SignIn
Kerala Kaumudi Online
Friday, 19 April 2024 9.17 PM IST

കൊച്ചിയിൽ നിന്ന് മാറിത്തുടങ്ങുന്ന സി.പി.എം

vivadavela

സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും സവിശേഷതയാർന്ന സംസ്ഥാന സമ്മേളനമാണ് ഈ മാസം ഒന്ന് മുതൽ നാല് വരെ കൊച്ചിയിൽ നടന്നത്.

വിഭാഗീയതയുടെ ചെറുകണിക പോലും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച സമ്മേളനം, നേതൃതലത്തിലെ വിഭാഗീയതയെ പൂർണമായും അറുത്തുമാറ്റിയെന്ന് അവകാശപ്പെട്ട് കൊണ്ടാണ് സമാപിച്ചതും. സംസ്ഥാന സമ്മേളനത്തിൽ വച്ചുതന്നെ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചതിനെ അതിന്റെ പ്രതിഫലനമായിട്ടാണ് വീണ്ടും സെക്രട്ടറി സ്ഥാനത്തെത്തിയ കോടിയേരി ബാലകൃഷ്ണൻ വിശേഷിപ്പിച്ചത്.

നാല്പത് വർഷത്തിന് ശേഷമാണ് സമ്മേളനവേദിയിൽ വച്ചുതന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നത്. അത് മാത്രമല്ല, ഈ സംസ്ഥാന സമ്മേളനം ഇതാദ്യമായി പാർട്ടിയെ പുതിയ കാലത്തിനൊത്ത് പരിഷ്കരിക്കാനുതകുന്നൊരു വികസനനയരേഖയും ചർച്ചചെയ്ത് പാസാക്കി. ഒരേ സമ്മേളനത്തിൽ രണ്ട് രേഖകൾ പരിഗണിക്കുന്നതും ചർച്ച ചെയ്യുന്നതും സി.പി.എമ്മിൽ പതിവുള്ളതല്ല. 1986 ൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ രണ്ട് രേഖകൾ വന്നിരുന്നു. അതും കൊച്ചിയിലാണ് എന്നത് കൗതുകകരമാണ്. ആ രേഖ പാർട്ടിയിൽ വിവാദത്തിരമാല തീർത്തതാണ്. മുസ്ലിംലീഗുമായി സഖ്യത്തിന് നിർദ്ദേശിക്കുന്ന ബദൽരേഖ പാർട്ടി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടതിന് അന്നത്തെ സി.പി.എമ്മിലെ ജനകീയ മുഖങ്ങളിലൊന്നായിരുന്ന എം.വി. രാഘവന് പുറത്തേക്കുള്ള വഴിതുറന്നു. എം.വി. രാഘവനാണ് ആ ബദൽരേഖയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് അന്ന് സി.പി.എം വിലയിരുത്തി. പിന്നാലെ എം.വി. രാഘവൻ സി.പി.എമ്മിന്റെ ഏറ്റവും വലിയ ശത്രുവായി. പാപ്പിനിശ്ശേരിയിൽ എം.വി.ആർ ഡയറക്ടറായുള്ള പാമ്പുവളർത്തുകേന്ദ്രം തീയിട്ട് നശിപ്പിക്കപ്പെട്ടു. പാമ്പുകൾ വെന്തുരുകി. എം.വി.ആർ സി.പി.എം വർഗശത്രുവെപ്പോലെ കാണപ്പെട്ടു.

അതൊക്കെ പഴയ കാലം. ഇപ്പോഴും കൊച്ചി സമ്മേളനത്തിൽ രേഖ വന്നു. ബദൽരേഖയാണോ എന്ന് ചോദിച്ചാൽ അല്ലെന്നും ആണെന്നും കരുതുന്നവരുണ്ട്. പക്ഷേ ആരും പറയുന്നില്ല. സി.പി.എം ഇതുവരെ ശീലിച്ചുപോന്ന സമീപനങ്ങളിൽ നിന്ന് കാലോചിതമായ പരിഷ്കാരത്തിന് നിർബന്ധിതമാകുന്നുവെന്ന തോന്നലിൽ ഉരുത്തിരിഞ്ഞ രേഖ എന്നാണ് പറയുന്നത്. അത് പാർട്ടി പരിപാടിയിൽ നിന്ന് ഭിന്നമല്ലെന്നാണ് നേതൃത്വം പറയുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തവും സ്വകാര്യമൂലധനം തന്നെയും വലിയതോതിൽ ആകർഷിക്കാൻ നിർദ്ദേശിക്കുന്നുണ്ട് രേഖ. ഉന്നതവിദ്യാഭ്യാസം, വ്യവസായം എന്നിത്യാദി മേഖലകളിലെല്ലാം ഇത് പറയുന്നുണ്ട്. ആരോഗ്യരംഗത്തും സമൂല പൊളിച്ചെഴുത്ത് നിർദ്ദേശിക്കുന്നുണ്ട്. വിദേശരാജ്യങ്ങളോട് കിടപിടിക്കത്തക്ക സംവിധാനത്തിലേക്ക് മാറാനുതകുന്ന പരിഷ്കാരമാകാം.

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന് കാൾ മാർക്സ് പറഞ്ഞുവച്ച സ്ഥിതിക്ക് കാലത്തിനൊത്ത മാറ്റം സി.പി.എമ്മിനുമാവാം. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തിനായി ഒരു പരിഷ്കരണ നയരേഖ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് 1957ൽ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സർക്കാർ ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണവുമടക്കമുള്ള തീരുമാനങ്ങളിലേക്ക് കടന്നതെന്ന് സി.പി.എം പറയുന്നുണ്ട്. 56 ലെ രേഖയ്ക്ക് സമാനമായാണ് ഇപ്പോഴത്തെ കൊച്ചി സമ്മേളനത്തിലെ വികസന നയരേഖയെ സി.പി.എം വിശേഷിപ്പിക്കുന്നത് എന്നതും എടുത്തുപറയണം.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും തന്ത്രപ്രധാനമായ പ്ലീനമായി വിശേഷിപ്പിക്കപ്പെട്ടതായിരുന്നു കഴിഞ്ഞ നവംബർ മാസത്തിൽ നടന്ന ബീജിംഗ് പ്ലീനം. 1945ൽ മാവോ സെ ദോംഗും 1981ൽ ഡെങ് സിയാവോ പിംഗും അവതരിപ്പിച്ച പ്രമേയങ്ങൾക്ക് ശേഷം ചൈനീസ് പാർട്ടിയിൽ അവതരിപ്പിക്കപ്പെടുന്ന മൂന്നാമത്തെ പ്രമേയം ഷീജിൻ പിംഗ് അവതരിപ്പിച്ച 2021ലെ പ്രമേയമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽസെക്രട്ടറി സ്ഥാനത്തും ചൈനയുടെ പരമാധികാരസ്ഥാനത്തും ഇനി ജീവിച്ചിരിക്കുന്ന കാലത്തോളം ഷീ തന്നെ തുടരുമെന്ന് പ്രഖ്യാപിക്കുന്നതാണ് ചൈനീസ് പ്ലീനത്തിലെ പ്രമേയം.

ബീജിംഗ് പ്ലീനത്തിൽ വർഷങ്ങൾക്ക് ശേഷം അവതരിപ്പിക്കപ്പെട്ട പ്രമേയം പോലെ,​ സി.പി.എം കേരളഘടക സമ്മേളനത്തിലും വർഷങ്ങൾക്ക് ശേഷം വരുന്ന നയരേഖ ഇവിടെയും ദൂരവ്യാപകമായ ചലനങ്ങൾക്ക് വഴി തുറക്കുന്നുവെന്നാണ് അനുമാനിക്കേണ്ടത്. നയരേഖ പൂർണതോതിൽ പുറത്തുവന്നിട്ടില്ല. അത് പാർട്ടി വൈകാതെ പ്രസിദ്ധീകരിച്ചേക്കാം. നയരേഖ പാർട്ടി അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇടതുമുന്നണിയിൽ അംഗീകരിപ്പിച്ചെടുക്കുകയും അതിന് ശേഷം സർക്കാരിന്റെ നയരേഖയായി മാറ്റുകയും ചെയ്യുകയെന്നതാണ് സി.പി.എം ലക്ഷ്യമിടുന്നത്.

നയരേഖ മാത്രമല്ല,​ സി.പി.എം കൊച്ചി സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്. അത് ആ സമ്മേളനത്തിലൂടെ നേതൃത്വം നടപ്പാക്കിയെടുത്ത തലമുറമാറ്റമാണ്. സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങളെയും സംസ്ഥാന സെക്രട്ടേറിയറ്റിൽ എട്ട് പുതുമുഖങ്ങളെയും കൊണ്ടുവന്നു എന്നതാണ് വലിയ മാറ്റം. സമീപകാലത്തൊന്നും സി.പി.എമ്മിൽ ഇത്ര വലിയ മാറ്റങ്ങളുണ്ടായിട്ടില്ല.

തലമുറമാറ്റവും സി.പി.എമ്മും

പാർട്ടി സമിതികളിൽ 75 വയസ്സ് പിന്നിട്ടവരെ മാറ്റിനിറുത്തുകയെന്ന കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശം സി.പി.എമ്മിൽ പ്രാവർത്തികമാക്കിയ സമ്മേളനകാലമാണ് ഇപ്പോൾ പിന്നിടുന്നത്. ലോക്കൽതലം തൊട്ട് സംസ്ഥാന സമിതി വരെ അത് കേരളത്തിൽ ഫലപ്രദമായി നടപ്പാക്കിയെടുത്തുവെന്നത് നേതൃത്വത്തിന്റെ നേട്ടം തന്നെയാണ്. വിഭാഗീയതയുടെ ശല്യം അകന്നുനിന്നുവെന്നത് നേതൃത്വത്തിന് കാര്യങ്ങൾ എളുപ്പമാക്കി.

അങ്ങനെയാണ് സംസ്ഥാനകമ്മിറ്റിയിൽ 16 പുതുമുഖങ്ങളെയും സെക്രട്ടേറിയറ്റിൽ എട്ട് പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയത്. രണ്ട് ഘടകങ്ങളിലുമെത്തിയ പുതുമുഖങ്ങളുടെ കൂട്ടത്തിൽ ചെറുപ്പക്കാർക്ക് പ്രാമുഖ്യമുണ്ട്.

എം.എം. വറുഗീസ്, എ.വി. റസ്സൽ, ഇ.എൻ. സുരേഷ്ബാബു, സി.വി. വറുഗീസ്, പി. ശശി, പനോളി വത്സൻ, രാജു എബ്രഹാം, എ.എ. റഹിം, കെ. അനിൽകുമാർ, വി. ജോയി, ഒ.ആർ. കേളു, കെ.കെ. ലതിക, കെ.എൻ.ഗണേശ്, വി.പി.സാനു, ചിന്താ ജെറോം, കെ.എസ്. സലീഖ എന്നിവരാണ് സംസ്ഥാന സമിതിയിലെത്തിയ പുതുമുഖങ്ങൾ. കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, വി.എൻ. വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ എന്നിവരാണ് സെക്രട്ടേറിയറ്റിലെത്തിയ പുതുമുഖങ്ങൾ. നേരത്തേ പതിനാറംഗ സെക്രട്ടേറിയറ്റായിരുന്നത് പതിനേഴംഗ സെക്രട്ടേറിയറ്റാക്കി ഉയർത്തി. 75 വയസ്സ് ആയില്ലെങ്കിലും സെക്രട്ടേറിയറ്റിൽ നിന്ന് തൃശൂരിൽ നിന്നുള്ള ബേബി ജോണിനെ ഒഴിവാക്കി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദനും എളമരം കരിമും ഒഴിവായി. ഈ മൂന്ന് മാറ്റങ്ങളുമാണ് ശ്രദ്ധേയ മാറ്റങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാൽ സെക്രട്ടേറിയറ്റ് രൂപീകരണം പൂർത്തിയായപ്പോൾ തഴയപ്പെട്ട ചില പ്രമുഖരുടെ മുഖങ്ങളാണ് പലരും ഓർത്തെടുത്തത്. തിരുവനന്തപുരത്തെ എം. വിജയകുമാർ, കണ്ണൂരിലെ പി. ജയരാജൻ തുടങ്ങി സംഘടനാരംഗത്ത് സജീവമായി നിൽക്കുന്നവർ തഴയപ്പെട്ടത് പലരുടെയും നെറ്റി ചുളിച്ചു. ഇവർ മാത്രമല്ല, തിരുവനന്തപുരത്ത് തന്നെയുള്ള കടകംപള്ളി സുരേന്ദ്രൻ, കൊല്ലത്തെ ജെ. മേഴ്സിക്കുട്ടി അമ്മ എന്നിങ്ങനെ വേറെയും പലരുമുണ്ട്. തൃശൂരിൽ നിന്നുള്ള കെ. രാധാകൃഷ്ണനും കണ്ണൂരിൽ നിന്നുള്ള കെ.കെ. ശൈലജയും പി. ജയരാജനെ പോലെ ജനകീയമുഖങ്ങളായി വിലയിരുത്തപ്പെടുന്നവരാണ്. ശൈലജയും രാധാകൃഷ്ണനും നേരിട്ട് കേന്ദ്രകമ്മിറ്റിയിലെത്തിയവർ എന്ന നിലയ്ക്ക് അവർക്ക് ഇനിയും സംസ്ഥാനത്തെ പരമോന്നത സമിതിയായ സെക്രട്ടേറിയറ്റിൽ നേരിട്ട് ഇടം നേടാനായിട്ടില്ല. കേന്ദ്രകമ്മിറ്റി അംഗങ്ങളെന്ന പരിഗണനയാൽ ഇവിടെ സെക്രട്ടേറിയറ്റിലും പങ്കെടുക്കാമെന്ന് മാത്രം.

അപ്പോൾ സംസ്ഥാനത്തെ പരമോന്നത സമിതിയിൽ നേരിട്ട് ഭാഗമാകാനുള്ള നിയോഗം താരതമ്യേന ചെറുപ്പക്കാരായ സ്വരാജിനും മുഹമ്മദ് റിയാസിനും പി.കെ. ബിജുവിനും എന്തിനേറെ പറയുന്നു, പുത്തലത്ത് ദിനേശനും വരെ സിദ്ധിച്ചുവെന്നത് വലിയൊരു സംഭവമാണ്. മുഹമ്മദ് റിയാസ് കഴിഞ്ഞ തൃശൂർ സമ്മേളനത്തിൽ (മൂന്ന് വർഷം മുമ്പ് ) വച്ച് സംസ്ഥാനകമ്മിറ്റിയിൽ എത്തിയതേയുള്ളൂ. സ്വരാജ് അതിന് മുമ്പത്തെ ആലപ്പുഴ സമ്മേളനത്തിൽ വച്ചും. എന്നാൽ സെക്രട്ടേറിയറ്റിലെത്തിയ ഈ പുതുമുഖങ്ങളേക്കാൾ ജനസ്വീകാര്യത പുറത്ത് നിൽക്കുന്ന പലർക്കുമില്ലേയെന്ന ചോദ്യം പല കോണുകളിൽ നിന്നുയർന്നു തുടങ്ങിയിരിക്കുന്നു. അപ്പോൾ പരമോന്നത സമിതിയിലേക്കുള്ള പ്രവേശന മാനദണ്ഡം എന്താണ്? അത് നേതൃത്വത്തിന് തലവേദനയുണ്ടാക്കാത്തവരോ അല്ലെങ്കിൽ നേതൃത്വം പറയുന്നതിനപ്പുറത്തേക്ക് കടത്തിപ്പറയാത്തവരോ മാത്രം ആ സമിതിയിലിരുന്നാൽ മതിയെന്ന ചിന്തയോ?

തിരുവായ്ക്ക് എതിർവാ വേണ്ട എന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമാണം മറ്രൊരു തരത്തിൽ കേരള സി.പി.എമ്മിലേക്കും വരുന്നുണ്ടോയെന്നൊന്നും ആരും ചോദിക്കരുത്. ചൈനീസ് പാർട്ടിയിൽ ഇനി ഷീ ജിൻപിംഗ് മാത്രം എന്ന അവസ്ഥ പോലെ ഒന്ന് കേരള കമ്യൂണിസ്റ്റ് പാർട്ടിയിലും ഉരുത്തിരിയുന്നുണ്ടോ എന്നും ആരും ചോദിക്കരുത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ 14ൽ 13 സീറ്റുകളും നേടി ഇടതുമുന്നണിക്ക് തിളക്കമുണ്ടാക്കിക്കൊടുത്ത സംഘാടകനാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. നാഗപ്പന്റെ കഴിവിന് കിട്ടിയ അംഗീകാരമായി അദ്ദേഹത്തിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനത്തെ വിലയിരുത്താവുന്നതാണ്. പക്ഷേ അതിനേക്കാളുപരി മറ്റ് ചില കാര്യങ്ങളെക്കുറിച്ച് കൂടി ചിന്തിച്ചാലത് രസകരമായിരിക്കും.

കണ്ണൂരിൽ ചെഞ്ചോരപ്പൊൻ കതിരല്ലേയെന്ന് പി. ജയരാജനെ പാടിപ്പുകഴ്ത്തിയത് വ്യക്തിപൂജയായി കണക്കാക്കിയ പാർട്ടിയാണ് സി.പി.എം. അതിനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റത്തിന് പി. ജയരാജന് താക്കീതും കിട്ടിയിട്ടുണ്ട്. അതേപ്പിന്നെ ജയരാജന് വച്ചടിവച്ചടി പിറകോട്ടടിയായിരുന്നു.

എന്നാൽ, തിരുവനന്തപുരത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ട മെഗാ തിരുവാതിരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് എല്ലാത്തിനും കാരണഭൂതൻ എന്നാണ് പാടിപ്പുകഴ്ത്തിയത്. അന്ന് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതിനാണ്, അല്ലാതെ സ്തുതിപാടലിനായിരുന്നില്ല പാർട്ടി സെക്രട്ടറി ജില്ലാ സമ്മേളന സംഘാടകസമിതിയെ വിമർശിച്ചത്.

ആ സ്തുതിപാടൽ ഒരു കണക്കിന് നന്നായെന്ന് ആനാവൂർ നാഗപ്പന് വേണമെങ്കിൽ ചിന്തിക്കാം. അദ്ദേഹമങ്ങനെ ചിന്തിക്കാനിടയില്ലെങ്കിലും. എം. വിജയകുമാറിന്റെയോ കടകംപള്ളി സുരേന്ദ്രന്റെയോ പിരപ്പൻകോട് മുരളിയുടെയോ കാലത്തും സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനുണ്ടായിരുന്നു. അവരാരും അന്ന് ഇത്തരമൊരു തിരുവാതിരയ്ക്ക് മുന്നിട്ടിറങ്ങിയിട്ടില്ല. അപ്പോൾ നാഗപ്പനാണ് പുതിയ കാലത്തെ ശരി. കണ്ണൂർ പാർട്ടി കോൺഗ്രസോടെ കേരളത്തിൽ നിന്ന് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലെത്താൻ പോകുന്നതാരായിരിക്കും എന്ന് കൂടി ചിന്തിക്കുന്നത് കൗതുകകരമായിരിക്കും. അത് മുഹമ്മദ് റിയാസാകുമോ, അതോ സ്വരാജോ? - വെറുതെ ഒരു രസത്തിന് ഒന്നാലോചിച്ചുകൂടേ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.