SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.44 AM IST

കാൻസർ;പതറാതെ പൊരുതാം

photo

കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കാൻസർ പരിചരണത്തിലെ പ്രധാന ന്യൂനതകൾ പരിഹരിക്കേണ്ടത് അനിവാര്യമാണ്. രോഗചികിത്സയുടെ വർദ്ധിച്ച ചെലവാണ് ഇതിന് പ്രധാന തടസം. കാൻസർ ചികിത്സയ്‌ക്കായി രോഗികൾക്ക് യാത്രചെയ്ത് ദൂരസ്ഥലങ്ങളിൽ പോയി താമസിക്കേണ്ടി വരുന്നു.

1991- 2016 കാലഘട്ടത്തിൽ കേരളത്തിൽ നിർണയിക്കപ്പെടുന്ന കാൻസറുകളുടെ എണ്ണത്തിൽ 28 ശതമാനം വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. പ്രതിവർഷം പുതുതായി നി‌ർണയിക്കപ്പെടുന്ന കാൻസർ രോഗികളുടെ എണ്ണം ഒരുലക്ഷം പേരിൽ 74 എന്നതിൽ നിന്നും 135 ലേക്ക് ഉയർന്നു.

കേരള കാൻസർ കൺട്രോൾ സ്ട്രാറ്റജി

കേരളത്തിൽ നിർണയിക്കപ്പെടുന്ന സാധാരണ കാൻസറുകൾ (ഗർഭാശയ കാൻസർ, വായിലെ കാൻസർ, സ്തനാർബുദം ) 15 ശതമാനത്തോളം കുറയ്‌ക്കുക, ഈ കാൻസറുകളോടൊപ്പം മലാശയ,കുടൽ കാൻസർ ബാധിച്ചവരുടെ ജീവിതദൈർഘ്യം കൂട്ടുക എന്നീ പ്രധാന ലക്ഷ്യങ്ങളാണ് ആരോഗ്യവകുപ്പിന്റെ കാൻസർ കൺട്രോൾ സ്ട്രാറ്റജിക്കുള്ളത്. എന്തുകൊണ്ടാണ് മേൽപ്പറഞ്ഞ ഈ കാൻസറുകൾ കൂടി ഉൾപ്പെടുത്തുന്നതെന്ന് പരിശോധിക്കാം. ഇവയാണ് സർവസാധാരണമായ കാൻസറുകൾ; മാത്രമല്ല നേരത്തെ കണ്ടുപിടിക്കാനും ചികിത്സിച്ചുമാറ്റാനും ഏറെ സൗകര്യപ്രദമായ കാൻസറുകളും ഇവയാണ്. മുൻകൂട്ടി രോഗനിർണയം നടത്തുക, കാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക, കാൻസറിന് കാരണമാകുന്ന ജീവിതശൈലിയിലും സ്വഭാവങ്ങളിലും മാറ്റം വരുത്തുക , കാൻസർ രോഗനിർണയം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ചികിത്സ തുടങ്ങുമെന്നും, ഒരു വർഷത്തിനകം ചികിത്സ പൂർത്തിയാക്കുമെന്നും ഉറപ്പുവരുത്തുക, കാൻസർ വാക്സിൻ സാർവത്രികമാക്കുക എന്നിവയാണ് കേരള കാൻസർ കൺട്രോൾ സ്ട്രാറ്റജിയുടെ പ്രധാന ലക്ഷ്യങ്ങൾ. കാൻസർ ബാധിക്കുന്ന 80 ശതമാനം രോഗികളുടെയും ചികിത്സ ഗവൺമെന്റ് ആശുപത്രികളിൽത്തന്നെ നടത്തുക. അനാവശ്യമായ കാൻസർ ചികിത്സാ ചെലവ് കുറക്കുക അനാവശ്യമായ കീമോതെറാപ്പി മുതലായ ചികിത്സകൾ ഉപേക്ഷിക്കുക എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

കേരളത്തിൽ കാൻസർ ചികിത്സയുടെ അമരത്ത് മൂന്നു ഗവണ്മെന്റ് കാൻസർ ആശുപത്രികൾ ആണ് ഉള്ളത്. ഇവ ഉന്നതതല കാൻസർ ചികിത്സാകേന്ദ്രങ്ങൾ (അപെക്സ് കാൻസർ സെന്ററുകൾ )ആയി അറിയപ്പെടുന്നു. ഇതിനു പുറമേ ഗവൺമെന്റിന് കീഴിൽ അഞ്ച് മെഡിക്കൽ കോളേജുകളിൽ കാൻസർ ചികിത്സ ലഭ്യമാണ്. ഇവയും പത്തോളം പ്രൈവറ്റ് കാൻസർ ആശുപത്രികളും സമഗ്ര കാൻസർ ചികിത്സകേന്ദ്രങ്ങൾ ആയി പരിഗണിക്കപ്പെടുന്നു. ഇതിനു താഴെ മൂന്ന് ജില്ലാതല ആശുപത്രികൾ കാൻസർ ആശുപത്രികൾ (കാൻസർ നിർണയ /സഹായ പരിചരണ കേന്ദ്രങ്ങൾ) ആണ്. ഇതിനുതാഴെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ( അവബോധ തുടർചികിൽസാ സൗകര്യങ്ങളുള്ള ആശുപത്രികൾ ) പ്രവർത്തിക്കുന്നു. അങ്ങനെ കേരളത്തിലെ തുടക്കമെന്ന നിലയിൽ ഈ നാലുതലങ്ങളിൽ അംഗീകരിക്കപ്പെട്ട കാൻസർ ആശുപത്രികളുടെ എണ്ണം 21 ആണ് .

കേരളത്തിലെ മൂന്ന് കാൻസർ സെന്ററുകൾ (ആർ.സി.സി / സി.സി.ആർ.സി /എം.സി.സി) ഇതിന്റെ തലപ്പത്ത് വരുന്നു. ഇവിടങ്ങളിൽ അത്യാധുനിക കാൻസർ ചികിത്സ, കാൻസർ റിസർച്ച് , കാൻസർ ചികിത്സ ട്രെയിനിങ് എന്നിവയ്‌ക്ക് പുറമേ ആ പ്രദേശത്തിന്റെ കാൻസർ ബാധിതരുടെ കണക്കു പട്ടികയ്‌ക്കും മേൽനോട്ടം വഹിക്കുന്നു. ഇതിന്റെ രണ്ടാം ശ്രേണിയിലുള്ള ആശുപത്രികൾ സമഗ്ര കാൻസർ ചികിത്സ നടപ്പാക്കുന്നു.

സാമ്പത്തിക സഹായം

കാൻസർ രോഗത്തിനായുള്ള വിപുലമായ സാമ്പത്തിക സഹായങ്ങൾ കേരള ഗവണ്മെന്റ് നൽകുന്നുണ്ട്. കേരളം ആരോഗ്യസുരക്ഷാ പദ്ധതി , കാൻസർ സുരക്ഷാ സ്‌കീം, കാരുണ്യ ബെനവലെന്റ്ഫണ്ട്, സ്‌നേഹസാന്ത്വനം എന്നീ പദ്ധതികൾ കാൻസർ രോഗികൾക്ക് സഹായം നൽകുന്നു. ഇപ്പോഴത്തെ 60ശതമാനത്തിൽ നിന്ന് 80 ശതമാനം രോഗികളെയും ഈ പദ്ധതികൾക്കു കീഴിൽ കൊണ്ടുവരാൻ ഗവണ്മെന്റ് ലക്ഷ്യമിടുന്നു.

കാൻസർ ചികിത്സാ സൗകര്യങ്ങളുള്ള

ഗവൺമെന്റ് ആശുപത്രികൾ

കാൻസർ ചികിത്സാ സൗകര്യങ്ങളുള്ള ഗവൺമെന്റ് ആശുപത്രികളെക്കുറിച്ച് സാധാരണക്കാരിൽ പലർക്കും വ്യക്തമായ ധാരണയില്ലാത്തത് പലപ്പോഴും രോഗനിർണയം വൈകുന്നതിന് പോലും കാരണമാകുന്നുണ്ട്.

കാൻസർ ചികിത്സാ സൗകര്യങ്ങളുള്ള ഗവൺമെന്റ് ആശുപത്രികൾ ഇനി പറയുന്നവയാണ്. -

തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി , കോട്ടയം പാല ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി , ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കഞ്ചിക്കോട് ഇസിഡിസി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ഹോസ്‌പിറ്റൽ, കണ്ണൂർ ജില്ലാ ആശുപത്രി, ജില്ലാ ആശുപത്രി തലശേരി, കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CANCER TREATMENT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.