SignIn
Kerala Kaumudi Online
Friday, 19 April 2024 8.22 AM IST

ഒന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഓർമ്മയിൽ

berlin
ബർലിൻ കുഞ്ഞനന്തൻ നായർ

സി.പി. എം 'തല'സ്ഥാനത്ത് പാർട്ടി കോൺഗ്രസ് വിരുന്നിനെത്തുമ്പോൾ 1943 ൽ മുംബയിൽ നടന്ന ആദ്യ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത സംസ്ഥാനത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായ 95 പിന്നിട്ട ബർലിൻ കുഞ്ഞനന്തൻ നായർ ആ അനുഭവം പങ്കുവെക്കുന്നു.

കണ്ണൂർ നാറാത്തെ ശ്രീദേവിപുരം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കയറ്റിറക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച വീട്. 1943 ൽ മുംബയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായ ബർലിൻ കുഞ്ഞനന്തൻ നായരുടെ വീടാണിത്.

അന്ന് എനിക്ക് 16 വയസ്സ്. ചിറക്കൽ രാജാസ് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ ബാലഭാരത സംഘം പ്രതിനിധിയായാണ് ഞാൻ പാർട്ടി കോൺഗ്രസ്സിലെത്തുന്നത്. ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി ഞാനും കൂടിയ പ്രതിനിധി പഞ്ചാബിലെ ബാബാ സോഹൻസിംഗ് ബാക്ക്നയുമായിരുന്നു. മഹിളാ സംഘടനയെ പ്രതിനിധീകരിച്ച് മുൻമന്ത്രിയും കണ്ണൂർ സ്വദേശിയുമായ കാന്തലോട്ട് കുഞ്ഞമ്പുവിന്റെ ഭാര്യ പി. യശോദയുമാണ് പങ്കെടുത്തത്.
തുറന്ന ചർച്ചയും സംവാദവും കൊണ്ട് സജീവമായിരുന്നു അന്നത്തെ സമ്മേളനം. ഗ്രൂപ്പ് ചർച്ചകളുണ്ടായിരുന്നില്ല. പി.സി. ജോഷിയും ബി.ടി. രണദിവെയും ഉൾപ്പടെയുള്ള നേതാക്കളായിരുന്നു പാർട്ടിയുടെ തലപ്പത്ത്.

പൊതുയോഗത്തോടുകൂടിയാണ് കോൺഗ്രസ് ആരംഭിച്ചത്. ഏകദേശം 25,000 ആളുകൾ പങ്കെടുത്തിരുന്നു.

ആറു സഹോദര പാർട്ടികൾ ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, അമേരിക്ക, ചിലി, ക്യൂബ, കാനഡ എന്നിവർ കോൺഗ്രസിന് ആശംസ അർപ്പിച്ച്‌ സന്ദേശങ്ങൾ അയച്ചപ്പോൾ ശ്രീലങ്കയിൽനിന്നും ബർമ്മയിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.

പാർട്ടി ജനറൽ സെക്രട്ടറി പി.സി ജോഷി ഒമ്പത്‌ മണിക്കൂർ എടുത്താണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. സാർവദേശീയ, ദേശീയ പശ്ചാത്തലവും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച അടവും വ്യാവസായിക ഉത്പാദനവും ഭക്ഷ്യ ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെയും സമഗ്രമായ ജനകീയ ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെയും ആവശ്യകതയും മറ്റും വിശദീകരിച്ചു.

ജി. അധികാരി പുതിയ നിയമാവലി അവതരിപ്പിച്ചു. അദ്ധ്വാനിക്കുന്ന ജനലക്ഷങ്ങൾക്കുമപ്പുറം ഇന്ത്യയിലെ മൊത്തം ജനങ്ങൾക്കുമേൽക്കൂടി പാർട്ടിയുടെ രാഷ്ട്രീയസ്വാധീനം ഉറപ്പാക്കാനും അന്നത്തെ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി മുംബെ കാംകാർ മൈതാനത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ബംഗാളിൽ നിന്നുള്ള മുതിർന്ന പ്രതിനിധി ബങ്കിം മുഖർജി പതാക ഉയർത്തി. അങ്ങനെ എട്ട് ദിവസം നീണ്ട പാർട്ടി കോൺഗ്രസ് അവസാനിക്കുകയായിരുന്നു.

695 പാർട്ടി അംഗങ്ങൾ ജയിലുകളിൽ

പാർട്ടിക്കുമേലുണ്ടായിരുന്ന നിരോധനം പിൻവലിച്ചെങ്കിൽപ്പോലും ഒന്നാം കോൺഗ്രസ് നടന്ന സമയത്തും 695 പാർട്ടി അംഗങ്ങൾ ജയിലുകളിൽ നരകയാതന അനുഭവിക്കുകയായിരുന്നു. ഇതെല്ലാം സമ്മേളനത്തിൽ ചർച്ചയ്ക്ക് വിഷയമായി. അവരിൽ 105 പേർ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരായിരുന്നു. പ്രതിനിധികളിൽ 70 ശതമാനം പേരും ഒന്നോ അതിലധികമോ തവണ ജയിലിൽ കഴിഞ്ഞവരായിരുന്നു.

കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളിയും

ആദ്യ പാർട്ടി കോൺഗ്രസിൽ ഞാൻ ബാലഭാരതസംഘം പ്രമേയമാണ് അവതരിപ്പിച്ചത്. കൃഷ്ണപിള്ളയാണ് ഈ ചുമതല എന്നെ ഏൽപ്പിച്ചത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളുമാണ് അന്നത്തെ പ്രമേയത്തിന്റെ ഉള്ളടക്കം. എനിക്ക് നല്ല പരിഗണനയാണ് മറ്റു പ്രതിനിധികളിൽ നിന്നു കിട്ടിയത്. ഒരു കൊച്ചുകുട്ടി എന്ന നിലയിൽ എന്നെ കേൾക്കാനും എന്നോട് സംവദിക്കാനും അവർക്കെല്ലാം ഒറ്റമനസ്സായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CPM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.