SignIn
Kerala Kaumudi Online
Saturday, 20 April 2024 4.23 AM IST

വഖഫ് നിയമനം പി.എസ്.സിക്ക് തന്നെയെന്ന് സർക്കാർ; ലീഗിനൊപ്പം സമസ്തയും ചേരുമോ ?

photo

ഒരിടവേളക്ക് ശേഷം വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാവുകയാണ്. വഖഫ് നിയമന വിഷയത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയും വിവാദവുമാകുന്നത്. വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന ബില്ലുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുസ്ലിം ലീഗ് ഇക്കാര്യത്തിൽ ഇടപെടേണ്ട കാര്യമില്ലെന്നുമാണ് മന്ത്രി നിയമസഭയിൽ തുറന്നടിച്ചത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സർക്കാരിൽ വിശ്വാസമർപ്പിച്ചിരുന്ന സമസ്ത നേതാക്കന്മാർക്കിത് വലിയ തിരിച്ചടിയായി. തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ ഉറപ്പിച്ച് പറയുമ്പോഴും സമസ്തയ്ക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സർക്കാർ നിലപാടിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധവുമായി രംഗത്ത് വന്നപ്പോൾ സമസ്ത ലീഗുമായി സഹകരിച്ചിരുന്നില്ല. പള്ളികളിൽ പ്രതിഷേധത്തിനില്ലെന്നായിരുന്നു സമസ്തയെടുത്ത നിലപാട്. മന്ത്രി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾക്ക് പിന്നാലെ സമസ്തയെ പരിഹസിച്ച് ലീഗും രംഗത്തെത്തി. കടുത്ത പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുമെന്നാണ് ലീഗ് ഒടുവിൽ പറഞ്ഞു വച്ചത്. സമസ്ത നേതാക്കൾ വിചാരിച്ചത് പോലുള്ള തീരുമാനങ്ങൾ മുഖ്യമന്ത്രി കൈക്കൊണ്ടില്ലെങ്കിൽ സമസ്തയും പ്രതിഷേധത്തിനിറങ്ങേണ്ടി വരും. പ്രതിഷേധത്തിൽ ലീഗിനൊപ്പം സമസ്ത കൂട്ടിനുണ്ടാകുമോ എന്നതും കണ്ടറിയണം. ചില മതസംഘടനകൾ വഖഫ് വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും അക്കാര്യങ്ങൾ ആലോചിച്ച് സാവധാനം വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നത് നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നുമാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. സർക്കാർ ഒരു വഖഫ് ഭൂമിയും കൈമാറ്റം ചെയ്തിട്ടില്ല. എന്നാൽ കേരളത്തിൽ പച്ചയും യു.പിയിൽ കാവിയുമുടുക്കുന്ന ചില സംഘടനകൾ കോഴിക്കോട് കുറ്റിക്കാട്ടൂരും കണ്ണൂർ തളിപ്പറമ്പിലുമായി ഭൂമികൾ കൈമാറിയെന്നും അബ്ദുറഹിമാൻ മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ചിരുന്നു. മന്ത്രിമാർ നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രകോപനപരമായും രാഷ്ട്രീയം കലർത്തിയും സംസാരിക്കുന്ന രീതി ഒഴിവാക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അബ്ദുറഹിമാനെതിരെ പ്രതികരിച്ചത്.

സർക്കാർ പറഞ്ഞു പറ്റിച്ചോ ?

ജനങ്ങളെയും മതപണ്ഡിതരെയും മുസ്ലിം സംഘടനകളേയും മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറയുന്നത്. വഖഫ് വിഷയത്തിൽ സമസ്തയെടുത്ത നിലപാടിനെയും സലാം പരിഹസിച്ചു. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് ചിലർ പറഞ്ഞപ്പോൾ അദ്ദേഹത്തെ വിശ്വസിക്കാൻ പറ്റില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. അതിപ്പോൾ സത്യമായി. സമുദായത്തെ ബുദ്ധിമുട്ടിച്ച് ബില്ലുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു സമസ്തയ്ക്ക് സർക്കാർ കൊടുത്തിരുന്ന വാഗ്ദാനം. വീണ്ടും ചർച്ചകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നതായും സലാം കൂട്ടിച്ചേർത്തു. പരസ്യമായ പ്രതികരണത്തിനില്ലെന്നാണ് സമസ്ത ജംഇയത്തുൽ ഉലമ സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചത്. വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ ലീഗിനെ തള്ളുന്ന നിലപാടായിരുന്നു സമസ്ത സ്വീകരിച്ചിരുന്നത്. സർക്കാർ നയത്തിനെതിരെ ലീഗ് പ്രതിഷേധത്തിനൊരുങ്ങിയപ്പോൾ സമസ്ത വിട്ടുനിന്നു. ഇത് ലീഗിന് വലിയ തിരിച്ചടിയായിരുന്നു. സമസ്തയും ലീഗും അകലുന്നുവെന്ന പ്രചാരണങ്ങളിലേക്ക് വഖഫ് പ്രശ്നം കൊണ്ടെത്തിച്ചു. സമസ്തയുടെ പിന്തുണയില്ലാതെ വഖഫ് നിയമനത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് വലിയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജനസാഗരമായി മാറിയ പ്രതിഷേധത്തിൽ ഒരു സമസ്ത നേതാവ് പോലും പങ്കെടുത്തിരുന്നില്ല. അതേസമയം മുഖ്യമന്ത്രി സമസ്ത നേതാക്കളെ തിരുവനന്തപുരത്ത് ചർച്ചയ്ക്ക് വിളിക്കുകയും ഇരുവരും ചർച്ച നടത്തുകയും ചെയ്തു. ചർച്ചയ്ക്ക് ശേഷം സർക്കാരിൽ വിശ്വാസമുണ്ടെന്നും നടപ്പിലാക്കില്ലെന്നുമുള്ള ആത്മവിശ്വാസത്തിലായിരുന്നു സമസ്ത. മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്നും ലീഗ് രാഷ്ട്രീയ പാർട്ടിയാണോ എന്നത് ആദ്യം തീരുമാനിക്കണമെന്നും മുഖ്യമന്ത്രി ലീഗിനെതിരെ തുറന്നടിച്ചിരുന്നു. വിവാദം കത്തിനിന്ന സമയത്ത് തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് ജിഫ്രി തങ്ങൾ രംഗത്തെത്തിയത് ലീഗും സി.പി.എമ്മും ഒരുപോലെ മുതലെടുക്കകയും ചെയ്തു. മന്ത്രി അബ്ദുറഹിമാൻ ജിഫ്രി തങ്ങളെ ഫോണിൽ വിളിച്ച് സർക്കാരിന്റെ പിന്തുണ അറിയിച്ചപ്പോൾ പിണറായിയുടെ സൈബർ പൊലീസിനെ വച്ച് അന്വേഷണം നടത്തി വധഭീഷണി നടത്തിയവരെ കണ്ടെത്തണമെന്നായിരുന്നു ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും പ്രതികരിച്ചിരുന്നത്.

വധഭീഷണി ലീഗിൽ നിന്നാണെന്ന പ്രചാരണം ഡി.വൈ.എഫ്.ഐയും നടത്തി. വധഭീഷണിക്ക് പിന്നിലാരെന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പുറത്ത് വന്നിട്ടില്ല. ലീഗിന്റെ പ്രധാന കണ്ണിയായ സമസ്തയെ ലീഗുമായി ചെറിയ തോതിലെങ്കിലും അകറ്റാനുള്ള ശ്രമങ്ങൾ സി.പി.എം നടത്തുന്നുണ്ട്. ലീഗും സമസ്തയും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ലീഗ് നേതാക്കൾ പറയുമ്പോഴും വഖഫ് വിഷയത്തിലുണ്ടായ ചില സംഭവങ്ങൾ ലീഗിനേയും സമസ്തയേയും ചെറിയ രീതിയിൽ അകറ്റിയെന്നതിൽ സംശയമില്ല. മന്ത്രി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾക്ക് ശേഷം സമസ്തയും ലീഗും ഒരുമിച്ചൊരു പോരാട്ടമുണ്ടാകുമോ എന്നതും കാത്തിരുന്ന് കാണണം.

ഇനിയും ചർച്ചയിലാണ് സമസ്തയ്ക്ക് പ്രതീക്ഷ

വഖഫ് നിയമനം നടപ്പിലാക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഈ മാസം 20നാണ് ചർച്ച നടക്കുക. അതേസമയം ജിഫ്രി തങ്ങൾ പ്രസ്താവനയുമായി രംഗത്തെത്തി. മന്ത്രി അബ്ദുറഹിമാൻ ചോദ്യോത്തരവേളയിൽ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി നേരത്തെ നടത്തിയ ചർച്ചയിൽ പറഞ്ഞതിനെ നിഷേധിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്ന് വീണ്ടും മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അറിയിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നുമാണ് ജിഫ്രി തങ്ങൾ പറഞ്ഞത്. പി.എസ്.സിക്ക് വിടുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അബ്ദുറഹിമാൻ ഉറപ്പിച്ച് പറഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിയുമായുള്ള ചർച്ച ഏത് രീതിയിൽ പ്രതിഫലിക്കുമെന്നത് കണ്ടറിയണം. ഹൈദരലി തങ്ങളുടെ മരണത്തിന് ശേഷം ലീഗിന്റെ അമരത്തിപ്പോൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. വിഷയത്തിൽ ലീഗെടുക്കുന്ന തീരുമാനങ്ങൾക്ക് ഇനി അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ടാകും. സമസ്തയെ പിണക്കാതെയുള്ള ചർച്ചയ്ക്കാണ് മുഖ്യമന്ത്രി തയ്യാറെടുക്കുകയെന്നതിൽ സംശയമില്ല.

20ന് മുഖ്യമന്ത്രിയുമായുള്ള ചർച്ച ഫലം കണ്ടില്ലെങ്കിൽ ലീഗിന്റെ പ്രതിഷേധ പരിപാടികൾക്കൊപ്പം സമസ്തയ്ക്കും അണി നിരക്കേണ്ടി വരും. സമസ്തയില്ലാതെ ജനസാഗരങ്ങളെ അണിനിരത്തി പ്രതിഷേധിക്കാനാവുമെന്ന് ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രതിഷേധത്തിലൂടെ തെളിയിച്ചതുമാണ്. സിൽവർ ലൈൻ വിഷയത്തിൽ യു.ഡി.എഫ് സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുന്നയിക്കുന്നുണ്ട്. വഖഫ് വിഷയത്തിൽ സമസ്തയോട് സ്നേഹപ്രകടനം നടത്തി മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമത്തെ ചെറുക്കാൻ കോൺഗ്രസ് അണികളും രംഗത്തുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ച സമസ്തയ്ക്ക് അനുകൂലമാണെങ്കിൽ ലീഗിന്റെ പരിഹാസത്തെ സമസ്തയ്ക്ക് ചിരിച്ചു തള്ളാം. മറിച്ചായാൽ ലീഗിനൊപ്പം ചേർന്നോ ഒറ്റയ്ക്കോ പ്രതിഷേധത്തിനിറങ്ങേണ്ടി വരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAKHAF
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.