വർക്കല: ഒരു കെട്ടിടത്തിന്റെ അപ്പുറവും ഇപ്പുറവും കച്ചവടം ചെയ്തും കുശലം പറഞ്ഞും കഴിഞ്ഞ പ്രതാപന്റെ വിയോഗം പുത്തൻചന്തയിലെ പൂക്കട ഉടമയായ അനിൽകുമാറിന് വിശ്വസിക്കാനാകുന്നില്ല. പുത്തൻചന്തയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്ടറിയാണ് അനിൽകുമാർ. പ്രതാപൻ വൈസ് പ്രസിഡന്റും. പ്രതാപനെയും കുടുംബത്തെയും ദുരന്തം കവർന്നുവെന്ന് അറിഞ്ഞതുമുതൽ മനസ് മരവിച്ചുകഴിയുകയാണ് അനിലും കുടുംബവും. ജ്യേഷ്ഠ സഹോദരനെപ്പോലെയായിരുന്നു പ്രതാപൻ. വ്യാപാര സംബന്ധവും കുടുംബപരവുമായ കാര്യങ്ങൾ ദിവസവും മണിക്കുറൂകളോളം സംസാരിക്കുന്ന പ്രകൃതം. സമിതിയുടെ യൂണിറ്റ് സമ്മേളനം കൊഴുപ്പിക്കാനും ഇളയമകന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കും അനിലിനെ ചില കാര്യങ്ങൾ ചുമതലപ്പെടുത്തിയിരുന്ന പ്രതാപനുമായി ഞായറാഴ്ചയാണ് അവസാനമായി കണ്ടത്. ഭാര്യയുമായി ആശുപത്രിയിൽ പോയി മടങ്ങിവരവേ തിങ്കളാഴ്ച പൂക്കടയിൽ അന്വേഷിച്ചുവന്നെങ്കിലും അനിലുണ്ടായിരുന്നില്ല. അനിലിന്റെ ഭാര്യയോട് അന്വേഷണം അറിയിച്ച് മടങ്ങിയശേഷം ഇന്നലെ പുലർച്ചെയാണ് പ്രതാപനും കുടുംബവും മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |