കാലം 1985. പത്രപ്രവർത്തനജോലി മതിയാക്കി കണക്കെഴുത്തിന്റെ ലോകത്തിലേക്ക് ഒരല്പം ഖിന്നനായി ഞാൻ ചെന്നെത്തിയത് ആ വർഷം സെപ്തംബർ 20 നായിരുന്നു. കാസർകോടൻ ഭൂമികയിൽ നിന്ന് തളിപ്പറമ്പിനു കിഴക്കൻ ഭാഗത്തെ ശ്രീകണ്ഠപുരത്തെ മണ്ണിലേക്ക് ഒരു പറിച്ചുനടൽ. വല്ലാത്ത വേദനയായിരുന്നു അത്. ഇഷ്ടമുള്ള ജോലിയുപേക്ഷിച്ച്, ആരാന്റെ പോക്കറ്റിലെ കാശെണ്ണുന്ന കർമ്മം. പക്ഷേ വേറെ നിവൃത്തിയില്ലായിരുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദം അത്ര വലുതായിരുന്നു...!
ഒരുനാൾ കാഷ് കാബിനിൽ ഇടപാടുകാർക്ക് കാശെണ്ണിക്കൊടുത്തുകൊണ്ടിരിക്കേ, വൃദ്ധനായ ഒരു മനുഷ്യന്റെ കൈത്തണ്ടയിൽ കുമിള പോലെ മാംസം പൊങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചു. അന്നുതന്നെ വേറൊരാളിലും അതു കണ്ടു. ജിജ്ഞാസയായി. എന്താണ് സംഭവം? ഈ നാട്ടുകാർക്ക് മാത്രമുള്ള അപൂർവരോഗമോ? ഞാൻ കാബിനു പുറത്തേക്കു വന്ന് അയാളെ വിളിച്ച് കാര്യമന്വേഷിച്ചു. ഒരു ചെറുചിരിയോടെയാണ് അയാൾ കാര്യം അവതരിപ്പിച്ചത്: ''സേലം വെടിവയ്പ്പിന്റെ ബാക്കിപത്രമാ മോനേ ഇത് - ഇത്, വെറും മാംസമല്ല - വെടിയുണ്ടയുടെ ചീളുകളാ...""
പിന്നെ കാശു മറന്നു. കാബിൻ മറന്നു. ജോലി മറന്നു... എന്റെ ലോകം വേറൊന്നായി. ശ്രീകണ്ഠപുരത്തിനു തൊട്ടടുത്ത കാവുമ്പായിയിൽ നിന്നെത്തിയ ആ വയോധികർ, വലിയൊരു പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളാണെന്ന അറിവ് എന്നെ വേറൊരു മനുഷ്യനാക്കി. കാവുമ്പായി കർഷകസമരത്തെക്കുറിച്ച് കൂടുതലറിയാനുള്ള പത്രപ്രവർത്തകന്റെ ജിജ്ഞാസ എന്നെ അക്ഷരാർത്ഥത്തിൽ അന്നാട്ടുകാരനാക്കി... ജനിച്ച മണ്ണിനുവേണ്ടി പോരാടിയ പച്ചമനുഷ്യരുടെ ചരിത്രം ഞാൻ പഠിച്ചെടുക്കുകയായിരുന്നു...
രണ്ട്
ഒരു വലിയ ഫീച്ചർ എഴുതാനായിരുന്നു ആദ്യ ശ്രമം. അതിനായി ഇരുന്നൂറ് പേജിന്റെ ഒരു വലിയ നോട്ടുബുക്കും കരുതിയാണ് ബാങ്ക് ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ കാവുമ്പായിയിലേക്കുള്ള എന്റെ യാത്ര. ശ്രീകണ്ഠപുരത്ത് ഞാൻ താമസിക്കുന്ന വി.പി. ലോഡ്ജിന് തൊട്ടടുത്ത് ഒരു ട്യൂട്ടോറിയൽ കോളേജുണ്ടായിരുന്നു. അവിടെ മലയാളം പഠിപ്പിക്കുന്ന മാധവൻ മാഷെ ഞാൻ പരിചയപ്പെട്ടിരുന്നു. മാഷ് താമസിക്കുന്നത് കാവുമ്പായിയിലാണെന്നത് ആകസ്മികതയായി. മാഷോടൊത്തായി പിന്നീട് എന്റെ കാവുമ്പായി യാത്രകൾ. രാത്രി ഏറെ വൈകുവോളം ആ ഗ്രാമത്തിലെ പലരേയും കണ്ടുമുട്ടി കുറിപ്പുകൾ തയ്യാറാക്കി. സന്ധ്യ കഴിഞ്ഞാൽ തിരിച്ചു മടങ്ങാൻ ബസ്സില്ല. മാധവൻ മാഷുടെ വീടിന്റെ ചായ്പ്പിലായി ഉറക്കം. രാവിലെ എഴുന്നേറ്റ് അഞ്ചാറു മൈൽ നടന്ന് ശ്രീകണ്ഠപുരത്തെത്തി കുളിച്ച് ബാങ്കിലെത്തും. ആകപ്പാടെ എന്നെ അടിമുടി മാറ്റിമറിച്ച നാളുകൾ... നോട്ടുബുക്കുകൾ പലത് പിന്നേയും തീർന്നു. പയ്യന്നൂരിൽ വരുന്ന ചില വാരാന്ത്യങ്ങളിൽ അച്ഛന്റെ സുഹൃത്തുകൂടിയായിരുന്ന പയ്യന്നൂർ എം.എൽ.എ. എൻ. സുബ്രഹ്മണ്യ ഷേണായി എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട്ടിൽ ചെന്ന് ചരിത്രം പഠിച്ചു. ഒന്നുരണ്ട് തവണ കോഴിക്കോട് ഗോവിന്ദപുരത്ത് കെ. എ. കേരളീയനെ ചെന്നുകണ്ടു. ഫീച്ചറിലൊതുങ്ങില്ല ചരിത്രം എന്നതിനാൽ നോവലിലേക്ക് സംഭവം നീണ്ടു...
1987 സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ് 'മണ്ണ്" എന്ന നോവലിന്റെ രചനാകാലം. മണ്ണിനുവേണ്ടി പച്ചമനുഷ്യന്റെ പോരാട്ടചരിത്രം തന്നെയായിരുന്നു പേനയിൽ നിന്ന് കടലാസിലേക്ക് പകർന്നു വീണത്. കോയാടനും കുഞ്ഞിരാമൻ നമ്പ്യാരും നങ്ങമ്മയുമൊക്കെ ജീവൻ വച്ചുവന്നു.
മൂന്ന്
'മണ്ണ്" എന്ന് പേരിട്ടുതന്നെ നോവലെഴുതി പൂർത്തിയാക്കി. പയ്യന്നൂരിൽ എന്റെ വീടിനടുത്തായിരുന്നു പി. കണ്ണൻ നായർ എന്ന ദേശാഭിമാനി ജനറൽ മാനേജരുടെ വീട്. എന്റെ പ്രിയമിത്രങ്ങളായ ഗംഗന്റേയും പ്രഭാകരന്റേയും അമ്മാവൻ. ഞാൻ എറണാകുളത്ത് കലൂർ ദേശാഭിമാനി ഓഫീസിൽ ചെന്ന് കണ്ണൻനായരെ കണ്ടു. ദേശാഭിമാനി ഓഫീസിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ താമസം. 'ഇതൊന്ന് വായിച്ചു നോക്കുമോ?' ഞാൻ ചോദിച്ചു. അദ്ദേഹം സൗമനസ്യം കാട്ടി. മൂന്നാം നാൾ ലാന്റ് ഫോണിൽ അദ്ദേഹത്തിന്റെ വിളി വന്നു. 'ഇത് ദേശാഭിമാനി വാരാന്തപ്പതിപ്പിൽ കൊടുത്താലോ?' ഞാനന്തം വിട്ടു. പി. ഗോവിന്ദപ്പിള്ളയും വി.വി. ദക്ഷിണാമൂർത്തിയും ഐ.വി. ദാസും എരുമേലി പരമേശ്വരൻപിള്ളയുമായിരുന്നു ആദ്യ കയ്യെഴുത്തുപ്രതി വായനക്കാർ...
നാല്
1988 ജൂലൈ 31 തൊട്ട് മുപ്പത്തഞ്ച് ഞായറാഴ്ചകളിൽ ദേശാഭിമാനി വാരാന്തപ്പതിപ്പിലൂടെ 'മണ്ണ്' പ്രകാശിതമായി. സുനിൽ അശോകപുരത്തിന്റെ ഗംഭീരവരയും. തുടർന്ന് സഖാവ് കണ്ണൻനായർ തന്നെ അതിന് പുസ്തകരൂപവുമൊരുക്കി; സഖാവ് ഇ.എം.എസിന്റെ അവതാരികയോടെ 'ചിന്ത" പുറത്തിറക്കിയ ആ നോവലിന്റെ അഞ്ചാം പതിപ്പ് ഉടനെ ചിന്തയിലൂടെത്തന്നെ പുറത്തിറങ്ങുകയാണ്. ഇ.എം.എസിനെപ്പെലെ എനിക്കേറെ പ്രിയപ്പെട്ട സഖാവ് എൻ.ഇ. ബാലറാമിന്റെ മരുമകൻ എൻ.ഇ. സുധീറിന്റെ പിൻകുറിപ്പോടെ...
(സതീഷ്ബാബു പയ്യന്നൂർ :
98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |