SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.37 AM IST

കറന്റ് കള്ളൻ കൊണ്ടുപോകുമോ?

electricity-theft

ഞാൻ വൈദ്യുതി വകുപ്പിൽ വിജിലൻസ് ഓഫീസർ ആയി ഒരു വർഷം പൂർത്തിയാക്കിയ അവസരത്തിൽ (2007),​ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് സാർ എന്നെ വിളിച്ച് ഒരു അഭിനന്ദനമറിയിച്ചു. ഞാൻ വന്നതിനു ശേഷം,​ കെ.എസ്.ഇ.ബിയിൽ നിന്ന് പ്രതിദിനം ഒരു കോടി രൂപ ഖജനാവിലേക്ക് അധികം ലഭിച്ചുതുടങ്ങിയതിനായിരുന്നു അഭിനന്ദനം. ആ നേട്ടത്തിനു പ്രധാന കാരണം വൈദ്യുതി മോഷണം തടയാൻ സ്വീകരിച്ച ചില നടപടികളായിരുന്നു. സംസ്ഥാനത്ത് വൈദ്യുതി മോഷണം പല രീതിയിൽ നടന്നിരുന്ന കാലമായിരുന്നു അത്. ഇപ്പോഴും അത് പൂർണമായും മാറിയിട്ടുണ്ടോയെന്ന് സംശയം.

നിരക്കുകളുടെ

ദുരുപയോഗം

നാലു തരത്തിലാണ് വൈദ്യുതി നിരക്കുകൾ കണക്കാക്കിയിരുന്നത്. കൃഷി ആവശ്യങ്ങൾക്കുള്ള കണക്ഷനുകൾക്ക് യൂണിറ്റിന് ഏകദേശം ഒരു രൂപ,​ ഗാർഹിക ആവശ്യങ്ങൾക്ക് യൂണിറ്റിന് 1.67 രൂപ, ഹോട്ടൽ/ സിനിമാ ഹാൾ എന്നിവയ്ക്ക് നാലു രൂപ , വ്യാവസായിക ആവശ്യങ്ങൾക്ക് ആറു രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. കുറഞ്ഞ നിരക്കുള്ള കാർഷിക കണക്ഷനെടുത്ത് ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുക, ഗാർഹിക കണക്ഷനെടുത്ത് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ പ്രവണതകളുണ്ടായിരുന്നു. ഇതു തടയാൻ സ്ഥലങ്ങളിൽ നേരിട്ടു പരിശോധിക്കേണ്ടത് ആവശ്യമായിരുന്നു.

വൈദ്യുതി മീറ്ററിൽ

ക്രമക്കേടുകൾ

ഡിജിറ്റൽ മീറ്ററുകൾ വരുന്നതിനു മുൻപ്, ആളുകൾക്ക് വൈദ്യുതി മീറ്ററിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി റീഡിംഗിൽ കൃത്രിമത്തിന് സാധിക്കുമായിരുന്നു. അത്തരം നിരവധി മീറ്ററുകൾ അന്ന് പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥരെ കണ്ടാൽ ഓടിത്തുടങ്ങുന്ന മീറ്ററുകളുണ്ടെന്നു പറഞ്ഞാൻ വിശ്വസിക്കുമോ?​ വൈദ്യുതി മീറ്റർ നിയന്ത്രിക്കാൻ 10,000 രൂപ മാസ ശമ്പളത്തിൽ ഒരാളെ മീറ്ററിനടുത്ത് ഇരുത്തുക! ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ വരുമ്പോൾ മാത്രം ഇയാൾ മീറ്റർ പ്രവർത്തിപ്പിക്കും! ഈ ജോലിക്കായി മുംബയ്‌ പോലുള്ള സ്ഥലങ്ങളിൽ നിന്ന് വിദഗ്ദ്ധരായ കള്ളന്മാരെ വാടകയ്‌ക്ക് കൊണ്ടുവന്നിരുന്നു! അത്തരം പല കള്ളത്തരങ്ങളും അന്ന് കണ്ടുപിടിച്ചു.

