നാട് കാടും, കാട് നാടുമായി മാറുമ്പോൾ,
നാട്ടിൽ കാട്ടുചിന്ത കൊടിയേറ്റമാടിവാഴുമ്പോൾ,
കാട്ടുനീതിക്കൈകൾ
കണ്ണുപൂട്ടി നിൽക്കുന്നു.
കാട്ടുതീക്കനൽ കണക്കെ രോഷമാളുന്നു.
കാട്ടുപോത്ത്, കടുവ,നരികൾ നാട് കേറുന്നു.
നാട്ടിലെങ്ങും തീറ്റതേടി റോന്തു ചുറ്റുന്നു.
നാട്ടുകൂട്ടം കെണികൾ കൂട്ടി കാത്തിരിക്കുന്നു,
കാടുകട്ട നാട്ടിൽ നിന്നും മുട്ടിടിക്കുന്നു.
കാട്ടുസ്വത്ത് കൈയടക്കി നാട്ടുരാജാക്കൾ,
നോട്ടുകെട്ടിൻ മെത്തമേലെ നിദ്രയേറുന്നു..
കാട്ടുമക്കൾ പട്ടിണിപ്പൂവയറു കത്തുമ്പോൾ,
നാട്ടിൽ വന്നുകയറി തോക്കിൻ കുഴലു തിന്നുന്നു.
നാട് കാടും കാട് നാടുമായി മാറുമ്പോൾ,
നാട്ടുവായിൽ ജന്തുദംഷ്ട്ര നീണ്ടു പൊന്തുന്നു.
കാട്ടുചോര നക്കി വറ്റിച്ചൂറ്റി നിൽക്കുമ്പോൾ,
നാട്ടിരയ്ക്ക് ചൂണ്ടകോർത്ത് പാർത്തിരിക്കുന്നു.
കാട്ടുപ്രേതച്ചോരയുള്ളിൽ ആഞ്ഞുപായുമ്പോൾ,
നാട് കുട്ടിച്ചോറു വച്ച് സദ്യയുണ്ണുന്നു.
നാട്ടിൽ പാടും കിളികളില്ല, പൈതങ്ങളുമില്ല,
കാടടക്കി നാട് വാഴും പൊന്നധികാരം.
നാട് കാടുപോലെ കത്തിച്ചാരമായാലും,
കൂടെ നിന്ന് പള്ള കയറും കത്തി മിന്നുന്നു.
കാട് തിന്ന്, നാട് കെട്ടി, നാട് തിന്നുമ്പോൾ
നാട്ടുവേര് ചീഞ്ഞഴുകി, മണ്ണെടുക്കുന്നു.