മോസ്കോ: യുക്രെയിൻ സംഘർഷ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷനിലെ (ഐ.ജെ.എഫ് ) എല്ലാ സ്ഥാനങ്ങളിൽ നിന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെയും റഷ്യൻ ബിസിനസുകാരൻ ആർകാഡി റോട്ടൻബർഗിനെയും നീക്കം ചെയ്തു. ജൂഡോ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയിട്ടുള്ള പുട്ടിനെ ഓണററി പ്രസിഡന്റ്, അംബാസഡർ സ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞാഴ്ച ഐ.ജെ.എഫ് സസ്പെൻഡ് ചെയ്തിരുന്നു.
ഐ.ജെ.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന റോട്ടൻബർഗ് 2013 മുതൽ സംഘടനയിലെ ഡെവലപ്മെന്റ് മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു. പുട്ടിനുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ശതകോടീശ്വരനായ റോട്ടൻബർഗ്. വേൾഡ് തയ്ക്വോണ്ടോ ഫെഡറേഷൻ നേരത്തെ പുട്ടിന് നൽകിയിരുന്ന ഓണററി ബ്ലാക്ക് ബെൽറ്റ് തിരിച്ചെടുത്തിരുന്നു. റഷ്യയിലെ കസാനിൽ നടക്കാനിരുന്ന ഗ്രാൻഡ്സ്ലാം ഐ.ജെ.എഫ് റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |