തൃശൂർ: കൊവിഡ് മരണനിരക്ക് പരിശോധിക്കാനെത്തിയ കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം കൃത്യസമയത്ത് പ്രവർത്തനം ഏകോപിപ്പിച്ച് സ്ഥിതിഗതികൾ നിയന്ത്രിച്ച മെഡിക്കൽ സംഘമടക്കമുള്ള ടീമിനെ അഭിനന്ദിച്ചു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ സംഘം ജില്ലയിലെ പ്രതിരോധ പ്രവർത്തനം വിലയിരുത്തി തൃപ്തി രേഖപ്പെടുത്തി.
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഉപദേശക സമിതിയംഗവുമായ ഡോ.പി.രവീന്ദ്രൻ, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്റ് ഡയറക്ടർ സങ്കേത് കുൽക്കർണി എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്. എ.ഡി.എം റെജി പി.ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ.ഉമാ മഹേശ്വരി കണക്കും പ്രവർത്തനങ്ങളും അവതരിപ്പിച്ചു.
കൊവിഡ് പ്രതിരോധ നടപടികളുടെ പുരോഗതി വിലയിരുത്തുകയും മരണക്കണക്കുകൾ പരിശോധിക്കുകയും ചെയ്തു. കൊവിഡ് ആശുപത്രികളിലെ കേസ് ഷീറ്റും പരിശോധിച്ചു. ബന്ധുക്കൾ അപ്പീൽ നൽകിയശേഷം കൂട്ടിച്ചേർത്ത മരണങ്ങളുടെ പ്രത്യേക കണക്കും ധനസഹായ വിതരണത്തിന്റെ കണക്കും പരിശോധിച്ചു. കൊവിഡ് പോർട്ടലുകളുടെ പ്രവർത്തനവും വിലയിരുത്തി. കളക്ടർ ഹരിത വി.കുമാർ, ഡെപ്യൂട്ടി കളക്ടർ(ഡി.എം) ഐ.ജെ മധുസൂദനൻ, ഡി.എം.ഒ ഡോ.എൻ.കെ.കുട്ടപ്പൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനൂപ്, ഡി.പി.എം ഡോ.രാഹുൽ, ജൂനിയർ അഡ്മിനിസ്ട്രേറ്റ് ഓഫീസർ ഡോ.കാവ്യ, ഡി.ഡി.പി ബെന്നി ജോസഫ് എന്നിവർ പങ്കെടുത്തു.
തൃശൂർ പൂരം പ്രദർശനം ഭൂമിപൂജയും
കാൽനാട്ടുകർമ്മവും
തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിന്റെ ഭൂമിപൂജയും കാൽനാട്ടും ഇന്ന് 11.15ന് പൂരം പ്രദർശന നഗരിയിൽ നടത്തും. ഏപ്രിൽ ആദ്യവാരത്തിൽ ആരംഭിക്കുന്ന പ്രദർശനം മേയ് 23ന് സമാപിക്കും. മേയ് 10നും 11നും ആണ് തൃശൂർപൂരം. 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂരം പ്രദർശനം നടത്തുന്നത്. ദിവസവും വൈകിട്ട് വിവിധ കലാപരിപാടികളും നടക്കും. സാധാരണ ദിവസങ്ങളിൽ 30 രൂപയും പൂരത്തോടനുബന്ധിച്ച് 3 ദിവസം 50 രൂപയുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. 180ൽ പരം സ്റ്റാളുകളും 60ഓളം പവലിയനുകളും ഈ വർഷം പ്രദർശന നഗരിയിൽ ഉണ്ടാകുമെന്ന് ഭാരവാഹികളായ കെ.വിജയരാഘവൻ, കോരപ്പത്ത് വേണുഗോപാല മേനോൻ, ജി.രാജേഷ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |