SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.22 AM IST

വർക്കലയിലെ റോഡുകളിൽ അപകടം പതിവാകുന്നു ചോരചിന്തുന്ന അപകടപാത

വർക്കല: അമിതവേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ വർക്കലയിലെ റോഡുകളെ ചോരക്കളമാക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളാണ് നിരത്തുകളിൽ ഭീതി വിതയ്ക്കുന്നത്. നിയമങ്ങളൊന്നും വകവയ്ക്കാതെയാണ് അഭ്യാസ പ്രകടനങ്ങളുമായി യുവാക്കൾ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നത്. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും കാരണം യുവാക്കളുണ്ടാക്കുന്ന അപകടങ്ങളിൽ മറ്റുവാഹനയാത്രക്കാരും ഇരയാകേണ്ടിവരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളിലായി നാലുപേരുടെ ജീവനാണ് പൊലിഞ്ഞത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വർക്കല മംഗ്ലാവ് മുക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ബൈക്ക് യാത്രക്കാരായ ഇടവ കാപ്പിൽ കണ്ണംമൂട് അമ്മുഭവനിൽ ബൈജു (52), ഇടവ വെൺകുളം കുരുവിള ഉഷസിൽ അനന്തപത്മനാഭൻ (20) എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച വിളബ്ഭാഗം ഷാപ്പുമുക്കിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ വിളബ്ഭാഗം സ്വദേശി നസീർ (60) മരണപ്പെട്ടിരുന്നു. രണ്ടുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച കയറ്റാഫീസ് ജംഗ്ഷനിൽ വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ട്രൈസ്‌കൂട്ടർ തെന്നിമറിഞ്ഞ് കല്ലുമലക്കുന്ന് കാട്ടിൽ വീട്ടിൽ നടരാജൻ (74) മരിച്ചു.

ആദ്യ രണ്ട് അപകടങ്ങൾക്കും കാരണമായത് അമിതവേഗമാണ്. കഴിഞ്ഞ ഒക്ടോബറിൽ പാപനാശം തിരുവമ്പാടി ബീച്ച് റോഡിൽ കാർ മതിലിൽ ഇടിച്ചു മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചിരുന്നു. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്.

അപകടം പതിവ്

കഴിഞ്ഞ അഞ്ചുമാസത്തിനിടെ വർക്കല സ്റ്റേഷൻ പരിധിയിൽ 25ഓളം പേരാണ് വാഹനാപകടങ്ങളിൽ മരിച്ചത്. 30ൽ പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ പലരും ആശുപത്രി ചികിത്സയിലുമാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വിളബ്ഭാഗം ജംഗ്ഷന് സമീപം റോഡിലൂടെ നടന്നുപോയ വർക്കല സ്വദേശിനിയായ വീട്ടമ്മ ശ്യാമളയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് പരിക്കേൽപ്പിച്ചിരുന്നു. കാല് ഒടിഞ്ഞുതൂങ്ങിയ ഇവർ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

**അപകടമേഖലകൾ

വർക്കല ബീച്ച് റോഡ്, ജനാർദനപുരം- കുരയ്ക്കണ്ണി റോഡിലെ കൊട്ടാരം വളവ്, മംഗ്ലാമുക്ക്, ഹെലിപ്പാഡ്, അഴകത്ത് വളവ്, പുന്നമൂട്, റെയിൽവേ സ്റ്റേഷൻ റോഡ്, കണ്ണംമ്പ,ശിവഗിരി റോഡ്, പുത്തൻചന്ത- പ്ലാവഴികം, വർക്കല- താഴേവെട്ടൂർ റോഡുകൾ, നരിക്കല്ലുമുക്ക് തടം ജംഗ്ഷൻ

ട്രാഫിക് നിയമം വേണം

മൈതാനത്ത് നിന്ന് താഴെവെട്ടൂർ ഭാഗത്തേക്കുള്ള റോഡ് തുടങ്ങുന്നിടത്തും ദിവസവും വാഹനാപകടങ്ങൾ പതിവാകുകയാണ്. അപകടസാദ്ധ്യത കൂടിയ വർക്കലയിലെ റോഡുകളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇനിയും നടപടിയില്ല. വർക്കല ക്ഷേത്രം-ബീച്ച് റോഡിൽ തിരക്ക് കണക്കിലെടുത്ത് ട്രാഫിക് നിയമം കർശനമാക്കാനും നടപടികളില്ല. ഒരാഴ്ച മുൻപ് തിരക്കേറിയ ഈ റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. രാത്രി സമയത്ത് ബീച്ചിലെത്തി മടങ്ങുന്ന വാഹനങ്ങൾക്ക് അമിതവേഗതയാണെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

**കഴിഞ്ഞ ഒരു വർഷത്തിനിടെ വർക്കല താലൂക്കിൽ 180ഓളം ചെറുതും വലുതുമായ വാഹനാപകടങ്ങൾ നടന്നതായാണ് കണക്ക്. 73 പേർ അപകടങ്ങളിൽ മരണമടഞ്ഞു

**അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധനയും ഇന്റർ സെപ്റ്റർ സംവിധാനവും വേണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.