മോസ്കോ : യുക്രെയിൻ അധിനിവേശം ആരംഭിച്ച നാൾ മുതൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് നേരെയുള്ള ജനരോഷം വർദ്ധിക്കുന്നുവെന്നാണ് റിപ്പോർട്ട്. പക്ഷേ, യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റല്ലാതെ മറ്റൊരു 'പുട്ടിൻ " കൂടി ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഒരു ഫ്രഞ്ച് - കനേഡിയൻ വിഭവമാണത്. പേര് ' പുട്ടിൻ "!. പൊട്ടറ്റോ ഫ്രൈസ്, ചീസ്, തൈര്, ഗ്രേവി തുടങ്ങിയവ കൊണ്ട് പാകം ചെയ്തെടുക്കുന്ന ഒരു അടിപൊളി വിഭവം.
1950കളിൽ കാനഡയിലെ ക്വബെകിലാണ് പുട്ടിന്റെ ഉത്ഭവം. പക്ഷേ, എന്ത് ചെയ്യാം, യുക്രെയിൻ അധിനിവേശം ആരംഭിച്ച നാൾ മുതൽ പുട്ടിന്റെ കഷ്ടകാലം ആരംഭിച്ചിരിക്കുകയാണ്. വ്ലാഡിമിർ പുട്ടിന്റെ പേരുമായുള്ള സാമ്യം തന്നെ കാരണം. പക്ഷേ, സ്പെല്ലിംഗിൽ വ്യത്യാസം ഉണ്ട് കേട്ടോ. ' Poutine " എന്നാണ് ഈ വിഭവത്തിന്റേ പേര് എഴുതുന്നത്. പക്ഷേ, ഉച്ചാരണം ഒരുപോലെ ആയതിന്റെ പേരിൽ പുട്ടിൻ വിഭവത്തിന് നേരെയും ഇപ്പോൾ പ്രതിഷേധം ഉയരുകയാണ്.
പാരീസ് അടക്കമുള്ള ഫ്രഞ്ച് നഗരങ്ങളിലെ റെസ്റ്റോറന്റുകൾക്ക് നേരെ ചിലർ ഭീഷണികളുയർത്തുകയും ചെയ്തു. വ്ലാഡിമിർ പുട്ടിനോടുള്ള രോഷം പുട്ടിൻ വിഭവത്തിന്റെ പേരിൽ ചിലർ തീർക്കാൻ തുടങ്ങിയതോടെ ഏതാനും റെസ്റ്റോറന്റുകൾ ഈ വിഭവത്തെ തങ്ങളുടെ മെനു കാർഡിൽ നിന്ന് ഔട്ട് ആക്കുക വരെ ചെയ്തു. ചില റെസ്റ്റോറന്റുകളാകട്ടെ പുട്ടിൻ എന്ന പേരിന് പകരം ഫ്രൈസ് - ചീസ് തുടങ്ങിയ വ്യത്യസ്ത പേരുകളും പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |