പത്തുവർഷം മുമ്പ് ആലപ്പുഴ കടപ്പുറത്തെ ഒരു സന്ധ്യ. 2012 ന്റെ അവസാന നാളുകളിലൊന്ന്. ഹരിയാനയിൽ നിന്നെത്തിയ നർത്തകസംഘം അവരുടെ പരമ്പരാഗത ഫാഗ് നടനം കടൽത്തിരകളെ സാക്ഷിനിർത്തി അവതരിപ്പിക്കുകയായിരുന്നു. കർഷകരുടെ ഉത്സവനൃത്തം. തുടർന്ന് ധമാൽ, ഖോറിയ, ലൂർ, ഗൂമർ, രാസ്ലീല... അങ്ങനെ രാത്രി നീണ്ടു. സംഘത്തിലേറെയും യുവതീയുവാക്കൾ... ചിലരൊക്കെ സ്കൂൾ കുട്ടികൾ. ഒരാഴ്ചയായി കേരളത്തിലെ വ്യത്യസ്തങ്ങളായ കടലോരങ്ങളിൽ, സംസ്ഥാനസർക്കാരിന്റെ സാംസ്കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്റെ 'ബീച്ച് ഫെസ്റ്റി'നായി അവർ ഹരിയാൻവി നൃത്തരൂപങ്ങൾ അവതരിപ്പിക്കുകയായിരുന്നു. ആലപ്പുഴയിലേത് അവരുടെ അവസാന അരങ്ങായിരുന്നു. പിറ്റേന്ന് വൈകീട്ടുള്ള തീവണ്ടിയിൽ അവർക്കു മടങ്ങാം...
ഗ്രീൻറൂമിൽ ഔദ്യോഗികമായി യാത്രയയക്കാനെത്തിയ എന്റെ മുന്നിലേക്ക്, ഏതാണ്ട് പത്തു പന്ത്രണ്ട് വയസ്സുള്ള ഒരു പെൺകുട്ടി കരയാൻ വിതുമ്പി നിൽക്കുന്ന മുഖവുമായി ഓടി വന്നുനിന്നു. 'സെക്രട്ടറി സാബ് " അവൾ പതുക്കെ വിറയാർന്ന ശബ്ദത്തിൽ വിളിച്ചു. അസ്പഷ്ടമായ ഹിന്ദിയിൽ അവൾ പറഞ്ഞത്, അവൾക്കും കൂട്ടുകാരികൾക്കും പിറ്റേന്ന് രാവിലെ ഹൗസ്ബോട്ടിൽ കായലിലൂടെ ഒന്നു കറങ്ങണം. കരിമീൻ കൂട്ടി കേരളാഫുഡ് കഴിക്കണം... ആ മോഹവുമായാണ് അവർ ഹരിയാനയിൽ നിന്നു പുറപ്പെട്ടതുതന്നെ...!
ഞാനുടനെത്തന്നെ എന്റെ നിസ്സഹായത വെളിപ്പെടുത്തി ഒഴിഞ്ഞുമാറി. സർക്കാർ സംവിധാനമാണ്. ഞാൻ വെറും ഉദ്യോഗസ്ഥൻ മാത്രവും. ഹൗസ് ബോട്ടിനൊക്കെ വലിയ വാടകയാണ്. ഡാൻസ് അവതരിപ്പിക്കാനുള്ള പ്രതിഫലമല്ലാതെ മറ്റൊന്നും ചെലവാക്കാനുമാവില്ല... എങ്കിലും, പിന്തിരിഞ്ഞു നടക്കവേ ആ കുട്ടിയുടെ കരയുന്ന മുഖം വീണ്ടും വല്ലാതെ വേദനിപ്പിച്ചുകൊണ്ട് മനസ്സിൽ കൊളുത്തിവലിച്ചു...
ആലപ്പുഴ എം.പി, പയ്യന്നൂർ കോളേജിൽ എന്റെ സഹപാഠിയായിരുന്ന കെ.സി. വേണുഗോപാൽ അന്ന് ദില്ലിയിൽ കേന്ദ്രസഹമന്ത്രിയാണ്. ഗസ്റ്റ് ഹൗസിലെ മുറിയിലെത്തി ആ രാത്രി തന്നെ ഞാൻ വേണുവിനെ വിളിച്ചു. അര മണിക്കൂർ കൊണ്ട് വേണു പ്രശ്നം പരിഹരിച്ചുതന്നു... പിറ്റേന്ന് നാലുമണിക്കൂർ ആ പതിനഞ്ചംഗ ഹരിയാന നൃത്തസംഘം വേമ്പനാട് കായൽപ്പരപ്പിലൂടെ കേരളീയതയുടെ രമണീയ സുഖം ആസ്വദിച്ചും അനുഭവിച്ചും ചിലവഴിച്ചു... വൈകിട്ട് റെയിൽവേ സ്റ്റേഷനിൽ അവരെ യാത്രയയ്ക്കാൻ ഞാനും ചെന്നു.... വണ്ടി കാണാമറയത്തെത്തുവോളം ആ കുട്ടികൾ സ്നേഹാർദ്രമായി കൈവീശിക്കൊണ്ടിരുന്നു... കണ്ണുകൾ നിറഞ്ഞു.
രണ്ട്
സാംസ്കാരികവിനിമയം എന്നാൽ ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിൽ ചെന്ന് കലാപരിപാടികൾ അവതരിപ്പിക്കുക മാത്രമല്ല, ആ നാടിനെ അടിമുടി അറിയുക എന്നതുകൂടിയാണെന്ന് ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു അത്. അതിനും ഒരു വർഷം മുമ്പാണ് എന്നെ ഭാരത് ഭവന്റെ സെക്രട്ടറിയായി സർക്കാർ നിയോഗിച്ചത്. ഒട്ടും സാമ്പത്തികഭദ്രതയില്ലാത്ത ഒരു സ്ഥാപനം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഴയ ഒരു ഒറ്റമുറി ചായ്പിലായിരുന്നു ഓഫീസ്. ഇതിനുമുമ്പുള്ള സെക്രട്ടറിമാരൊക്കെ സർക്കാരിൽനിന്ന് ഡെപ്യൂട്ടേഷനിലെത്തിയവർ. പുറത്തുനിന്നുള്ള ആദ്യത്തെ പുതുമുഖമെന്ന നിലയിൽ ഒന്നാം ദിവസം തന്നെ ആ ഇരുട്ടുമുറിയിലിരുന്ന് ഞാൻ വിയർത്തു... പ്രാഥമിക സൗകര്യങ്ങളൊന്നുമില്ലാത്ത, മരപ്പട്ടിമൂത്രത്തിന്റെ രൂക്ഷഗന്ധം വമിക്കുന്ന ആ മുറിയിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്തുചാടുക എന്നായി ചിന്ത. ലാൽദത്ത്, സെലിൻ മേരി, കമലമ്മ, രാജേഷ് - ഇവർ നാലുപേരായിരുന്നു എന്റെ സഹപ്രവർത്തകർ. വെറും മൂന്നുലക്ഷം മാത്രം പ്രവർത്തനഫണ്ട്. വാഹനസൗകര്യവുമില്ല. ശമ്പളം പോലും മുഴുവനായി കൊടുക്കാനുള്ള നോൺ പ്ലാൻ ഫണ്ടുമില്ല...
എന്റെ ടെലിവിഷൻ സ്റ്റുഡിയോയിൽ അക്കാലത്ത് ജയകുമാർ എന്ന ഒരു ഡ്രൈവറുണ്ടായിരുന്നു. ഒരിക്കൽ അയാൾ പറഞ്ഞു: 'തൈക്കാട് ഓമനക്കുട്ടിട്ടീച്ചറുടെ വീടിന്റെ എതിർവശത്ത് തൃപ്തി എന്ന ഒരു സർക്കാർ കെട്ടിടം കുറേക്കാലമായി അടച്ചുകിടക്കുന്നു. ഒന്നന്വേഷിച്ചാലോ..." ആ അന്വേഷണം നീണ്ടുനീണ്ട് ടൂറിസം വകുപ്പിലും പൊതുമരാമത്തു വകുപ്പിലുമെത്തി. സാംസ്കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫും പൊതുമരാമത്തു വകുപ്പുമന്ത്രിയുമായുള്ള ഊർജിതമായ ചർച്ചയിൽ സംഗതി ഫലം കണ്ടു. വൈസ് ചെയർമാൻ നെയ്യാറ്റിൻകര സനലിന്റെ നേതൃത്വത്തിൽ പ്രൊഫ. മനോഹർ കേഷ്ക്കർ, എം.രാജീവ്കുമാർ, ആർ.കെ. ദാമോദരൻ, സമദ് മങ്കട, വെൺമണി നാരായണൻ എന്നിവരടങ്ങിയ ഭരണസമിതി സജീവമായി കൂടെ നിന്നു. തൃപ്തി ബംഗ്ലാവ് ഭാരത് ഭവനുവേണ്ടി അനുവദിക്കപ്പെട്ടു. കാടുപിടിച്ചു കിടന്ന അറുപത്തിമൂന്നു സെന്റ് സ്ഥലവും പഴയ ഒരു കെട്ടിടവും. അനധികൃതമായി അവിടെ രാപ്പാർത്തിരുന്ന ഒരു ആർ.ഡി. ഓയെ ഒരുവിധം ഒഴിപ്പിച്ച് ഞങ്ങൾ അകത്തുകയറി... പാമ്പുകളും പെരുച്ചാഴികളും പലവഴിക്കു പാഞ്ഞു...
മൂന്ന്
മുറികൾ കഴുകി വെടിപ്പാക്കി. പരിമിതമായ ഫണ്ടിൽ ചുവരുകൾക്ക് വെണ്മയും പുതുമയും വരുത്തി. വാസ്തു ശില്പി സുരേഷ് മഞ്ചാടിയുടെ നേതൃത്വത്തിൽ പെരുന്തച്ചന്മാർ അണിനിരന്നു... തണൽ വിരിച്ചു പടർന്നു നിൽക്കുന്ന മൂവാണ്ടൻമാവിൻതണലിൽ 'തിരുമുറ്റം" എന്ന ഓപ്പൺ എയർ ഓഡിറ്റോറിയം നിലവിൽ വന്നു. ഹിന്ദുസ്ഥാനി സംഗീതവും ഗസലും ഖവാലിയും കുച്ചുപ്പുടിയും ഒഡീസ്സിയും കഥക്കും അരങ്ങുണർത്തിയ ദിനങ്ങൾ. പാർവ്വതി ബാവുളിന്റെ നേതൃത്വത്തിൽ രണ്ടുതവണ കൊൽക്കത്തയിൽ നിന്ന് അവധൂതരായ ബാവുൾ ഗായകരെത്തി.... തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ് തിരുമുറ്റം എന്ന് പാർവ്വതി പലവട്ടം പറഞ്ഞിട്ടുണ്ട്. അങ്ങനെ എത്രയെത്രയോ കലാകാരന്മാർ, കലാകാരികൾ...കേരളത്തിൽ താമസിക്കുന്ന മറുനാട്ടുകാരുടെ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ഇവിടെയുള്ള കലാരൂപങ്ങൾ മറുനാട്ടിൽ അവതരിപ്പിക്കുവാനുമാണ് 1984-ൽ ഭാരത് ഭവൻ, സാംസ്കാരിക വകുപ്പിന് കീഴിൽ ആരംഭിച്ചതെങ്കിലും മറുനാടൻ യാത്രകൾ അധികമൊന്നും സംഭവിച്ചിരുന്നില്ല. 2011 ലെ ഡിസംബറിൽ ഹിമാചൽ സർക്കാരിന്റെ ക്ഷണമനുസരിച്ച് തൃക്കരിപ്പൂർ ഫോക്ക്ലാന്റിൽ നിന്നുള്ള ആദ്യ കലാകാരസംഘം കുളു-മണാലി യാത്ര നടത്തി. മനോഹരമായി ഒരു ഷോ കാർഡ് ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി രൂപപ്പെടുത്തി. അതിന്റെ ഇംഗ്ലീഷ് ടെക്സ്റ്റ് പത്രപ്രവർത്തകസുഹൃത്ത് അരുൺ ലക്ഷ്മണനാണ് തയ്യാറാക്കിത്തന്നത്. 'ഫ്ളൈയിംഗ് ഹൈ- ഭാരത് ഭവൻ" എന്നായിരുന്നു ശീർഷകം. അത് സത്യസന്ധമായ നേർക്കാഴ്ചയായി മാറിയതാണ് പിന്നീടുള്ള അനുഭവം. ഭാരത് ഭവൻ എന്ന പേര് ഭൂമിയിലും ആകാശത്തിലും അലയടിച്ചു പറന്നു കൊണ്ടിരുന്നു. സാംസ്കാരിക സമന്വയത്തിന്റെ പൂർണ്ണത അറിഞ്ഞനുഭവിച്ച സന്തോഷത്തിന്റെ കാലം...
തൈക്കാട് തൃപ്തി ബംഗ്ലാവിൽ വന്നു കയറിയ നാളുകളിൽ, സെക്രട്ടറിയുടെ കാബിനായി സങ്കൽപ്പിച്ച മുറിയിൽ ഒരു സന്ധ്യയ്ക്ക് ഞാനിരിക്കയായിരുന്നു. മനസ്സു നിറയെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. 'വാതാപി ഗണപതിം ഭജേ" എന്ന കീർത്തനം എവിടെ നിന്നോ ഒഴുകി വരുന്നതായി തോന്നി. ഘനഗംഭീരമായ പുരുഷശബ്ദത്തിൽ ആരോ പാടുന്നു... എഴുന്നേറ്റ് മുറിയിലും പുറത്തും പരതി. ആരുമില്ല. വെറും തോന്നലാണോ? പുറത്തിറങ്ങി ഗേറ്റിൽ വന്ന്, എതിരെയുള്ള എം.ജി. ശ്രീകുമാറിന്റേയും ഓമനക്കുട്ടി ടീച്ചറുടേയും 'മേടയിൽ വീടി"ലേക്ക് കണ്ണയച്ചു. ഇല്ല, അവിടേയും നിശ്ശബ്ദമാണ്... പലപ്പോഴും പിന്നേയും പല കീർത്തനങ്ങൾ കേട്ടു. അങ്ങനെയാണ് ഞാൻ ഓമനക്കുട്ടി ടീച്ചറെ കാണാൻ തീരുമാനിച്ചത്. ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു: 'സതീഷിന് തോന്നിയതാവാൻ വഴിയില്ല. ആ ബംഗ്ലാവിലാണ് ശെമ്മാങ്കുടി സ്വാമി പത്തിരുപത്തിരണ്ടു വർഷം താമസിച്ചിരുന്നത്. സതീഷിരിക്കുന്ന സെക്രട്ടറിയുടെ മുറിയില്ലേ, അതായിരുന്നു സ്വാമിയുടെ ബെഡ്റൂം."
ഞാൻ വല്ലാത്തൊരു അന്ധാളിപ്പിൽപെട്ടു... 1939-ൽ മഹാറാണി സേതുപാർവ്വതി ഭായിയുടെ ക്ഷണം സ്വീകരിച്ച് മദ്രാസിൽ നിന്ന് തിരുവിതാംകൂർ കൊട്ടാരത്തിലെ 'ആസ്ഥാന ഗായകനാ"യി എത്തിയ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കഥ ഞാൻ പലവട്ടം പഠിച്ചെടുത്തു. പിന്നീട് സ്വാതിതിരുനാൾ സംഗീത കോളേജിന്റെ പ്രിൻസിപ്പലായി 1941-ൽ ചാർജെടുത്തപ്പോൾ, പ്രിൻസിപ്പൽമാർക്ക് താമസിക്കാനായി കൊട്ടാരം ഏർപ്പാടാക്കിയ 'തൃപ്തി ബംഗ്ലാവി"ൽ 1963 വരെ അദ്ദേഹം താമസമാക്കി. 1960 ൽ 'വിദ്വാൻ' പഠിക്കാൻ എത്തിയ യേശുദാസ് കുറച്ചുകാലം ഇവിടുത്തെ കാർഷെഡിൽ സ്വാമിയുടെ ഗുരുകുല വിദ്യാഭ്യാസ രീതിയിൽ താമസിച്ചു... കഥകൾ സിരകളെ ചൂടുപിടിപ്പിച്ചു... ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചായ്പിൽനിന്നു പുറത്തു ചാടാൻ തിടുക്കപ്പെട്ടെത്തിയ സ്ഥലം ഒരു പുണ്യഭൂമിയാണണെന്ന അറിവ് എന്റേയും സഹപ്രവർത്തകരുടേയും മനസ്സിനെ തരളിതമാക്കി... ചുവരരിൽ ശെമ്മാങ്കുടി സ്വാമിയുടെ ഒരു ഛായാ ചിത്രം വെക്കണമെന്നാണ് ആദ്യം കരുതിയത്. പിന്നീടത് ശില്പമായാലോ എന്നായി... അങ്ങനെയിരിക്കെ ഒരു ദിവസം സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോർജ് ഒരു ആശയം പറഞ്ഞു. മൺമറഞ്ഞുപോയ കലാകാരന്മാർക്ക് സ്മാരകമൊരുക്കാൻ 25 ലക്ഷം വരെ സർക്കാരിന് അനുവദിക്കാം എന്ന ഒരു പഴയ നിയമമുണ്ട്. ഒരു പിടിവള്ളി കിട്ടിയ സന്തോഷത്തോടെ ഭാരത് ഭവൻ ചെയർമാൻ കൂടിയായ സാംസ്കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫിന്റെ അരികിലെത്തി. അദ്ദേഹം സർവ്വാത്മനാ കൂടെ നിന്നു... പിന്നെ കാര്യങ്ങൾക്ക് വേഗത വെച്ചു. ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ ആർക്കിടെക്റ്റ് ശങ്കർ വെറും രണ്ടു മാസം കൊണ്ട് ഭാരത് ഭവൻ കാമ്പസ്സിൽ 'ശെമ്മാങ്കുടി സ്മൃതി' എന്ന മനോഹരമായ ഓഡിറ്റോറിയം പണിതു തന്നു. യുവശില്പി ബിജു ചക്കുവരക്കൽ ജീവനുള്ള ശെമ്മാങ്കുടി സ്വാമിയെ വാതിൽക്കൽ പ്രതിഷ്ഠിച്ചു. അകത്തളത്തിൽ സംഗീതനിരൂപകൻ പി. രവികുമാറിന്റെ നേതൃത്വത്തിൽ ഭട്ടതിരിയും ബിജുവും ചേർന്ന് കർണ്ണാടകസംഗീതജ്ഞരുടെ വലിയ ഛായാ പടങ്ങളോടെ വിസ്മയമൊരുക്കി... 2016 ഒക്ടോബറിൽ യേശുദാസ് വന്ന് ശെമ്മാങ്കുടി സ്മൃതി ഉദ്ഘാടനം ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ മനസ്സിലും പഴയ ഓർമകൾ ഇരമ്പി... നാല് 2011 ൽ ഭാരത് ഭവൻ സെക്രട്ടറിയായി ചാർജെടുത്ത നാളിൽ, കേരളകൗമുദി മാഗസിന്റെ 'കോഫിടോക്" എന്ന അവസാനതാളിലേക്കായി സുഹൃത്ത് വി.എസ്. രാജേഷ് ഒരു ചോദ്യം ചോദിച്ചു: 'എന്താണ് ലക്ഷ്യം?" ഞാൻ പറഞ്ഞു : 'ഭാരത് ഭവനെ നാലാളറിയുന്ന സാംസ്കാരിക വിനിമയ സ്ഥാപനമാക്കുക എന്നതാണ് സ്വപ്നം..." ആ സ്വപ്നം യാഥാർത്ഥ്യമാവുന്നത് കണ്ടാണ് അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കി ഭാരത് ഭവന്റെ പടിയിറങ്ങിയത്... ഫണ്ട് വർദ്ധിപ്പിച്ചു. ഇന്ത്യക്കകത്തും പുറത്തും ഒരുപാട് സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു... ഇപ്പോഴും അതുവഴി കടന്നുപോവുന്ന സന്ധ്യകളിലും പ്രഭാതങ്ങളിലും ശെമ്മാങ്കുടി സ്വാമിയുടെ ഘനഗംഭീരശബ്ദം മുഴങ്ങുന്നത് കേൾക്കാറുണ്ട്... മനസ്സ് തുടി കൊട്ടാറുണ്ട്... (സതീഷ്ബാബു പയ്യന്നൂർ : 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |