SignIn
Kerala Kaumudi Online
Thursday, 25 April 2024 1.52 PM IST

യു.പി, പഞ്ചാബ്, കേരളം പിന്നെ കോൺഗ്രസും

photo

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായി. ഹിന്ദി ഹൃദയഭൂമിയെന്ന് വിളിക്കുന്ന യു.പിയിൽ 1985ന് ശേഷം ഇതാദ്യമായി തുടർഭരണമുണ്ടായി. അത് തീവ്രഹിന്ദുത്വ വികാരമുയർത്തി വിട്ട് പ്രചാരണം നയിച്ച ബി.ജെ.പി കൊണ്ടുപോയി. 403 സീറ്റുകളിൽ 399 ലും മത്സരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രണ്ട് സീറ്റിൽ ജയിക്കാനായി. 2017ൽ ഏഴ് സീറ്റ് കിട്ടിയത് വച്ചുനോക്കുമ്പോൾ കോൺഗ്രസ് പപ്പടം പോലെ പൊടിഞ്ഞു. സമാജ് വാദി പാർട്ടി മാനംകാക്കുന്ന പോരാട്ടം നടത്തിയിട്ടും യോഗി ആദിത്യനാഥിനെ കീഴ്പ്പെടുത്താനായില്ല.

പ്രിയങ്കഗാന്ധി നേരിട്ടിറങ്ങി നാടിളക്കാൻ നോക്കിയിട്ടും യോഗിയെയോ ബി.ജെ.പിയെയോ തളയ്ക്കാനായില്ല. കർഷകസമരത്തിനിടെ ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയുടെ പുത്രൻ വാഹനമിടിച്ച് കർഷകരെ കൊലപ്പെടുത്തിയ ലഖിംപൂർ ഖേരിയിൽ പോലും ബി.ജെ.പി വൻവിജയം നേടി. ഭരണകക്ഷിയുടെ ഒത്താശയുള്ള ക്രിമിനലുകളാൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയെ പ്രിയങ്കഗാന്ധി കോൺഗ്രസിന് വേണ്ടി കളത്തിലിറക്കിയിട്ടും ഹസ്രത്തിൽ ബി.ജെ.പിയ്‌ക്ക് തന്നെയായിരുന്നു വിജയം. ഫലത്തിൽ, ആളും ആരവവും പണവും വലിയ പ്രചാരണതന്ത്രങ്ങളുമൊക്കെയായി കളം നിറഞ്ഞ ബി.ജെ.പിക്ക് മുന്നിൽ കോൺഗ്രസ് കാലഹരണപ്പെട്ട പുണ്യവാളന്മാർ മാത്രമായി നിലംപതിച്ചു. നെഹ്റു കുടുംബത്തിന്റെ മഹിമയും കൊണ്ട് കാലം കഴിക്കാമെന്നല്ലാതെ ഇനിയങ്ങോട്ടുള്ള യാത്രയിൽ രാജ്യത്ത് കോൺഗ്രസിന് എങ്ങനെ തിരിച്ചുകയറാമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

പഞ്ചാബിലാകട്ടെ കഷ്ടാൽ കഷ്ടതരമാണ് സംഗതി. സ്വയം കൃതാനർത്ഥം കോൺഗ്രസ് വരുത്തിവച്ച വിന. പഞ്ചാബികൾ അല്പം കൂടി ചിന്തിച്ച് വോട്ടുചെയ്തെന്ന് പറയാം. അവർ സംസ്ഥാനഭരണത്തെയും കേന്ദ്രഭരണത്തെയും വിലയിരുത്തി. സംസ്ഥാനത്തെ കോൺഗ്രസ് ഭരണത്തോടും കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തോടും അവർ രോഷം കാട്ടി. കർഷകസമരത്തിന്റെ സ്വാധീനം കേന്ദ്രവിരുദ്ധവികാരത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കാതെ ഒരു വർഷത്തോളം സമരത്തോട് മുഖം തിരിച്ചുനിന്ന മോദിസർക്കാരിന്റെ ധാർഷ്ട്യത്തെ അവർ അംഗീകരിച്ചില്ല. കോൺഗ്രസിനെയും ശിരോമണി അകാലിദളിനെയും പിന്തുണച്ച വോട്ടർമാരിൽ മൂന്നിലൊന്ന് പേരും ഇരുകക്ഷികളുടെയും പെരുമാറ്റത്തിലുള്ള വിപ്രതിപത്തി കാട്ടിയപ്പോൾ തുണയായത് ആംആദ്മി പാർട്ടിക്കാണ്. ഉത്തരഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയുന്നില്ല. ബി.ജെ.പിയും അവരുടെ തീവ്രഹിന്ദുത്വ ദേശീയവാദവും കുറേക്കൂടി പരന്നുതുടങ്ങിയെന്ന് സാമാന്യമായി പറയാം.

യു.പി നൽകിയ മുന്നറിയിപ്പ്

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നടത്തിയ കഠിനാദ്ധ്വാനത്തിന് നേരിയ ഫലമുണ്ടായിട്ടുണ്ട്. പക്ഷേ അത് ബി.ജെ.പിയെ മറികടക്കാൻ പോന്നതായില്ല. നഗര, ഇടത്തരം നഗര മേഖലകളിലെല്ലാം ബി.ജെ.പി തേരോട്ടം നടത്തി. വോട്ട് വിഹിതവും 2017നേക്കാളുയർന്നു. ദരിദ്രരെ വീണ്ടും ദരിദ്രരാക്കുന്ന ആഘാതമാണ് യു.പിയിലെ സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്നത് യാഥാർത്ഥ്യം. 2017നെ അപേക്ഷിച്ച് തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം 16 ലക്ഷത്തോളം കൂടി. 2012-17 കാലത്തെ വച്ചുനോക്കുമ്പോൾ സംസ്ഥാന ജി.ഡി.പിയുടേത് ഏറ്റവും കുറഞ്ഞ വളർച്ചയാണ്. വിലക്കയറ്റം രൂക്ഷം. ദാരിദ്ര്യസൂചികയിൽ യു.പി ഏറ്റവും താഴെയാണ് നീതി ആയോഗിന്റെ കണക്കിൽ. എന്നിട്ടും യോഗി ആദിത്യനാഥ് 1985ന് ശേഷം യു.പിയിൽ തുടർഭരണം നേടുന്ന മുഖ്യമന്ത്രിയായി. എട്ട് വർഷത്തെ കേന്ദ്ര, സംസ്ഥാന ബി.ജെ.പി ഭരണകാലത്തെ ദുരിതങ്ങളിലല്ല വോട്ടർമാരുടെ തിരഞ്ഞെടുപ്പ് അളവുകോലുകളെന്ന് ഈ ഫലം വ്യക്തമാക്കുന്നുണ്ടെന്ന് മാദ്ധ്യമപ്രവർത്തകയായ സീമ ചിസ്തി ചൂണ്ടിക്കാട്ടുന്നു.(കടപ്പാട്: ദി ഹിന്ദു)

ഹിന്ദുത്വ വികാരം ആളിക്കത്തിച്ചുള്ള പ്രചാരണത്തിലാണ് യോഗി മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചതെന്ന് പറയാം. കൊവിഡ് മഹാമാരിക്കാലത്തെ ദുരിതത്തിനിടയിൽ യു.പി വിധാൻസഭ പാസാക്കിയ ഏകനിയമം മതപരിവർത്തനം തടയൽ നിയമമാണ്. യു.പിയിലെ സാഹചര്യത്തിൽ അത് പ്രധാനമായും മിശ്രവിവാഹത്തിന് തുനിയുന്ന മുസ്ലിം യുവാക്കൾക്ക് നേരേയുണ്ടാകുന്ന ആൾക്കൂട്ടാക്രമണത്തിന് നിയമപരിരക്ഷ നൽകാൻ മാത്രമാണ്. അറവുശാലകളും തുകൽനിർമാണശാലകളും അടച്ചിട്ടത് നിരവധി മുസ്ലിങ്ങളുടെ അന്നംമുട്ടിക്കുന്ന തീരുമാനമായിട്ടും ഇസ്ലാമോഫോബിയയുടെ പ്രത്യാഘാതങ്ങൾ തിരിച്ചറിയുന്ന ജനസാമാന്യം അടങ്ങിയിരുന്നു. പക്ഷേ, യോഗി വെറുതെയിരുന്നില്ല. ആളുകളിലേക്ക് ക്ഷേമാനുകൂല്യങ്ങളെത്തിക്കാൻ അദ്ദേഹം മികച്ച യത്നം നടത്തി. ആളുകളിലേക്ക് പണം നേരിട്ടെത്തി. വർഗീയലഹളകൾക്ക് ശമനമുണ്ടായി. ഇസ്ലാമോഫോബിയ വളർത്തി ഹിന്ദു- മുസ്ലിം വേർതിരിവ് ശക്തമാക്കിക്കൊണ്ടാണ് അത് സാധിച്ചെടുത്തതെന്നതാണ് വൈരുദ്ധ്യം. ഹിന്ദുവോട്ടർമാരും ബി.ജെ.പിയും തമ്മിലൊരു വൈകാരിക അടുപ്പം സ്ഥാപിച്ചെടുക്കുന്നതിൽ വിജയിച്ച മുഖ്യമന്ത്രിയാണ് യോഗി. ഹിന്ദുവോട്ടർമാരുടെ സാമാന്യയുക്തിയെ നിശ്ചയിച്ചെടുത്തത് ഹിന്ദു-മുസ്ലിം വേർതിരിവ് സൃഷ്ടിച്ചുകൊണ്ടായിരുന്നു.

