കൊല്ലം: ഒന്ന് മുതൽ ഒമ്പത് വരെ ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23ന് ആരംഭിച്ച് ഏപ്രിൽ 2ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ, മേയ് മാസങ്ങളിലാണ് മദ്ധ്യവേനൽ അവധി. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. പ്ളസ് ടു പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും പ്ളസ് വൺ, വി.എച്ച്.എസ്.ഇ പരീക്ഷകൾ ജൂൺ 2 മുതൽ 18 വരെയും നടക്കും. വാർഷിക പരീക്ഷയിൽ ലളിതമായ ചോദ്യങ്ങളാവും ഉണ്ടാവുക.
ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി മേയ് 15 മുതൽ ശുചീകരണ പ്രവൃത്തികൾ നടത്തും. ത്രിതല പഞ്ചായത്തുകളും അദ്ധ്യാപക രക്ഷാകർത്തൃ സമിതികളും പങ്കുചേരും. അക്കാഡമിക് കലണ്ടർ മേയിൽ പ്രസിദ്ധീകരിക്കും. അദ്ധ്യാപകർക്ക് മേയിൽ പരിശീലനം നൽകും.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി അധിക ക്ളാസുകൾ നൽകണം. ഇക്കാര്യത്തിൽ ജില്ലാ പഞ്ചായത്തുകൾ ശ്രദ്ധ പുലർത്തണം. പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച സ്കൂളുകൾക്ക് ബഞ്ച്, ഡെസ്ക്, ലാബ് ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കും. വായനയുടെ വസന്തം പദ്ധതിയിൽ 10 കോടി രൂപയുടെ പുസ്തകങ്ങൾ തിരഞ്ഞെടുത്ത സ്കൂളുകളിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |