കൊച്ചി: വിലക്കുറവിന്റെയും ആകർഷക ഓഫറുകളുടെയും പിൻബലത്തിൽ ഉപഭോക്താക്കൾ ഒഴുകിയെത്തിയതോടെ ഇത്തവണത്തെ അക്ഷയതൃതീയയിൽ സംസ്ഥാനത്തെ സ്വർണാഭരണ വിപണി കാഴ്ചവച്ചത് മികച്ച വില്പന നേട്ടം. ഇന്നലെ വൈകിട്ടുവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞവർഷത്തേക്കാൾ 20 മുതൽ 25 ശതമാനം വരെ വില്പന വർദ്ധിച്ചുവെന്ന് വ്യാപാരികൾ വ്യക്തമാക്കി. കേരളത്തിൽ 12,000 റീട്ടെയിൽ സ്വർണ വ്യാപാരികളുണ്ട്. 15 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഇന്നലെ സ്വർണാഭരണം വാങ്ങാനെത്തിയത് എന്നാണ് അനൗദ്യോഗിക കണക്ക്.
2018ലെ അക്ഷയതൃതീയയ്ക്ക് 4,000 കിലോഗ്രാമോളം സ്വർണം കേരളത്തിൽ വിറ്റഴിഞ്ഞിരുന്നു. ഇക്കുറി 30 ശതമാനം വർദ്ധനയോടെ ഏകദേശം 6,000 കിലോയുടെ സ്വർണം വിറ്റഴിയുമെന്നായിരുന്നു വിലയിരുത്തലുകൾ. ഇന്നലെ രാത്രി വൈകിയും നടന്ന കച്ചവടം കൂടി കണക്കാക്കുമ്പോൾ വില്പന 6,000 കിലോ കവിഞ്ഞേക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞവർഷം 1,500 കോടി രൂപയുടെ വില്പന അക്ഷയതൃതീയയ്ക്ക് കേരള വിപണി രേഖപ്പെടുത്തിയിരുന്നു. ഇക്കുറി 1,800-2,000 കോടി രൂപയുടെ വില്പന നടന്നുവെന്ന് കണക്കാക്കുന്നു. പ്രളയപ്പെടുതി മൂലമുണ്ടായ സാമ്പത്തിക ഞെരുക്കം ബാധിച്ചില്ലായിരുന്നുവെങ്കിൽ കച്ചവടം ഇതിലും കൂടുമായിരുന്നുവെന്ന് ഭീമ ജുവലേഴ്സ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ 'കേരളകൗമുദി"യോട് പറഞ്ഞു.
ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞവർഷത്തേക്കാൾ കൂടിയെങ്കിലും വാങ്ങൽ അളവിൽ ഇക്കുറി പ്രതീക്ഷിച്ചത്ര വർദ്ധന ഉണ്ടായില്ല. ഓഫറുകളുള്ളതിനാൽ വിവാഹ പാർട്ടികൾ വൻതോതിൽ ഒഴുകിയെത്തി. മറ്റു ഉപഭോക്താക്കൾ കൂടുതൽ താത്പര്യം കാട്ടിയത് ലൈറ്ര്വെയ്റ്റ് ആഭരണങ്ങൾ, ലോക്കറ്റുകൾ, പൂജിച്ച സ്വർണനാണയങ്ങൾ എന്നിവയോടാണ്. സ്വർണവില ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പവന് സർവകാല റെക്കാഡ് ഉയരമായ 25,160 രൂപയിലും പവന് 3,145 രൂപയിലും എത്തിയിരുന്നു. ഇതിനെ അപേക്ഷിച്ച് വില നിലവിൽ 1,500 രൂപയോളം കുറഞ്ഞു നിൽക്കുന്നത് ഉപഭോക്താക്കളെ ആകർഷിച്ചിട്ടുണ്ട്.
പണിക്കൂലിയിൽ 50-100 ശതമാനം വരെ ഇളവും ആകർഷക സമ്മാനങ്ങളുമായി കച്ചവടക്കാർ രംഗത്തെത്തിയതും അക്ഷയതൃതീയയിൽ വില്പന കൂടാൻ സഹായകമായി. ഇന്നലെ സംസ്ഥാനത്ത് സ്വർണവില പവന് 23,640 രൂപയും ഗ്രാമിന് 2,955 രൂപയുമായിരുന്നു. ദേശീയതലത്തിലും ഇന്നലെ സ്വർണവില്പന 15-20 ശതമാനം ഉയർന്നുവെന്നാണ് സൂചന. മുൻനിര വിപണികളായ തമിഴ്നാട്ടിലും കർണാടകയിലും 30 ശതമാനം വരെ വില്പന കൂടി.