പയ്യോളി: സി.പി.എം തിക്കോടി സൗത്ത് ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെ പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധം പുകയുന്നു. സി.പി.എമ്മിലെ കടുത്ത വിഭാഗീതയുടെ ഇരയാണ് ബിജുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ബിജുവിനെ പുറത്താക്കിയത്. താത്കാലിക സെക്രട്ടറിയായി വി.ഹമീദിന് ചുമതല നൽകുകയും ചെയ്തു. തിക്കോടി ലോക്കലിലെ വനിതാ അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്കെടുത്തത് ലോക്കലിലെ ഭൂരിഭാഗം പേരും എതിർത്തതാണ് ഏരിയാ നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു. ജില്ലാ സമ്മേളനത്തിനുശേഷം രണ്ടാഴ്ച മുമ്പ് വിളിച്ച് ചേർത്ത ലോക്കൽ കമ്മിറ്റിയിൽ 15 അംഗങ്ങളിൽ 13 പേരും തീരുമാനത്തെ എതിർത്തിരുന്നു. അതേസമയം കഴിഞ്ഞ ഏരിയാ സമ്മേളനത്തിൽ പയ്യോളി നഗരസഭാ ഭരണം എൽ.ഡി. എഫിന് നഷ്ടമായതിന് മുതിർന്ന നേതാവായ ടി.ചന്തുവിനെ വിമർശിച്ചതും ഏരിയാ കമ്മിറ്റിയുടെ നിലവിലെ സെക്രട്ടറിക്കെതിരെ മത്സരിച്ചതുമാണ് ബിജുവിന്റെ പുറത്ത് പോക്കിന് ആക്കം കൂട്ടിയതെന്ന് പറയുന്നു.
ലോക്കലിലെ 13 അംഗങ്ങളും പുറത്താക്കിയ നടപടിയെ എതിർത്തുവെങ്കിലും നേതൃത്വം ഉറച്ചു നിൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |