SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.37 AM IST

ജനനിയിൽ സെഞ്ച്വറി പിന്നിട്ട് കുഞ്ഞുങ്ങൾ,​ വേണം വന്ധ്യതാ ചികിത്സാ കേന്ദ്രം

hospital

മലപ്പുറം: വന്ധ്യത മൂലം കുഞ്ഞിക്കാൽ സ്വപ്നമായിരുന്നവർക്ക് മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയിലെ ചികിത്സയിലൂടെ പിറന്നത് 107 കുഞ്ഞുങ്ങൾ. ആകെ 173 പേർ ഗർഭിണികളായി. ജില്ലയിൽ സർക്കാർ മേഖലയിൽ വന്ധ്യതാ ചികിത്സാ സൗകര്യങ്ങളുടെ കുറവും സ്വകാര്യ മേഖലയിലെ ഭാരിച്ച ചെലവും സാധാരണക്കാർക്ക് മുന്നിൽ തടസ്സം സൃഷ്ടിക്കുമ്പോൾ ഏറെ പ്രതീക്ഷയേകുകയാണ് ജില്ലാ ഹോമിയോ ആശുപത്രിയിലെ ജനനി ക്ലിനിക്കിന്റെ പ്രവ‌‌ർത്തനം.

2014 ഒക്‌ടോബറിലാണ് ഇവിടെ ഏകദിന വന്ധ്യത ക്ലിനിക്ക് ആരംഭിച്ചത്. ചികിത്സയിൽ ഫലപ്രാപ്തി നേടുന്നവരുടെയും കേട്ടറിഞ്ഞ് എത്തുന്നവരുടെയും എണ്ണം കൂടിയതോടെ ജനനി ഇന്ന് ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിക്കുന്ന ഒ.പിയായി മാറിയിട്ടുണ്ട്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് സേവനം ലഭ്യമാവുക. ഒരുദിവസം 15 പേർക്കാണ് പ്രവേശനം. ഇതിൽ തന്നെ രണ്ട് പുതിയ രോഗികളെ മാത്രമാണ് ഉൾപ്പെടുത്തുക. ഐ.വി.എഫ്,​ ഇക്‌സിയടക്കം ചെലവേറിയ ചികിത്സകൾ നടത്തി പ്രതീക്ഷ അസ്തമിച്ചവരാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നവരിൽ ഭൂരിഭാഗവും. പലയിടങ്ങളിലും ചികിത്സ നടത്തി എത്തുന്നവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കുന്നതിനൊപ്പം മാനസിക പിന്തുണ കൂടിയേകിയാണ് ചികിത്സയ്ക്ക് തുടക്കമിടുന്നത്. ഒരുരോഗിയെ ചികിത്സിക്കാൻ തന്നെ ഏറെ സമയമെടുക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയതോടെ രജിസ്റ്റർ ചെയ്തു മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. വന്ധ്യതയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രം തുടങ്ങണമെന്നും കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രപ്പോസൽ സമർപ്പിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഹോമിയോ വകുപ്പ് അധികൃതർ. മുൻകൂർ രജിസ്‌ട്രേഷന് 0483 2731011 വിളിക്കാം.

പിന്തുടരണം വണ്ടൂർ മാതൃക

കാൻസർ ചികിത്സാ രംഗത്തെ കേരളത്തിലെ പ്രധാന കേന്ദ്രമായി വണ്ടൂരിലെ ചേതന കാൻസർ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ മാറിയിട്ടുണ്ട്. ഐ.സി.യു,​ ലാബ്,​ അനുബന്ധ സൗകര്യങ്ങൾ,​ ജീവനക്കാർ എന്നിവയെല്ലാം ചേതനയിലുണ്ട്. പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയകരമായതോടെയാണ് സൗകര്യങ്ങൾ വർദ്ധിപ്പിച്ചത്. ഇതേ മാതൃകയിൽ വന്ധ്യത ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ഒരുക്കണമെന്നാണ് ആവശ്യം. കെട്ടിടം,​ ലാബ്,​ ഡോക്ടർമാർ അടക്കം കൂടുതൽ ജീവനക്കാരെയും അനുവദിക്കുന്നതോടെ ചികിത്സയ്ക്കായി മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതാവും.

ജനനി വന്ന വഴി

സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പ് 2011ൽ മാനസിക സംഘർഷം അനുഭവിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിനായി സ്ത്രീ സാന്ത്വനം ഹോമിയോപ്പതിയിലൂടെ എന്ന ആശയവുമായി ആരംഭിച്ച പദ്ധതിയാണ് സീതാലയം. സ്ത്രീകളുടെ മാനസിക സംഘർഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വന്ധ്യതയാണെന്ന തിരിച്ചറിവിൽ 2012 ആഗസ്റ്റിൽ സീതാലയം പദ്ധതിയുടെ അനുബന്ധ ക്ലിനിക്കായി കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ വന്ധ്യത ക്ലിനിക് ആരംഭിച്ചു. ഇവിടങ്ങളിലെ വിജയം എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ വഴിയൊരുക്കി. 2019ൽ വന്ധ്യതാ ക്ലിനിക്കുകൾ ജനനി ഹോമിയോപ്പതി വന്ധ്യതാ ചികിത്സാ പദ്ധതി എന്ന പേരിൽ നിലവിൽ വന്നു.

സ്നേഹസംഗമം നാളെ

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനനി വന്ധ്യതാ ചികിത്സാ പദ്ധതിയിലൂടെ പിറന്ന കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും സ്നേഹ സംഗമം തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മലപ്പുറം കുന്നുമ്മലിലെ ടൗൺഹാളിൽ നടക്കും. പി. ഉബൈദുള്ള എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും സംഗമത്തോടൊപ്പം കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ എക്സിബിഷൻ ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ‌ഡി.എം.ഒ (ഹോമിയോ)​ ഡോ.അനിൽകുമാർ, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. റാണി,​ ജനനി ക്ലിനിക്കിലെ ഡോ.സർജ്ജാൻ അഹമ്മദ്,​ ഡോ. ഹൈദരലി പങ്കെടുത്തു.​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.