വ്യാവസായിക

മോഷണങ്ങൾ

തടി ഫർണിച്ചർ നി‌ർമ്മാണ കേന്ദ്രങ്ങൾ,​ പ്ളാസ്റ്റിക് ഉത്പന്നശാലകൾ,​ സ്റ്റീൽ അധിഷ്ഠിത വ്യവസായകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വൈദ്യുതി മോഷണം പതിവായിരുന്നു. ഓരോ സ്ഥലവും നേരിട്ടു പരിശോധിച്ചാണ് അതിനു ശമനമുണ്ടാക്കിയത്. അന്ന് എ.പി.ടി.എസ് (ആന്റി പവർ തെഫ്റ്റ് സ്ക്വാഡ്)​ സജീവമാക്കി. മാസത്തിൽ ഒരു ജില്ല കണക്കാക്കി,​ വലുതും ചെറുതുമായ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി എന്റെ മേൽനോട്ടത്തിൽ പരിശോധന നടത്തി. നല്ല മാറ്റമാണ് ഉണ്ടായത്.

പ്രായോഗിക

നിയമങ്ങൾ

വൈദ്യുതി വിഭാഗത്തിന്റെ പ്രായോഗിക നിയമങ്ങൾകൊണ്ട് നിരവധി ഗുണങ്ങളുണ്ടായിരുന്നു. മോഷണം നടന്നതായി കണ്ടുപിടിച്ചാൽ അയാളിൽ നിന്ന് പിഴ ഈടാക്കാൻ ബോർഡിനു സാധിക്കും. ഇതിനായി,​ എത്ര നാൾ ഇത്തരത്തിൽ മോഷണം നടത്തിയെന്നും,​ എത്ര അളവിൽ നടത്തിയെന്നും നോക്കി പിഴ കണക്കാക്കാൻ അവരുടേതായ ഒരു ഫോർമുല തയ്യാറാക്കിയിരുന്നു. ആ തുക അടച്ച് അയാൾക്ക് തടസ്സമില്ലാതെ തുടർന്നും വൈദ്യുതി ഉപയോഗിക്കാനാവും. വലിയ തുകയാണ് പിഴയൊടുക്കിയതെങ്കിൽ പിന്നീട് അയാൾ ഇത്തരം മോഷണങ്ങൾക്കു മുതിരില്ല.

ഭാവിയിലെ

വെല്ലുവിളികൾ

ഇപ്പോഴും ഇത്തരം മോഷണങ്ങൾ നടക്കുന്നില്ലെന്നു പറയാനാവില്ല. സാങ്കേതികവിദ്യ ഏറെ വളർന്നു കഴിഞ്ഞിരിക്കുന്നു. മീറ്റർ ഡിജിറ്റൽ ആയാലും മോഷണത്തിനുള്ള നിരവധി സാദ്ധ്യതകൾ അവരുടെ പക്കലുണ്ട്.

ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 30 ശതമാനത്തോളം വൈദ്യുതി മോഷണങ്ങൾ നടക്കുന്നുണ്ട്. കേരളത്തിൽ ഞങ്ങളിത് 10% താഴെയെത്തിച്ചിരുന്നു. വൈദ്യുതി മോഷണം തടയാൻ പൊലീസിനെയും എ.പി.ടി.എസ് അംഗങ്ങളെയും സജ്ജമാക്കണം. കള്ളകടത്തു വസ്തുകൾ പിടിക്കുന്ന ഉദ്യോഗസ്ഥർക്ക് വിലയുടെ 20 ശതമാനം തുക റിവാർഡ് നൽകുന്നതു പോലെ എ.പി.ടി.എസ് ഓഫീസർമാർക്കും നൽകുന്നത് ഫലപ്രദമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRICITY THEFT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.