ജനതയെ അടിച്ചമർത്തിക്കൊണ്ടുള്ള ക്രമസമാധാന പാലനമാണ് യോഗി സാധിച്ചെടുത്തതെന്ന് നിരീക്ഷിക്കുന്നുണ്ട്, രാഷ്ട്രീയഗവേഷകനും കോളമിസ്റ്റുമായ അസിം അലി. ഹിന്ദു കുടക്കീഴിൽ അണിനിരന്നാൽ യാദവ, മുസ്ലിം 'ക്രിമിനലു'കളിൽ നിന്ന് സുരക്ഷിതരായിരിക്കാമെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിൽ യോഗി വിജയിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവരെ അടിച്ചമർത്തി. പശുക്കടത്ത്, ലവ് ജിഹാദ് പോലുള്ള പ്രശ്നങ്ങളുയർത്തി മുസ്ലിങ്ങളെ സാമൂഹ്യവിരുദ്ധരാക്കി നിറുത്തി. സ്വരക്ഷ കണക്കിലെടുത്ത് മുസ്ലിങ്ങളൊക്കെ പശുക്കളെയും പോത്തുകളെയും കൊണ്ടുപോകുന്നത് പോലും നിറുത്തി. ബീഫ് നിരോധനമാണല്ലോ.

ഇവിടെ നിന്നുകൊണ്ടാണ് യോഗിയും ബി.ജെ.പിയും തീവ്ര ഹിന്ദുത്വ ദേശീയതാവാദം ശക്തമാക്കിയത്. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പണാധിപത്യത്തിന്റെയും വൻതോതിലുള്ള കേന്ദ്രീകരണം സാദ്ധ്യമാക്കിക്കൊണ്ടുള്ള പ്രചണ്ഡപ്രചാരണത്തെ അതിജീവിക്കാൻ മൃദുഹിന്ദുത്വമെന്നല്ല, സാമാന്യരീതിയിലുള്ള സാമൂഹ്യപ്രചാരണ വഴി കൊണ്ടുപോലും സാധിക്കണമെന്നില്ല. അവിടെയാണ് മൂന്ന് വർഷമായി ശക്തമായ പ്രതിപക്ഷം പോലുമാകാൻ കെല്പില്ലാതെ ഉഴലുന്ന കോൺഗ്രസ്, നെഹ്റു കുടുംബത്തിന്റെ പഴയ പ്രതാപകാലത്തെ അയവിറക്കി നേട്ടമുണ്ടാക്കാമോ എന്ന് നോക്കുന്നത്. ജനം ഊറിച്ചിരിച്ചില്ലെങ്കിലല്ലേ അദ്ഭുതപ്പെടേണ്ടത്!

കേരളത്തിലേക്ക് വന്നാൽ

രാജസ്ഥാനിലും ഛത്തീസ്ഗഢിലും പേരിന് മഹാരാഷ്ട്രയിലും മാത്രമാണ് കോൺഗ്രസ് ഇന്ന് അധികാരത്തിലുള്ളത്. ഇതിൽത്തന്നെ മഹാരാഷ്ട്രയിൽ ശിവസേന- എൻ.സി.പി സഖ്യത്തിൽ ഒരു കക്ഷിയായി മാത്രമാണ് പ്രാതിനിദ്ധ്യം. കോൺഗ്രസിന് ശക്തി അവശേഷിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിൽ മുന്നിലായി കേരളമുണ്ട്. രാഹുൽഗാന്ധി പോലും യു.പിയിലെ അമേത്തിയിലെ പൾസ് തിരിച്ചറിഞ്ഞിട്ട് മത്സരിക്കാൻ വയനാട്ടിൽ വന്നത് അതുകൊണ്ടാണല്ലോ.

എന്നാൽ എന്താണിവിടത്തെ കാഴ്ച. കേരളത്തിൽ അഞ്ച് വർഷവും സർക്കാരിനെതിരെ അഴിമതിയാരോപണങ്ങൾ വരെ ഉയർത്തിക്കൊണ്ടുവന്നിട്ടും വിശ്വാസ്യതയുള്ള പ്രതിപക്ഷമായി ഉയരാൻ കോൺഗ്രസിനായില്ല. ഫലമോ, വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.

അടിത്തറ ശക്തമാക്കിക്കൊണ്ടും ക്ഷേമാനുകൂല്യങ്ങളിലൂന്നിയും ഭരണത്തുടർച്ച നേടിയെടുത്ത ഇടതുമുന്നണി സർക്കാർ ഇപ്പോഴും ശക്തിക്ഷയമേശാതെ തുടരുന്നു. എന്നാൽ രണ്ടാമതും പ്രതിപക്ഷത്തായ കോൺഗ്രസിനകത്ത് തൊഴുത്തിൽകുത്ത് വൻതോതിലാണ്. തോൽവിക്ക് ശേഷം നേതൃമാറ്റമുണ്ടായി. പുതിയ നേതൃത്വത്തെ അംഗീകരിക്കാനിപ്പോഴും വിമ്മിഷ്ടം കാട്ടുന്ന പഴയ നേതൃത്വത്തെ കാണാം.

നിയമസഭയിൽ ശക്തിയായ വാദഗതികളുയർത്തിയും പരിസ്ഥിതി വിഷയങ്ങളിലടക്കം നിലപാടുകളുയർത്തിപ്പിടിച്ചും നേരത്തേ തന്നെ വി.ഡി. സതീശനുണ്ടായിരുന്ന സ്വീകാര്യത കോൺഗ്രസിന് മുതൽക്കൂട്ടാണ്. പക്ഷേ തൊഴുത്തിൽകുത്തും ഡി.സി.സി പുന:സംഘടന പോലും നേരാം വണ്ണം പൂർത്തിയാക്കാനാവാത്തതും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സ്ഥിതിയാണ്.

തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം നടത്തിയ ചില പുന:സംഘടനകളിലും അതിന് മുമ്പ് തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ സ്ഥാനാർത്ഥി നിർണയങ്ങളിലുമെല്ലാം എ.ഐ.സി.സിയുടെ സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ വല്ലാതെ കൈകടത്തി അധീശത്വമുറപ്പിക്കാൻ ശ്രമിക്കുന്നെന്ന തോന്നൽ ചില മുതിർന്ന നേതാക്കളിൽ ശക്തം. അഞ്ച് സംസ്ഥാനങ്ങളിലെ പുതിയ തിരഞ്ഞെടുപ്പ് ഫലം കൂടി വന്നതോടെ വേണുഗോപാലിന്റെ കഴിവുകേടാണ് രാജ്യവ്യാപകമായി തന്നെ ചർച്ച. ദേശീയ കോൺഗ്രസ് നേതൃത്വത്തിലെ വിമതസ്വരങ്ങളായ ജി-23 നേതാക്കൾ വേണുവിനെതിരാണ്.

വേണുവിനെതിരെ കേരളത്തിലും സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനമാണുയരുന്നത്. വ്യക്തിവിരോധത്താലുള്ള കടന്നാക്രമണമാണെന്ന് വ്യാഖ്യാനിക്കാമെങ്കിൽ പോലും വേണുഗോപാലിനെതിരെ വിമർശനങ്ങളെ പാടേ തള്ളിക്കളയാനാവില്ല. അഹമ്മദ് പട്ടേൽ വരെയുള്ളവർ ഇരുന്ന എ.ഐ.സി.സിയുടെ സംഘടനാ ജനറൽസെക്രട്ടറി സ്ഥാനത്ത് വേണുഗോപാൽ വരുമ്പോൾ അദ്ദേഹത്തിന് പൊതുസമൂഹത്തിൽ മുൻപേയുള്ള പരിവേഷവും പരിശോധിക്കപ്പെടുമെന്നുറപ്പ്. കേരളത്തിലെ ക്രൈംബ്രാഞ്ച് ബലാത്സംഗക്കേസിൽ പ്രതി ചേർത്ത നേതാവാണ്. അത് രാഷ്ട്രീയ പകപോക്കലായി കോൺഗ്രസുകാർ ചിത്രീകരിക്കുമ്പോഴും പല നേതാക്കൾക്കുമെതിരെ വരാത്ത കേസിലേക്ക് ഇദ്ദേഹം വലിച്ചിഴയ്ക്കപ്പെട്ടത് യാദൃശ്ചികമായി മാത്രം കരുതാനാകുമോ?

വേണുഗോപാലിനെതിരെ മൊഴി നൽകിയ ഇരയുടെ പരാതിയിന്മേൽ സംസ്ഥാനസർക്കാർ ആ കേസ് സി.ബി.ഐക്ക് വിട്ടു. അങ്ങനെ സി.ബി.ഐ അന്വേഷിക്കുന്ന കേസിലും പ്രതിസ്ഥാനത്താണ് വേണുഗോപാൽ. അങ്ങനെ കളങ്കിതമുഖം അദ്ദേഹത്തിനുണ്ട്. എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പ്രചരണത്തിനിറങ്ങാത്തതിലൊരു സി.ബി.ഐ പേടിയുണ്ടെന്ന് പോലും സൈബർ പോരാളികൾ പ്രചരിപ്പിക്കുന്നു.

അശോക് ചവാൻ സമിതിയുടെ ഗതി

കേരളവും ബംഗാളുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസിനേറ്റ തിരിച്ചടി പഠിച്ച് റിപ്പോർട്ട് നൽകാൻ എ.ഐ.സി.സി നിയോഗിച്ചതായിരുന്നു അശോക് ചവാൻ സമിതി. ചവാന് പുറമേ മനീഷ് തിവാരിയും ജ്യോതി മണിയുമായിരുന്നു അംഗങ്ങൾ. ഇവർ എല്ലാ സംസ്ഥാനങ്ങളിലെയും പ്രമുഖരായ നേതാക്കളിൽ നിന്നെല്ലാം മൊഴിയെടുത്തു. 80 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി നൽകിയായിരുന്നു ഇത്. ചവാൻസമിതി കഴിഞ്ഞ വർഷം ജൂലായിൽ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ 200 നേതാക്കൾക്കെതിരെ പരാമർശങ്ങളുള്ള റിപ്പോർട്ടാണ്. മിനക്കെട്ട് പഠിച്ച് സമിതി സമർപ്പിച്ച റിപ്പോർട്ട്, കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന പ്രവർത്തകസമിതി പോലും പരിഗണനയ്ക്കെടുത്തില്ല എന്നറിയുമ്പോഴാണ് കോൺഗ്രസ് എന്തൊരു തമാശയാണെന്ന് ബോദ്ധ്യപ്പെടുക.

അന്ന് ഗുലാം നബി ആസാദ് ഈ വിഷയമുയർത്തിയപ്പോൾ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കേണ്ടത് അദ്ധ്യക്ഷയാണെന്ന് പറഞ്ഞൊഴിഞ്ഞത് കെ.സി. വേണുഗോപാലായിരുന്നു. ഇനി വേണുഗോപാലിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ടോ? ആർക്കറിയാം!

യു.പി തിരഞ്ഞെടുപ്പ് ഫലം 2024ൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ ചൂണ്ടുപലകയാണ്. ബി.ജെ.പി അതിന്റെ പ്രതാപം കൂട്ടിയിരിക്കുന്നു. അതിന് തടയിടാൻ ചെറിയ കളികളൊന്നും പോരാ. അവിടെ കോൺഗ്രസ് ഈ തട്ടിക്കൂട്ട് കലാപരിപാടികളുമായി എത്രനാൾ പിടിച്ചുനിൽക്കും!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, CONGRESS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.