് തൊടുക്കാവുന്ന 72 ബാലിസ്റ്റിക് മിസൈലുകളും 20 ന്യൂക്ലിയർ ഗ്രാവിറ്റി ബോംബുകളും ചൈനക്കുണ്ട്. എന്നാൽ, ചൈന അതിവേഗം ആണവായുധ ശേഖരം വർദ്ധിപ്പിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 2027ഓടെ ചൈന ആണവായുധങ്ങളുടെ എണ്ണം 700 ആയും 2030ഓടെ 1,000 ആയും വർദ്ധിപ്പിക്കുമെന്ന്‌ പെന്റഗണിന്റെ 2021ൽ റിപ്പോർട്ടിൽ പറയുന്നു.

 ഫ്രാൻസ് - 290

ആണവായുധങ്ങളുടെ കാര്യത്തിൽ അമേരിക്കയ്ക്കൊപ്പമാണ് ഫ്രാൻസും. ഏകദേശം 300 ആണവായുധങ്ങളുള്ള ഫ്രാൻസിന്റെ ശേഖരം കഴിഞ്ഞ ദശകത്തിൽ നിശ്ചലമായിരുന്നു. അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളിലും എ.എസ്.എം.പി.എ ഡെലിവറി സിസ്റ്റങ്ങളിലുമാണ് ഫ്രാൻസ് ആണവായുധങ്ങൾ വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം. 1991-1992 കാലഘട്ടത്തിൽ ഏകദേശം 540 ആണവായുധങ്ങൾ ഫ്രാൻസിനുണ്ടായിരുന്നു. നിലവിലെ 300 ആണവായുധങ്ങൾ എന്നത് ശീതയുദ്ധകാലത്തെ ഞങ്ങളുടെ പരമാവധി ആയുധങ്ങളുടെ പകുതിയാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി പറഞ്ഞിരുന്നു.

 യു.കെ- 225

ഏകദേശം 225 ആണവായുധങ്ങളാണ് ബ്രിട്ടനുള്ളത്. ഇതിൽ 120 ഓളം എണ്ണം അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളിൽ വിന്യസിക്കുന്നതിന് സജ്ജമാണെന്ന് എഫ്.എ.എസ് പറയുന്നു. ബ്രിട്ടന്റെ ആണവ ശേഖരത്തിന്റെ വലിപ്പം സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിരുന്നില്ലെങ്കിലും ഭാവിയിൽ മൊത്തം ശേഖരം 225ൽ കവിയരുതെന്ന് 2010ൽ അന്നത്തെ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പറഞ്ഞിരുന്നു.

 ഇസ്രയേൽ -90 ഇസ്രയേലിന്റെ ആണവ ശേഖരത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും 75 മുതൽ 400 വരെ ആണവായുധങ്ങൾ അവരുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. എന്നാൽ,ഏറ്റവും വിശ്വസനീയമായ കണക്ക് നൂറിൽ താഴെ എന്നതാണ്. 90 ആണവായുധങ്ങളുണ്ടെന്നാണ് എഫ്.എ.എസിന്റെ റിപ്പോർട്ട്. പക്ഷേ, ഇസ്രയേൽ ഒരിക്കലും ആണവശേഷി പരീക്ഷിക്കുകയോ പരസ്യമായി പ്രഖ്യാപിക്കുകയോ യഥാർത്ഥത്തിൽ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.  ഉത്തര കൊറിയ -20

ആണവായുധ ശേഖരം വികസിപ്പിക്കുന്നതിൽ വൻ പുരോഗതിയാണ് ഉത്തര കൊറിയയ്ക്കുള്ളത്. എന്നാൽ, ദീർഘദൂര ബാലിസ്റ്റിക് മിസൈലിൽ വിന്യസിക്കാവുന്ന പൂർണ പ്രവർത്തന സജ്ജമായ ആണവായുധം വികസിപ്പിക്കാൻ ഉത്തര കൊറിയക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ എഫ്.എ.എസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഉത്തര കൊറിയ ഇതുവരെ ആറ് ആണവപരീക്ഷണങ്ങൾ നടത്തുകയും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 40 മുതൽ 50 വരെ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ ഉത്തരകൊറിയ ഉത്പ്പാദിപ്പിച്ചിരിക്കാമെന്നും ഇതുവഴി 10 മുതൽ 20 വരെ ആയുധങ്ങൾ നിർമ്മിച്ചേക്കാമെന്നുമാണ് അവർ കണക്കാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, RUSSIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.