കണ്ണൂർ: സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന് പന്തലൊരുങ്ങുന്നു. ബർണശേരി നായനാർ അക്കാഡമിയിലാണ് ടെൻസൈൽ സാങ്കേതികവിദ്യയിൽ വിശാലമായ പന്തൽ. സ്റ്റേജിലെ നാല് ട്രസ് വ്യാഴാഴ്ച രാത്രിയോടെ സ്ഥാപിച്ചു. അക്കാഡമി സ്ഥിതിചെയ്യുന്നത് കടലിനോടടുത്ത പ്രദേശത്തായതിനാൽ കടൽക്കാറ്റേറ്റ് ദ്രവിക്കാതിരിക്കാൻ അനൊഡൈസ്ഡ് അലൂമിനിയം ഫാബ്രിക്കേഷനാണ് ഉപയോഗിക്കുന്നത്. ടെൻസൈൽ ഫാബ്രിക്കുകൊണ്ടാണ് മേൽക്കൂര. ഭിത്തിയുടെ ഭൂരിഭാഗവും ടെൻസൈൽ ഫാബ്രിക്കാണ്. 44,000 ചതുരശ്ര മീറ്റർ ടെൻസൈൽ ഫാബ്രിക്ക് അടുത്തദിവസം എത്തിക്കും.
80 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള ഹാളിൽ 18 ട്രസ് സ്പാനുകളാണുള്ളത്. 34,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഹാൾ പാർട്ടി കോൺഗ്രസിനുശേഷവും ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമ്മിക്കുന്നത്. മധ്യഭാഗത്ത് പത്ത് മീറ്ററും ഇരുവശങ്ങളും നാല് മീറ്ററുമാണ് ഹാളിന്റെ ഉയരം. ആയിരം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. തൂണുകളില്ലാത്തതിനാൽ പ്രതിനിധികൾക്ക് ഏതുകോണിൽ നിന്നും വേദിസുഗമമായി തടസങ്ങളില്ലാതെ കാണാൻ കഴിയുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |