SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.38 PM IST

പാഠം പരിഷ്‌കരിക്കുമ്പോൾ

nedumudy

ആലപ്പുഴ : വർഷങ്ങൾക്ക് മുമ്പ് പരിഷ്കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ട മലയാളം അക്ഷരമാലയെ തിരികെ കൊണ്ടുവരുന്നതുൾപ്പടെ പുതിയ അദ്ധ്യയന വർഷത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന് പൊതുസമൂഹത്തിൽ സ്വീകാര്യതയേറുന്നു. മാതൃഭാഷയ്ക്ക് പ്രാധാന്യം വർദ്ധിപ്പിക്കുന്നതിന് പുറമേ, ലിംഗസമത്വം, സാമൂഹിക പ്രവർത്തനങ്ങളിലെ ഇടപെടൽ, മതനിരപേക്ഷത, ഭരണഘടനാ പരിജ്ഞാനം തുടങ്ങി കാൻസർ അവബോധം വരെ നീളുന്ന പരിഷ്കാരങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് പൊതുസമൂഹത്തിന്റെ അഭിപ്രായം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. പുതിയ മാറ്റങ്ങളോടുള്ള പ്രതികരണങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുകയാണ് വായനക്കാർ.

ഭാഷാഗോപുരത്തിന്റെ അടിത്തറയാണ് അക്ഷരങ്ങൾ. അടിത്തറയില്ലാതെ ഗോപുരം പണിയാനാവില്ല. വ്യക്തമായ അക്ഷരബോധം പ്രൈമറി തലത്തിൽ നിർബന്ധമായും ഉറപ്പാക്കണം. അക്ഷരപഠനത്തിന് തുടക്കം കുറിച്ചിരുന്ന ആശാൻ കളരികൾ അന്യമായി. അവയ്ക്ക് പകരം വന്ന അങ്കണവാടികളിലും, കിൻഡർ ഗാർഡനുകളിലും അക്ഷരാഭ്യാസത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ല. അക്ഷരങ്ങളെ വാക്കുകളും ചിത്രങ്ങളും സഹിതം സിലബസിൽ ഉൾപ്പെടുത്തണം. എഴുതുന്നതിനൊപ്പം ശരിയായ ഉച്ചാരണം ഉറപ്പു വരുത്തേണ്ടതും അനിവാര്യമാണ്. ഇന്ന് വ്യഞ്ജനാക്ഷരങ്ങൾ ശരിയായി ഉച്ഛരിക്കുന്നവർ കുറവാണ്. ഉച്ചാരണം തിരിച്ചറിയത്തക്ക വിധമുള്ള മാറ്റങ്ങളും നടപ്പിലാക്കേണ്ടതുണ്ട്.

പ്രൊഫ നെടുമുടി ഹരികുമാർ

റിട്ട എച്ച്.ഒ.ഡി, മലയാള വിഭാഗം, എസ്.ഡി കോളേജ്

അല്പം വൈകിയെങ്കിലും സമൂഹത്തെ ആഴത്തിൽ സ്പർശിക്കുന്ന വിഷയങ്ങൾ കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഇത് വിദ്യാഭ്യാസരംഗത്തെ കൂടുതൽ ജനകീയമാക്കും. ലിംഗനീതി, ലിംഗസമത്വം എന്നീ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ അത്തരം കാര്യങ്ങളിൽ കുട്ടികളിൽ ക്രിയാത്മകമായ അവബോധം സൃഷ്ടിക്കപ്പെടൂ. രാജ്യം മതത്തിന്റെ പേരിൽ ധ്രുവീകരിക്കപ്പെടുന്ന കാലത്ത് മതനിരപേക്ഷത, സാമൂഹിക പ്രശ്‌നങ്ങൾ, ഭരണഘടന എന്നിവകൂടി ഉൾപ്പെടുന്നതോടെ കരിക്കുലം കൂടുതൽ വിശാലമായ കാഴ്ചപ്പാടുകൾ കൈവരിക്കും. മാത്രമല്ല, സ്‌കൂൾ കരിക്കുലത്തിൽ ഉണ്ടാവുന്ന ഓരോ നല്ല മാറ്റങ്ങളും സമൂഹത്തിൽ ആകമാനം പ്രതിഫലിക്കും എന്നകാര്യത്തിലും സംശയമില്ല.

-ഡോ. അബേഷ് രഘുവരൻ
അസിസ്റ്റന്റ് പ്രൊഫസർ
സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി
കൊച്ചി സർവ്വകലാശാല

വിഷയങ്ങളിലെ അറിവിനൊപ്പം ഓരോ വിദ്യാർത്ഥിയുടെയും സാർവ്വതോന്മുഖമായ വികാസം ഉറപ്പുവരുത്താൻ പാഠ്യ പദ്ധതിക്ക് സാധിക്കണം. അത്തരത്തിൽ മികച്ച സിലബസുകൾക്ക് മികച്ച പൗരന്മാരെ സൃഷ്ടിക്കാൻ സാധിക്കും. സാമൂഹിക വിഷയങ്ങൾ, നീതിനിഷേധങ്ങൾ, നമ്മുടെ അവകാശങ്ങൾ, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും അടിസ്ഥാനപരമായ അറിവ് ഓരോ കുട്ടിക്കും ലഭിക്കേണ്ടതുണ്ട്. നിലവിലെ പാഠ്യ സിലബസിൽ തന്നെ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അടുത്ത അദ്ധ്യയന വർഷം കൂടുതൽ മാറ്റങ്ങൾ വരുന്നത് ഗുണഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഡി.വിജയലക്ഷ്മി

റിട്ട എ.ഇ.ഒ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.