SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.54 AM IST

ഒച്ചിഴയും വേഗം ഒരിടത്തും എത്തിക്കില്ല

photo

സർക്കാർ നടപടികളിലെ 'ഒച്ചിഴയും വേഗ"ത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവേദിയിൽ പരിഭവം പറയുന്നത് ഇതാദ്യമല്ല. സംസ്ഥാനത്ത് സർക്കാർ പദ്ധതികൾ പലതും നീണ്ടുനീണ്ടുപോകുന്നത് ഉദ്യോഗസ്ഥ വീഴ്ച കൊണ്ടാണെന്ന് എല്ലാവർക്കുമറിയാം. കഴിഞ്ഞ ദിവസം നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് പദ്ധതികൾ ഒച്ചിഴയും വേഗത്തിൽ നീങ്ങിയാൽ എങ്ങനെയെന്ന് മുഖ്യമന്ത്രി സ്വയം വിമർശനത്തിനൊരുങ്ങിയത്. തീരദേശ പരിപാലന പ്ളാൻ തയ്യാറാക്കുന്ന ജോലി മൂന്നുവർഷം മുൻപാണ് ആരംഭിച്ചത്. ഇതുവരെയും ഒരു പുരോഗതിയും കാണുന്നില്ല. തീരപരിപാലന പദ്ധതിയുടെ വിശദാംശങ്ങൾ തേടി മൂന്നുവർഷം മുൻപാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. വർഷം മൂന്നായിട്ടും റിപ്പോർട്ട് ഇതുവരെ തയ്യാറായിട്ടില്ല. പദ്ധതിരേഖ തയ്യാറാക്കിയാലും അതിന്റെ വിശദരൂപം പുറത്തുവരാൻ ഏറെ നാളെടുക്കുന്നത് ശാപമായി മാറിയിട്ടുണ്ട്. ഇ - ഗവേണൻസ് വന്നതോടെ ചുവപ്പുനാട വലിയ തോതിൽ ഇല്ലാതായിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ ഫലത്തിൽ ഒരു നിർദ്ദേശം പ്രയോഗ തലത്തിലെത്താൻ ഇപ്പോഴും കടമ്പകൾ പലതുണ്ട് കടക്കാൻ.

തീരദേശ പരിപാലന പദ്ധതി സമർപ്പണം വൈകുന്നതുമൂലം ഈ പ്രദേശങ്ങളിൽ കഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണു ബുദ്ധിമുട്ടുന്നത്. നിലവിലുള്ള തീരദേശ നിയമങ്ങൾ കർക്കശമായതിനാൽ തീരമേഖലകളിലുള്ളവർക്ക് സ്വന്തം കിടപ്പാടമുണ്ടാക്കാൻ പോലും തടസങ്ങൾ ഏറെയാണ്. അന്തിമ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിനു നൽകിയിട്ടുവേണം തീരമേഖലകൾ പുനഃക്രമീകരണം നടത്താൻ. കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രം ഇതിനകം ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. മൂന്നംഗ വിദഗ്ദ്ധ സമിതി അതു പഠിച്ച് ചില ശുപാർശകൾ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. 175 തീരദേശ പഞ്ചായത്തുകളെ മൂന്നാം സോണിൽ നിന്ന് രണ്ടാം സോണിലേക്കു മാറ്റാനാകുമെന്നാണ് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. അതുപോലെ നാഗരിക സ്വഭാവത്തിലുള്ള 398 പഞ്ചായത്തുകളെ ഒന്നും രണ്ടും വിഭാഗത്തിലേക്കും മാറ്റാനാകും. തീരദേശ പരിപാലന നിയമത്തിലെ കർക്കശ വ്യവസ്ഥകൾ പലതും തീരസംസ്ഥാനമായ കേരളത്തെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതാണ്. നിയമം കാലാനുസൃതമായി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടിയത്. എന്നാൽ അനേകായിരം കുടുംബങ്ങൾക്കു ഗുണകരമായ കാര്യമായിട്ടും പദ്ധതി റിപ്പോർട്ട് പൂർത്തിയാക്കാൻ മൂന്നുവർഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണ്..

സർക്കാരിന്റെ ഭരണനടപടികളിൽ പൊതുവേ കാണുന്ന മന്ദഗതി വളരെയധികം വിമർശനങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. ആറുമാസം കൊണ്ട് തീർക്കാവുന്ന ഒരു പണി വർഷങ്ങൾ നീണ്ടുപോകുമ്പോൾ ഇപ്പുറത്ത് സ്വകാര്യ മേഖലയിൽ അത് അഞ്ചുമാസം കൊണ്ട് പൂർത്തീകരിച്ചെന്നിരിക്കും. നടപടിക്രമങ്ങൾജുവും വേഗതയുമുള്ളതിനാലാണിത്. ചുമതലപ്പെട്ടവരിൽ നിന്നുണ്ടാകുന്ന കാര്യക്ഷമതാരാഹിത്യമാണ് വലിയ അളവിൽ ഏതു നടപടികളും മന്ദഗതിയിലാകാൻ പ്രധാന കാരണം.

പദ്ധതികളുടെ കാര്യത്തിൽ മാത്രമല്ല ജനങ്ങൾക്ക് സേവനം നൽകുന്നതിലും ഉദ്യോഗസ്ഥ സമീപനം ഗണ്യമായി മാറേണ്ടതുണ്ട്. സേവനം അനന്തമായി വൈകുന്നതിന്റെ പേരിൽ ജനങ്ങളിൽ നിന്നുണ്ടാകുന്ന പരാതികൾ സർക്കാരിന് എക്കാലവും വലിയ തലവേദനയാണ്. ഭരണാധികാരികൾ സദാ ഇതൊക്കെ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിക്കാറുണ്ട്. കുറച്ചൊക്കെ ഫലം കാണുന്നുമുണ്ട്. എങ്കിലും ഭരണനടപടികളിലെ കാലതാമസം ജനങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്ന കഠിന യാഥാർത്ഥ്യം തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.