കുന്നംകുളം: കെ റെയിൽ അതിർത്തി മതിലുകൾ കേരളത്തെ പിളർക്കുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതി അനുമതിക്കായി സർക്കാർ ചെലവ് ചുരുക്കി കാണിക്കുകയാണെന്നും ശ്രീധരൻ ആരോപിച്ചു. ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്രയുടെ ഉദ്ഘാടനം കുന്നംകുളത്ത് നിർവഹിക്കുകയായിരുന്നു ഇ.ശ്രീധരൻ.
സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ റെയിൽ. അതിവേഗ പാതയ്ക്ക് കേരളത്തിലെ ഭൂമി യോജ്യമല്ല. 95,000 കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതി. എന്നാൽ പണം ലഭിക്കുന്നതും ഭൂമി ഏറ്റെടുക്കുന്നതും സംബന്ധിച്ച വിവരം വ്യക്തമല്ല. പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കുന്നംകുളത്ത് നടന്ന ഉദ്ഘാടന യോഗത്തിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ദയനന്ദൻ മാമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, മേഖല സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ഗണേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.ഗോപാലകൃഷ്ണൻ, സദാനന്ദൻ മാസ്റ്റർ, വക്താക്കളായ നാരായണൻ നമ്പൂതിരി, പി.സിന്ധു മോൾ എന്നിവർ പങ്കെടുത്തു. നാളെ ഇരിങ്ങാലക്കുടയിൽ സമാപന പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ദുരഭിമാനം വെടിഞ്ഞ് സർക്കാർ പിന്മാറണമെന്ന് എം.ടി. രമേശ്
തൃശൂർ: ദുരഭിമാനം വെടിഞ്ഞ് സംസ്ഥാന സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്രയുടെ ആദ്യദിന സമാപന സമ്മേളനം തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം മുഴുവൻ കുറ്റിയടിച്ചാലും കേന്ദ്ര സർക്കാർ വിചാരിച്ചാലേ പദ്ധതി നടപ്പാക്കാനാകൂ. സി.പി.എമ്മിനും പിണറായിക്കും മാത്രം ഗുണകരമായ പദ്ധതിയല്ല നാടിന് ആവശ്യം. സി.പി.എമ്മിന്റെ കമ്മിഷൻ ഏജന്റുമാർക്കായും പാർട്ടി ഫണ്ട് നിറയ്ക്കാനുമായി പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കരുത്. പദ്ധതിക്കെതിരെ കേരളത്തിലെമ്പാടുമുള്ള പ്രതിഷേധം ജനങ്ങളുടെ വികാരമാണ്. ജീവന്റെ നിലനിൽപ്പിനുള്ള പോരാട്ടമാണ് ജനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ നടന്ന യോഗത്തിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഐ.എൻ.രാജേഷ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ.ബി.ഗോപാലകൃഷ്ണൻ, സി.സദാനന്ദൻ മാസ്റ്റർ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി.ശ്രീധരൻ മാസ്റ്റർ, ദേശീയ സമിതിയംഗം എം.എസ്. സമ്പൂർണ, മദ്ധ്യമേഖലാ അധ്യക്ഷൻ വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് സി.നിവേദിത, കെറെയിൽ വിരുദ്ധ സമരസമിതി കൺവീനർ ശിവദാസൻ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |