SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.11 PM IST

പഞ്ചാബിൽ ഭഗവന്തിന്റെ നല്ല തുടക്കം

bhagwant-singh-mann

ഭരണരംഗത്തെ അഴിമതി തുടച്ചുമാറ്റുമെന്ന പ്രഖ്യാപനത്തോടെ പഞ്ചാബിൽ അധികാരമേറ്റ ഭഗവന്ത് സിംഗ് മാൻ ജനങ്ങൾക്കും രാജ്യത്തിനും മഹത്തായ ഒരു സന്ദേശമാണു നൽകുന്നത്. സ്വന്തം വാട്‌സാപ്പ് നമ്പർ അഴിമതിവിരുദ്ധ ഹെൽപ്പ് ലൈൻ നമ്പരാക്കിക്കൊണ്ടാണ് അഴിമതിക്കെതിരെ അദ്ദേഹം കുരിശുയുദ്ധം ആരംഭിച്ചത്. നാലുലക്ഷത്തിലേറെപ്പേരെ സാക്ഷിയാക്കി അധികാരം ഏറ്റെടുത്ത ഉടനെ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ നടത്തിയ പ്രഖ്യാപനവും ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമാകും മുഖ്യപരിഗണന നൽകാൻ പോകുന്നത്. സർക്കാർ സ്‌കൂളുകളുടെയും ആശുപത്രികളുടെയും നിലവാരം ഉയർത്താനുള്ള നടപടികൾക്കും മുഖ്യ പരിഗണന നൽകും. ഒറ്റദിവസം പോലും പാഴാക്കാതെ ഇതിനായി പ്രവർത്തനം തുടങ്ങുകയാണെന്ന പ്രഖ്യാപനത്തിന് തൊട്ടുപിറകെയാണ് അഴിമതി വിരുദ്ധ ഹെൽപ്പ് ലൈന് സ്വന്തം ഫോൺ നമ്പർ പരസ്യമാക്കി അദ്ദേഹം അനുയായികളുടെ ആരാധനാപാത്രമായി മാറിയത്.

ഡൽഹിയിൽ ഏഴുവർഷം മുൻപ് രാജ്യത്തെ അത്ഭുതപ്പെടുത്തിയ വൻ രാഷ്ട്രീയ അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന ആം ആദ്‌മി പാർട്ടി സർക്കാരിന്റെ ഭരണ നടപടികളാണ് പഞ്ചാബിലെ പുതിയ ആം ആദ്‌മി സർക്കാരും മാതൃകയാക്കാൻ പോകുന്നത്. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്താൻ ഇടനിലക്കാർ വേണ്ടെന്നും സാധാരണക്കാർക്ക് സധൈര്യം എവിടെയും കടന്നുചെന്ന് ആവശ്യങ്ങൾ പറയാമെന്ന സാഹചര്യം സൃഷ്ടിച്ചത് കെജ്‌രിവാളിന്റെ സർക്കാരായിരുന്നു. പാവപ്പെട്ട കുടുംബങ്ങൾക്ക് വെള്ളവും വെളിച്ചവും സൗജന്യമാക്കി. ഇടത്തരക്കാർക്ക് നിരക്ക് കുറച്ചുകൊടുത്തു. ശുപാർശയും കൈക്കൂലിയും ഇല്ലാതായതോടെ ഭരണരംഗം ശുദ്ധമായതിൽ ഡൽഹി നിവാസികൾ ആശ്വാസം കൊണ്ടു. എ.എ.പിയെ രണ്ടാമതും അധികാരത്തിലേറ്റിയാണ് ജനങ്ങൾ തങ്ങളുടെ നന്ദി പ്രകടിപ്പിച്ചത്. പഞ്ചാബിൽ 117 സീറ്റിൽ 92 സീറ്റിലെ അത്ഭുതവിജയവുമായി സ്ഥാനമേറ്റ എ.എ.പി സർക്കാർ പുതിയൊരു ഭരണക്രമത്തിനാണു തുടക്കമിടാൻ പോകുന്നത്. ആദ്യമായി ഒരു പൂർണ സംസ്ഥാനത്തെ ഭരണാധികാരം നേടാൻ കഴിഞ്ഞ എ.എ.പിക്ക് അതു നിലനിറുത്താൻ മാത്രമല്ല പഞ്ചാബിനു പുറത്തേക്കും ഈ നല്ല രാഷ്ട്രീയ മാതൃക വ്യാപിപ്പിക്കേണ്ടത് ആവശ്യമാണ്. സാധാരണക്കാരെയും കൃഷിക്കാരെയും കൂടുതൽ ചേർത്തുനിറുത്താനുള്ള ഭരണനടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഭഗവന്ത് ഉൾപ്പെടെ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട 92 എം.എൽ.എമാരിൽ ബഹുഭൂരിപക്ഷവും പുതുമുഖക്കാരാണ്. ഭരണപരിചയക്കുറവു മറികടക്കാൻ സാവകാശം വേണ്ടിവരുമെങ്കിലും പാർട്ടി നേതൃത്വം സദാ സഹായത്തിനുണ്ടാകുമെന്നു വേണം കരുതാൻ.

അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം തുടങ്ങിയ തിന്മകളാൽ പഞ്ചാബ് ഭരണരംഗം ഏറെ ദുഷിച്ച ഘട്ടത്തിലാണ് ഭഗവന്ത് സിംഗ് മാന്റെ സർക്കാർ അവിടെ അധികാരത്തിലേറുന്നത്. എല്ലാം അടിച്ചുവാരി ശുദ്ധമാക്കാൻ വളരെ പണിപ്പെടേണ്ടിവരുമെന്നു തീർച്ച. നിയമസഭയിലെ നാലിൽ മൂന്നു ഭൂരിപക്ഷം ഏതു ഉറച്ച നടപടിയെടുക്കാനും മുഖ്യമന്ത്രിക്ക് കരുത്തു പകരും. കർഷകരുടെ നാനാവിധ പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്. കാർഷിക സംസ്ഥാനമായ പഞ്ചാബിൽ കർഷകരെ സന്തുഷ്ടരായി നിറുത്തേണ്ടത് വളരെ ആവശ്യമാണ്. പരമ്പരാഗത രാഷ്ട്രീയം വിട്ട് എ.എ.പിയെ തിരഞ്ഞെടുത്തതിലൂടെ പുതിയൊരു രക്ഷാമാർഗം തേടുകയായിരുന്നു അവർ. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. തൊഴിലില്ലായ്മ പെരുകിയതോടെ പലരും ലഹരി ഉപയോഗത്തിലേക്കും ലഹരി കടത്ത് ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞിട്ടുണ്ട്. ലഹരിയുടെ പിടിയിൽ നിന്ന് യുവജനതയെ മോചിപ്പിക്കാൻ പുതുവഴികൾ തേടേണ്ടിവരും. മുഖ്യധാരാ രാഷ്ട്രീയക്കാർ ഏറെ കൗതുകത്തോടെയാകും പഞ്ചാബിലെ ഭരണമാറ്റം വീക്ഷിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHAGAVANT SINGH MAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.