SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.11 PM IST

കവിതയുടെ ചിരാനന്ദം

k-sachidanandan

പാരമ്പര്യത്തിന്റെ പശമണ്ണിൽ നിന്ന് ആധുനികതയുടെ കാവ്യപദ്മം വിരിയിച്ച കെ. സച്ചിദാനന്ദനാണ് കേരള സാഹിത്യ അക്കാഡമിയുടെ പുതിയ അദ്ധ്യക്ഷൻ. സച്ചിദാനന്ദനുമായി അഭിമുഖം

 യുവ എഴുത്തുകാർക്ക് പുതിയ പ്ളാറ്റ്ഫോം

 സമൂഹമാദ്ധ്യമങ്ങളിലും നല്ല കവിതയുണ്ട്

 സാഹിത്യചരിത്രം പുതുക്കേണ്ടതുണ്ട്

 പരിഭാഷാ പരിശീലനത്തിന് പദ്ധതി വേണം

? രാജ്യാന്തര സാഹിത്യ ബന്ധങ്ങളുള്ള താങ്കൾ അക്കാഡമി പ്രസിഡന്റായത് പ്രതീക്ഷാജനകമാണ്. അക്കാഡമിയെ ആ നിലവാരത്തിൽ ഉയർത്താനാവില്ലേ ? അക്കാഡമിക്ക് യുവത്വത്തിന്റെ മുഖം ആവശ്യമല്ലേ.

ഇന്ത്യയിലെ മറ്റു പല സംസ്ഥാന അക്കാഡമികളും ഞാനുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിവർത്തന കാര്യശാലകൾ, എഴുത്തുകാരുടെ കൈമാറ്റം, സഹകരിച്ചുള്ള പരിപാടികൾ, മലയാളസാഹിത്യത്തെ പുറത്തുള്ളവർക്കു പരിചയപ്പെടുത്തൽ... അങ്ങനെ പലതും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. സർക്കാർ പിന്തുണ ലഭിച്ചാൽ, രണ്ടു വർഷത്തിൽ ഒരിക്കലെങ്കിലും സാഹിത്യപ്രധാനമായ സാംസ്‌കാരികോത്സവം നടത്തണമെന്നുണ്ട്. യുവ എഴുത്തുകാർക്ക് പ്രത്യേക പ്ലാറ്റ്‌ഫോം ആലോചിക്കുന്നു. അത്തരം കൂട്ടായ്മകളുമായി സഹകരിക്കും.

? മറ്റ് അക്കാഡമികളും സ്ഥാപനങ്ങളുമായി യോജിച്ചു പ്രവർത്തിക്കുമോ?

മൂന്ന് അക്കാഡമികളും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, മലയാളം മിഷൻ, മലയാള സർവകലാശാല എന്നിവയുമായി സഹകരിച്ചുള്ള പ്രവർത്തനം മനസിലുണ്ട്. നമുക്കൊരു സാഹിത്യ പെർഫോമൻസ് പാരമ്പര്യമുണ്ടല്ലോ. ചിത്രകല, സംഗീതം, നൃത്തം, നാടകം, ചലച്ചിത്രം എന്നിവയെല്ലാം കവിതയും കഥയുമായി ബന്ധപ്പെട്ടതാണ്. അത് ഒന്നുണർത്തിയെടുക്കുകയേ വേണ്ടൂ. കേന്ദ്ര അക്കാഡമിയിൽ അത്തരം കാര്യങ്ങൾ ചെയ്തിരുന്നു.

? തൃശൂരിലെ സുകുമാർ അഴീക്കോട് സ്മാരകം ഉൾപ്പെടെ നിഷ്‌ക്രിയമായവയുടെ കാര്യത്തിൽ എന്തായിരിക്കും സമീപനം.

സ്മാരകങ്ങൾ അക്കാഡമി നേരിട്ടു നടത്തുന്ന രീതിയെ അനുകൂലിക്കുന്നില്ല. ഒടുവിൽ അതു വലിയ ഭാരമാകും. അവയുടെ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങളുമായി യോജിച്ചുള്ള നാട്ടുകാരുടെ സമിതികൾ ഉണ്ടാക്കണം. അക്കാഡമി പിന്തുണ നൽകുകയും സഹകരിച്ച് പരിപാടികൾ നടത്തുകയും വേണം. അല്ലെങ്കിൽ സ്മാരകങ്ങളുടെ എണ്ണം കൂടും. അക്കാഡമിക്ക് കൈകാര്യം ചെയ്യാനാകാതെയും വരും.

? ഗോത്രകവികൾ ഇരുളിൽ നിന്ന് വെളിച്ചത്തു വന്നുതുടങ്ങിയിട്ടുണ്ട്. അവരുടെ എഴുത്ത് നമ്മുടെ കാവ്യസങ്കല്പവുമായി എത്രകണ്ട് പൊരുത്തപ്പെടുന്നുണ്ട് ?. കവിതയ്ക്ക് തനത് എഴുത്തുരീതിയുണ്ടോ ?.

ഇന്ത്യയിൽ എല്ലാ ഭാഷകളിലും സംഭവിക്കുന്ന പ്രധാന വിപ്ലവമാണ് അത്. മാനകഭാഷ നിലനിൽക്കണം, പാർശ്വവത്കരിച്ച ഭാഷകൾ മുന്നോട്ടു വരികയും വേണം. ഡി.അനിൽകുമാറും പി.ശിവലിംഗനും സുകുമാരൻ ചാലിഗദ്ധയും മറ്റും നല്ല കവികളാണ്. ഫെമിനിസ്റ്റ്, ദളിത് വിപ്ലവങ്ങൾക്കു ശേഷം സംഭവിക്കുന്ന നല്ല മാറ്റമാണിത്. അതേസമയം, കവിതയെ നിർവചിക്കാനാവില്ല. ആഖ്യാനം, രൂപകം, ബിംബം, ധ്വനി, സംഭാഷണം ഇതെല്ലാം കവിതയിൽ ആകാം. ആത്യന്തികമായ അനുഭവം മറ്റു സാഹിത്യരൂപങ്ങളിൽ നിന്ന് കിട്ടാത്തതാകണം എന്നു മാത്രം.

?അക്കാഡമി പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനും ലിപി, ഭാഷാ സംരക്ഷണത്തിനും എന്തെല്ലാം ചെയ്യും.

പകർപ്പവകാശ മുക്തമായ പുസ്തകങ്ങൾ, പഴയ മാസികകൾ, ലിറ്റിൽ മാസികകൾ എന്നിവ ഡിജിറ്റലൈസ് ചെയ്ത് ലോകമെമ്പാടുമുള്ള ഗവേഷകർക്കും വായനക്കാർക്കും ലഭ്യമാക്കാൻ പ്രത്യേക പ്രൊജക്ട് ഉണ്ടാവണം. ആ നിലയിൽ അല്പം ജോലി ഉണ്ടായിട്ടുണ്ട്. പക്ഷെ, യന്ത്രങ്ങളും സങ്കേതങ്ങളും പഴകി. പുതിയ സാങ്കേതികവിദ്യകളും യന്ത്രങ്ങളും ആളുകളും വേണം.

ലിപി, ഭാഷാ സംരക്ഷണം പ്രധാനമായും ചെയ്യേണ്ടത് മലയാളം മിഷൻ, മലയാളം സർവകലാശാല, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ്. അക്കാഡമിക്ക് അവരുമായി ചേർന്നു പ്രവർത്തിക്കാനാകും. ലിപി യൂണികോഡ് ആക്കാതെ ഭാഷ സാങ്കേതികമായി സമകാലീനമാവില്ല. തിരുവനന്തപുരത്തെ 'സായാഹ്ന' പോലുള്ള സംഘങ്ങൾ ആ വഴിയിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. അക്ഷരത്തിന്റെ ഭംഗി തിരികെ കൊണ്ടുവരണം. മുറിപ്പരിഷ്‌കാരങ്ങൾ ദോഷമേ ചെയ്തിട്ടുള്ളൂ.

?സാഹിത്യ ചരിത്രം പുതുക്കേണ്ടതില്ലേ? അക്കാഡമി അദ്ധ്യക്ഷ സ്ഥാനം, താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാവില്ലേ.

സാഹിത്യചരിത്രം പുതുക്കുന്ന പ്രവർത്തനങ്ങളുണ്ടാകും. അക്കാഡമി ഒരു സ്വതന്ത്ര, സ്വയംഭരണ സ്ഥാപനമാണ്. അത് എന്റെ ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് തടസമാവില്ല. ഞാനെന്ന കവിയും എഴുത്തുകാരനും വേറെ, അക്കാഡമി അദ്ധ്യക്ഷൻ വേറെ- അവയെ ബന്ധിപ്പിക്കുന്ന ചില കാഴ്ചപ്പാടുകൾ ഉണ്ടാകാമെങ്കിലും.

?കവിതയിൽ പുതു ഭാവുകത്വം കൊണ്ടുവന്ന താങ്കൾ പുതുകവിതയെ, പ്രത്യേകിച്ച് സോഷ്യൽ മീഡിയ കവിതകളെ എങ്ങനെ കാണുന്നു.

അതേക്കുറിച്ച് ഒരു സാമാന്യവത്കരണത്തിന് ഞാൻ തയ്യാറല്ല. വല്ലപ്പോഴും നല്ല കവിതകൾ സമൂഹ മാദ്ധ്യമങ്ങളിൽ കാണാറുണ്ട്. വിമർശനങ്ങളുടെ അഭാവമാണ് അവിടെയുള്ള പ്രശ്‌നം. സുഹൃത്തുക്കൾ കാണുകയും 'ലൈക്ക്' ചെയ്യുകയുമാണ് പതിവ്. അതുകണ്ട്. തങ്ങൾ എഴുതുന്നത് നല്ല കവിതയാണ് എന്നു ധരിക്കുന്നവരാണ് ഭൂരിപക്ഷം. സ്വയം കൂടുതൽ പഠിക്കാനോ കവിത നന്നാക്കാനോ ശ്രമിക്കുന്നവർ തീരെ ന്യൂനപക്ഷം.

മിക്കവർക്കും നമ്മുടെ വലിയ കവികളെപ്പോലും അറിയില്ല, പഴയത് വായിച്ചിട്ടുമില്ല. അതിനാൽ എഴുതിക്കഴിഞ്ഞ കവിതകളുടെ, അറിയാതുള്ള അനുകരണങ്ങളും ആവർത്തനങ്ങളും ധാരാളം കാണുന്നുണ്ട്. പൊതുവായ അനുഭവ സങ്കോചവുമുണ്ട്. എന്നാൽ മറിച്ചുള്ള, വളരെ വ്യത്യസ്തമായ കവിതകളും ഉണ്ടാകുന്നുണ്ട്. കവിതയെ ഗൗരവമുള്ള ഭാഷാകലയായി എടുക്കുന്നവർ മുന്നോട്ടു പോകും. എല്ലാക്കാലത്തും അതായിരുന്നു സ്ഥിതി. ഇന്ന് എണ്ണം കൂടി എന്നേയുള്ളൂ . എല്ലാവരും കവികളാവുന്നതിൽ പരിഭ്രമിക്കാനൊന്നുമില്ല. എഴുതട്ടെ, നല്ലത് അതിജീവിക്കട്ടെ.

? വായനക്കാരെ ആഴത്തിൽ സ്വാധീനിക്കുന്ന കവിതയും സാഹിത്യവും കുറയുകയല്ലേ?. ലോക സാഹിത്യവുമായി താരതമ്യം ചെയ്യുമ്പോൾ മലയാളത്തിന്റെ ഗതിയും ഭാവിയും എന്താണ്.

പ്രാധാന്യമുള്ള കവിതകൾ ഓർമ്മിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ഓർമ്മയിൽ നിലനിർത്തപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ് എന്റെ അനുഭവം. നമുക്ക് ഒന്നാന്തരം കവിതകളും കഥകളും അല്പം നോവലുകളുമുണ്ട്. ഒരു സാഹിത്യത്തെ ലോകസാഹിത്യമാക്കുന്നത് പരിഭാഷകളാണ്. അത് വേണ്ടത്ര, വേണ്ട പോലെ നന്നായി നടക്കുന്നില്ല. പുതിയ ചില നല്ല പരിഭാഷകർ ഇംഗ്ലീഷിൽ ഉണ്ടായിട്ടുള്ളത് ആശ്വാസമാണ്. ജെ. ദേവികയും ഫാത്തിമയും മറ്റും ഉദാഹരണം. പരിഭാഷാ പരിശീലനത്തിന് കാര്യക്ഷമമായ കാര്യശാലകളും കോഴ്‌സുകളും ഉണ്ടാകണം. പരിഭാഷ യാന്ത്രികമല്ലെന്നും സർഗാത്മക പ്രവൃത്തിയാണെന്നും വേണ്ടത്ര തിരിച്ചറിയപ്പെടുന്നില്ല. അതിൽ ഭാഷ, ഭാവന, സഹാനുഭൂതി, പാണ്ഡിത്യം എല്ലാം പ്രവർത്തനക്ഷമമാകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SACHIDANANDAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.