മലയാളത്തിലെ മേജർ ചിത്രങ്ങൾ കൂട്ടത്തോടെ പ്രമുഖ ഒ.ടി.ടി പ്ളാറ്റ്ഫോമിലേക്ക്. തിയേറ്ററിൽ മുഴുവൻ സീറ്റിൽ പ്രേക്ഷകരെ അനുവദിച്ചെങ്കിലും നിർമ്മാതാക്കൾക്ക് കൂടുതൽ പ്രിയം ഒ.ടി.ടി എന്നാണ് വിലയിരുത്തൽ.
ആമസോൺ, നെറ്റ്ഫ്ളിക്സ്, ഡിസ്നി ഹോട്സ്റ്റാർ, സോണി ലിവി എന്നീ പ്ളാറ്റ്ഫോമിലേക്ക് ഒരുഡസനിലധികം ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. മോഹൻലാൽ, പൃഥ്വിരാജ് കോമ്പിനേഷനിൽ ഒരുങ്ങിയ ബ്രോ ഡാഡിയാണ് പുതുവർഷത്തിലെ ആദ്യ മേജർ ഒ.ടി.ടി റിലീസ്. ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലളിതം സുന്ദരം ഈ മാസം ഡിസ്നി ഹോട്സ്റ്റാറിൽ റിലീസ് ചെയ്യും. മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിച്ച 'പുഴു" പ്രമുഖ ഒ.ടി.ടി പ്ളാറ്റ് ഫോമിൽ ഉടൻ റിലീസ് ചെയ്യുമെന്ന് വാർത്തകൾ വന്നെങ്കിലും ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണമില്ല.നവാഗതയായ രത്തീന ആണ് പുഴു സംവിധാനം ചെയ്യുന്നത്.
മോഹൻലാൽ -ജീത്തുജോസഫ് ചിത്രം 12th മാൻ, മോഹൻലാൽ- ഷാജി കൈലാസ് ചിത്രം എലോൺ എന്നിവയും ഒ.ടി.ടി റിലീസാണ്. അതേസമയം പുലിമുരുകനു ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന മോൺസ്റ്റർ തിയേറ്റർ റിലീസായാണ് പ്ലാൻ ചെയ്യുന്നത്.
ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്ന സല്യൂട്ട് ഒ.ടി.ടി റിലീസായി എത്തുന്നു. സോണി ലിവിൽ ചിത്രം റിലീസ് ചെയ്യുന്നു എന്നാണ് വിവരം. ആദ്യം ഒ.ടി.ടി റിലീസായും പിന്നീട് തിയേറ്റർ റിലീസായും തീരുമാനിച്ച ചിത്രമാണ് സല്യൂട്ട് .
പുതുവർഷത്തിൽ ആദ്യ ദുൽഖർ ചിത്രമായി ഫെബ്രുവരിയിൽ തിയേറ്ററിൽ എത്തിക്കാനായിരുന്നു തീരുമാനം.എന്നാൽ കോവിഡിനെ തുടർന്ന് തിയേറ്ററർ അടച്ചതിനെ തുടർന്ന് റിലീസ് മാറ്റി വയ്ക്കുകയാണ് ഉണ്ടായത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലെ വേഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമ്മിച്ചത്.പൃഥ്വിരാജ്, ഷാജി കൈലാസ് ചിത്രം കടുവ പ്രമുഖ ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് ചർച്ചകൾ നടന്നിട്ടുണ്ട്. അതേസമയം, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് ചിത്രം ജനഗണമന തിയേറ്റർ റിലീസാണ്.
ഇന്ദ്രജിത്ത്, അനു സിതാര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അനുരാധ ക്രൈം നമ്പർ 59/2019 ഒ.ടി.ടി റിലീസിന് ശ്രമങ്ങൾ നടക്കുന്നതായാണ് വിവരം. അനുസിതാര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം നവാഗതനായ ഷാൻ തുളസീധരനാണ് സംവിധാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |