SignIn
Kerala Kaumudi Online
Thursday, 25 April 2024 12.58 PM IST

ഉപഭോക്തൃ അവകാശ സംരക്ഷണത്തിന് പുതുനിയമം

photo

കൊവിഡ് ലോക് ഡൗൺ കാലഘട്ടത്തിൽ പോലും കേരളത്തിന്റെ ഭക്ഷ്യഭദ്രത കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. കേന്ദ്രവിഹിതമായി ലഭിക്കുന്ന ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം നടത്തുകയാണ് നാം. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ മാത്രമല്ല ഭൂരിഭാഗം ഉത്‌പന്നങ്ങളുടെ കാര്യത്തിലും ഈ പരാശ്രയത്വം നിലനിൽക്കുന്നുണ്ട്.

വിപണിയിൽ സമ്മർദ്ദമേറുന്ന ഉൽസവകാലങ്ങളിൽ അനിയന്ത്രിതമായി വിലക്കയറ്റമുണ്ടാകുന്നു. പലതട്ടിലുള്ള ഇടനിലക്കാരുടെ ഇടപെടൽ മൂലമുണ്ടാകുന്ന, പൊതുജന താത്‌പര്യത്തിനു വിരുദ്ധവും അന്യായവുമായ വില വർദ്ധന ഉപഭോക്താക്കൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കുന്നു. പാക്ക് ചെയ്യപ്പെട്ട ഉത്‌പന്നങ്ങൾ സംബന്ധിച്ച് അളവുതൂക്ക പാക്കേജിംഗ്, ലേബലിംഗ് സ്റ്റാൻഡേർഡൈസേഷൻ, നിയമങ്ങളുള്ളതിനാൽ ഉപഭോക്തൃസംരക്ഷണം താരതമ്യേന എളുപ്പമാണ്. എന്നാൽ പാക്കേജിംഗ് ഇല്ലാത്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉത്‌പന്നങ്ങളുടെ കാര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണുള്ളത്. ഗുണനിലവാരമനുസരിച്ചുള്ള തരംതിരിവുകളൊന്നുമില്ലാതെ രണ്ടാംതരം മൂന്നാംതരം ഉത്‌പന്നങ്ങളും ഒന്നാംതരത്തിന്റെ വിലയ്ക്ക് ഉപഭോക്താക്കളെ അടിച്ചേൽപ്പിക്കുന്ന രീതി നടപ്പിലുണ്ട്. കൃത്യമായ, ഗ്രേഡിങ്ങോ റേറ്റിങ്ങോ ഇല്ലാത്തതിനാൽ ഉപഭോക്തൃ ചൂഷണം പതിവായിരിക്കുന്നു.

രക്ഷയ്‌ക്കെത്തേണ്ട അവശ്യസാധന നിയമമാകട്ടെ പലപ്പോഴും അപ്രസക്തമായിപ്പോവുന്നു. ഉദാരീകരണത്തിന്റെയും സ്വതന്ത്ര വിപണിവത്‌ക്കരണത്തിന്റെയും ഫലമായി പലപ്പോഴായി ഭേദഗതി ചെയ്യപ്പെട്ട അവശ്യസാധന നിയമത്തിന്റെ പല്ലും നഖവും കൊഴിഞ്ഞുപോയിരിക്കുന്നു. അവശ്യസാധന നിയമത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ മാത്രമേ നിയമത്തിന്റെ പരിധിയിൽ വരുന്നുള്ളൂ. മാത്രമല്ല ഉത്‌പന്നങ്ങളെ അവശ്യസാധന ഷെഡ്യൂളിൽ പെടുത്തുന്നതിനുള്ള അധികാരമാകട്ടെ യൂണിയൻ സർക്കാരിൽ നിക്ഷിപ്തവുമാണ്. ഇക്കാരണത്താൽ ആവശ്യകത, ദൗർലഭ്യം, വില, കാലിക പ്രാധാന്യം എന്നീ ഘടകങ്ങൾ കണക്കിലെടുത്ത് ഒരു ഉത്‌പന്നത്തെ അവശ്യസാധനമായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്കു കഴിയില്ല. ഇക്കാരണം കൊണ്ട് ഭക്ഷ്യ പ്രതിസന്ധി ഘട്ടങ്ങളിലും മറ്റും ന്യായമായ വിലയിൽ ഉത്‌പന്നങ്ങൾ ലഭ്യമാക്കി ജനങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാരിന് പരിമിതികൾ ഉണ്ടാകുന്നു. ഈ അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകണം.

നിലവിൽ ഉപഭോക്തൃ പരാതികൾ പരിഹരിക്കാൻ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനുകളുണ്ടെങ്കിലും താരതമ്യേന വലിയ തുകയ്ക്കുള്ള ക്രയവിക്രയങ്ങൾ സംബന്ധിച്ച പരാതികൾ മാത്രമേ ഉപഭോക്തൃ കമ്മിഷനുകളിലെത്തുന്നുള്ളൂ. കുറഞ്ഞ തുകയ്ക്കുള്ള ഉത്‌പന്നങ്ങളോ സേവനങ്ങളോ ആണെങ്കിൽ ഉപഭോക്താക്കൾ പരിഹാരം തേടിയെത്തുന്നതിൽ വിമുഖത പ്രകടിപ്പിക്കുന്നു. ഉപഭോക്താക്കളുടെ ഈ ആശയക്കുഴപ്പം മുതലെടുത്താണ് വിപണിയിൽ ചൂഷണം, കബളിപ്പിക്കൽ, തുടങ്ങിയ അന്യായങ്ങൾ നടക്കുന്നത്.
ഇന്ന് ഇന്ത്യയിൽ ഉപഭോക്തൃ ശാക്തീകരണത്തിനായി ഒരു കേന്ദ്ര നിയമവും അതിനോടനുബന്ധിച്ച ചട്ടങ്ങളും ഉത്തരവുകളുമുണ്ട്. 2019ലെ ഉപഭോക്തൃസംരക്ഷണ നിയമം ആണിത്. ഏതാണ്ട് എല്ലാ അധികാരങ്ങളും യൂണിയൻ സർക്കാരിന് നൽകി കൊണ്ടാണ് ഉപഭോക്തൃ നിയമവും നടപ്പിൽ വരുത്തിയിരിക്കുന്നത്. പൊതുജന താത്‌പര്യം മുൻനിറുത്തി സംസ്ഥാന സർക്കാരിന് വിപണി ഇടപെടലുകൾ സാദ്ധ്യമാകുന്ന തരത്തിലുള്ള ഒരു നിയമം രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്.

2019 ലെ കേന്ദ്രനിയമപ്രകാരം രൂപീകരിക്കപ്പെട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകളിൽ വ്യവഹാരങ്ങളുടെ നൂലാമാലകളിൽ അഭിഭാഷകരുടെ സഹായമില്ലാതെ തന്നെ ഉപഭോക്തൃ തർക്കപരിഹാരം സാദ്ധ്യമാക്കണമെന്ന ലക്ഷ്യമാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും നിലവിൽ ഉപഭോക്തൃ പരാതികൾ വേഗത്തിൽ ചെലവ് കുറഞ്ഞ മാർഗത്തിൽ പരിഹരിക്കാൻ കഴിയുന്നില്ലെന്ന യാഥാർത്ഥ്യം അംഗീകരിക്കേണ്ടതുണ്ട്.

ഉപഭോക്തൃനിയമപ്രകാരം ഉപഭോക്തൃ തർക്കപരിഹാരത്തിന് മധ്യസ്ഥത നിയമപരമാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ പരാതികൾ മധ്യസ്ഥതയിലൂടെ പരിഹരിക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് അതത് കമ്മിഷൻ പ്രസിഡന്റുമാരിലാണ്. ഇതിനു പകരം പരാതിയുള്ള വ്യക്തിക്ക് കമ്മിഷനു പുറത്ത് മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള സ്വാതന്ത്ര്യം നൽകണം. പരാതിക്കാർക്കു സ്വയം മധ്യസ്ഥതാ പരിഹാരത്തിനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള അവസരം നൽകണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയമനിർമ്മാണ അധികാരപരിധി സംബന്ധിച്ച ഭരണഘടനാവ്യവസ്ഥകൾ കൂടി പരിഗണിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ഇന്ത്യയിലെവിടെയും ഒരു മുൻമാതൃക ഇല്ലെന്നതും വെല്ലുവിളിയാകുന്നു. ഇതു സംബന്ധിച്ച ഒരു പൊതുചർച്ച ഗുണപരമായ ഫലങ്ങൾ കൊണ്ടുവരുമെന്നുറപ്പാണ്. ഈ സാർവദേശീയ ഉപഭോക്തൃ ദിനത്തിൽ കേരള സർക്കാർ അതിനു തുടക്കമിട്ടിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONSUMER DAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.