SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.05 AM IST

ഈ പിടിവാശി ആർക്കുവേണ്ടി ?

photo

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെയും പിതാവിനെയും പരസ്യമായി അവഹേളിച്ചെന്ന കേസിൽ നഷ്ടപരിഹാരം നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽപോയ സർക്കാർ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതവും നിന്ദ്യവുമാണെന്ന് പറയേണ്ടതില്ല. പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായും കാൽലക്ഷം രൂപ കേസ് നടത്തിപ്പിനുള്ള ചെലവായും നൽകാനായിരുന്നു കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി ഉത്തരവിട്ടത്.

സംഭവത്തിൽ പുതിയ വാദവുമായി സർക്കാർ മുന്നോട്ടുവന്നത് ആരെ സഹായിക്കാനാണെന്ന് മനസിലാകുന്നില്ല. മോശമായി പെരുമാറിയ ഉദ്യോഗസ്ഥയുടെ ഈഗോ സംരക്ഷിക്കാനാണെങ്കിൽ കഷ്ടമെന്നേ പറയേണ്ടതുള്ളൂ. ഏതെങ്കിലും മന്ത്രിയുടെ ഭാവനയിൽ വിരിഞ്ഞതാണ് മനുഷ്യപ്പറ്റില്ലാത്ത ഈ ആശയമെന്ന് കരുതുകവയ്യ. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും അറിഞ്ഞിട്ടുണ്ടാവാൻ ഇടയില്ല. പെൺകുട്ടിയും അച്ഛനും ആ പണം വാങ്ങിക്കൊണ്ടുപോകേണ്ടതില്ലെന്ന നിലപാട് കുബുദ്ധികളായ ഏതാനും ഉദ്യോഗസ്ഥപ്രമാണിമാർ സ്വീകരിച്ചതാവാം.

മന്ത്രിമാരുടെ പേഴ്സണൽസ്റ്റാഫിൽ രണ്ടുവർഷം ജോലിചെയ്യുന്നവർക്ക് പെൻഷനായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്തവിധം കോടികൾ ധൂർത്തടിക്കുന്നതിനെ സുപ്രീംകോടതി നിശിതമായി വിമർശിച്ച ദിവസമാണ് മൂന്നാംക്ളാസിൽ പഠിക്കുന്ന ഒരുപാവം ദളിത് പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതിനെതിരെ ഉദ്യോഗസ്ഥപ്രഭുക്കന്മാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ തൊട്ടതിനും പിടിച്ചതിനും കോടികൾ വാരിക്കോരി ചെലവഴിക്കുമ്പോൾ വളരെ ചെറിയ ഈ സംഖ്യ ലാഭിക്കുന്നത് ആർക്കുവേണ്ടിയാണ് ? ആ കുട്ടിയെ ചികിത്സിച്ചതിനും കേസിന്റെ പേരിലുമൊക്കെ ഇതിലും കൂടുതൽ തുക അവർക്ക് ചെലവായിട്ടുണ്ടെന്ന് ആർക്കാണറിയാത്തത്.

ആറ്റിങ്ങലിലെ തോന്നയ്ക്കലിൽ ഇടിഞ്ഞുപൊളിയാറായ വാടകവീട്ടിൽ റബർ ടാപ്പിംഗ് തൊഴിലാളിയായ അച്ഛൻ ജയചന്ദ്രന്റെ തുച്ഛവരുമാനത്തിലാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ജീവിതം മുന്നോട്ടുപോകുന്നത്. ആ സംഭവത്തിനുശേഷം കടുത്ത മാനസികസമ്മർദ്ദത്തിനടിപ്പെട്ട കുട്ടിയെ കൗൺസലിംഗിനുപോലും വിധേയമാക്കേണ്ടിവന്നിരുന്നു. ഭയവിഹ്വലതകളിൽ നിന്ന് മോചനം പ്രാപിച്ചുവരുന്ന ഘട്ടത്തിലാണ് മാനസികപീഡനം തുടരുന്നത്. ഹൈക്കോടതി വിധിപ്രകാരം നഷ്ടപരിഹാരവും കോടതിച്ചെലവും നൽകി സർക്കാരിന് കരുണകാട്ടാമായിരുന്നു. എന്നാൽ വീണ്ടും പണംചെലവഴിച്ച് കേസുമായി മുന്നോട്ടുപോകാനാണ് അപ്പീൽ നൽകിയത്. ജനങ്ങളുടെ നികുതിപ്പണമെടുത്ത് ജനങ്ങളെത്തന്നെ വെല്ലുവിളിക്കുന്ന നടപടിയാണിത്.

വി.എസ്.എസ്.സിയിലേക്ക് കൊണ്ടുപോകുന്ന കൂറ്റൻ കാർഗോ കാണാൻ ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ എത്തിയപ്പോഴാണ് പിങ്ക്പൊലീസ് ഉദ്യോഗസ്ഥ തന്റെ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി അപമാനിച്ചത്. ഫോൺ കാറിൽത്തന്നെയുണ്ടായിരുന്നു. സ്വന്തം മൊബൈൽഫോൺ സൂക്ഷിക്കാനറിയാത്ത ഉദ്യോഗസ്ഥ തന്നിൽ അർപ്പിതമായ പൊലീസ് സേനയുടെ ഉത്തരവാദിത്വം വിസ്മരിച്ചുകൊണ്ട് കുട്ടിയോടും അച്ഛനോടും തട്ടിക്കയറുകയായിരുന്നു. പകച്ചുപോയ കുട്ടിയുടെ കണ്ണുനീർ പൊതുസമൂഹം കണ്ടതാണ്. സമൂഹമാദ്ധ്യമങ്ങളിൽ വിഷയം ചർച്ചയായപ്പോൾ മാത്രമാണ് അവർക്കെതിരെ നടപടി സ്വീകരിക്കാൻ മേലധികാരികൾ തുനിഞ്ഞത്. അതും മാദ്ധ്യമങ്ങൾ നിരന്തരം വിഷയം ഉന്നയിച്ചതുകൊണ്ട് മാത്രവും. ആദ്യമൊന്നും ഖേദം പ്രകടിപ്പിക്കാൻ പോലും ആ ഉദ്യോഗസ്ഥ തയ്യാറായിരുന്നുമില്ല. സംരക്ഷിക്കാൻ ആളുണ്ടെങ്കിൽ പൊതുജനമദ്ധ്യത്തിൽപോലും എന്തും കാട്ടാമെന്ന ഹുങ്ക് പൊലീസുകാരിൽ ഒരുവിഭാഗത്തിനുണ്ട്. ആ വിഭാഗത്തിന്റെ കാട്ടിക്കൂട്ടലുകളാണ് സർക്കാരിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നത്. ഈ പുഴുക്കുത്തുകളെ നിലയ്ക്കുനിറുത്താൻ തയ്യാറായില്ലെങ്കിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കും. കുട്ടിക്കു നേരിട്ട മാനസികാഘാതത്തിന് വിലയിടാനാവില്ല. ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ച് കോടതി നിർദ്ദേശിച്ച നഷ്ടപരിഹാരവും ചെലവും നൽകണമെന്നു മാത്രമല്ല,ആ കുടുംബത്തിന് വീടുവെച്ചു നൽകാനും സർക്കാർ തയ്യാറാവണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINK POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.