അരിപ്പാലം: വടക്കുംകര ഗവ. യു.പി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും സ്വയം പര്യാപ്തമാകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച പുതിയ ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകളിലെല്ലാം ബെഞ്ചും ഡെസ്കും എൽ.സി.ഡി പ്രൊജക്ടറും ലാപ് ടോപ്പും ക്രമീകരിച്ചിട്ടുണ്ട്.
സി.പി.ടി.എ. എസ്.എം.സി എന്നിവയുടെ സഹകരണത്തോടെ ഈ മാസം 15നകം എല്ലാ ക്ലാസ് മുറികളും സ്വയം പര്യാപ്തമാക്കി മാറ്റാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലാണ്. പഞ്ചായത്തും രക്ഷിതാക്കളും പ്രാദേശിക സമൂഹവും വലിയ പിന്തുണയാണ് പ്രവർത്തനങ്ങൾക്ക് നൽകിവരുന്നത്. കഴിഞ്ഞ ദിവസം ഒന്നാം ക്ലാസിന്റെ ക്ലാസ്തല പ്രഖ്യാപനം നടന്നു. ഈ മാസം 15 ന് സകൂളിലെ 9 ക്ലാസ് മുറികളും സ്വയംപര്യാപ്തമാവുന്നതിന്റെ ഭാഗമായി സ്കൂൾ തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിർവഹിക്കും.
ഓരോ സി.പി.ടി.എക്കും ഏറ്റെടുത്ത് നടപ്പിലാക്കാവുന്ന 25 ഇന പ്രവർത്തന പരിപാടികൾക്കും സ്കൂളിൽ നടന്ന ഏകദിന ശിൽപ്പശാലയിൽ ധാരണയായി. ശിൽപ്പശാലയിൽ പ്രധാന അദ്ധ്യാപകൻ ടി.എസ്. സജീവൻ പ്രവർത്തന പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജൂലി ജോയ്, സുമ അശോകൻ, എസ്.എം.സി ചെയർമാൻ ഷാജു പി.കെ., ജിനേഷ് , മായ, ദീപ്തി ഷാജി, ശരണ്യ, വിഷ്ണു പ്രിയ അധ്യാപികമാരായ മണി ടി.വി, ജസ്റ്റീന, അമ്പിളി, സുനിതകുമാരി, സൂര്യ, മേരി ഡിസിൽവ , ശ്രീമു ,സൂര്യനന്ദ എന്നിവർ സംസാരിച്ചു.
ഗ്ലോബ്, മേപ്പ്, ക്ലോക്ക്, കലണ്ടർ, അറ്റ്ലസ്, അബാക്കസ്, ദിനപത്രം, ചെസ് ബോർഡ്, ചാർട്ട് പേപ്പറുകൾ, ക്രയോൺസ്, മാർക്കറുകൾ, സ്റ്റാപ്ലർ , പശ, ക്ലിപ്പുകൾ, വേയ്സ്റ്റ് ബാസ്കറ്റുകൾ, ചവിട്ടി, സ്പോർട്സ് കിറ്റ്, പ്രഥമ ശുശ്രൂഷ ഉപകരണങ്ങൾ, പഠനോപകരണങ്ങൾ, കളിയുപകരണങ്ങൾ, ശുചിത്വ സാമഗ്രികൾ, ക്ലാസ്സ് ലൈബ്രറി, തുടങ്ങിയ 38 സാമഗ്രികളാണ് ഓരോ ക്ലാസ്സ് മുറിയിലും ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |