തൊടുപുഴ: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.പി. ഗോപിനാഥിന്റെ സ്മരണയ്ക്കായി ഇടുക്കി പ്രസ്ക്ലബ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് അർഹനായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആറുമാസം പ്രായമായ കുഞ്ഞിനെ മുപ്പതു ദിവസം നോക്കനേല്പിച്ച പോറ്റമ്മയിൽ നിന്ന് ഏറ്റുവാങ്ങിയ മാതാവ് ലാളിക്കുന്നതും കണ്ണീരണിഞ്ഞു നിൽക്കുന്ന പോറ്റമ്മയുടേതുമായിരുന്നു 2020 ജൂലായ് 16ന് കേരളകൗമുദി പ്രസിദ്ധീകരിച്ച ചിത്രം. പി. മുസ്തഫ, വി.എസ്. ഷൈൻ, ഷാജു ജോൺ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
11ന് ഉച്ചയ്ക്ക് 12ന് തൊടുപുഴയിൽ ഇടുക്കി പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് കൺസൾട്ടിംഗ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ അവാർഡ് നൽകും. മാദ്ധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രസ്ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതവും വൈസ് പ്രസിഡന്റ് ജെയ്സ് വാട്ടപ്പിള്ളി നന്ദിയും പറയും.
കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫറായ സുധർമ്മദാസ് ഇതിനകം മുപ്പതിലധികം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻ ശാന്തി- രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.എസ്. സന്ധ്യ (സർവീസ് സഹകരണ ബാങ്ക്, പാണാവള്ളി). മകൾ: നിവേദിത (രാജഗിരി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |