കണ്ണൂർ: ചാർജ്ജിംഗിന് വേണ്ടി ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നെട്ടോട്ടമോടേണ്ടതില്ല. കണ്ണൂരിൽ രണ്ട് ചാർജിംഗ് സ്റ്റേഷനുകൾ കൂടി സ്ഥാപിച്ച് വാഹനയുടമകൾക്ക് ആശ്വാസം പകർന്നിരിക്കുകയാണ് അധികൃതർ. ബർണ്ണശ്ശേരി കെ.എസ്.ഇ.ബി സെക്ഷന് കീഴിൽ പ്രഭാത് ജംഗ്ഷന് സമീപത്തും എസ്.എൻ പാർക്കിന് സമീപത്തുമാണ് ചാർജ്ജിംഗ് പോയിന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഉപകരണങ്ങൾ എല്ലാം സ്ഥാപിച്ചതായും ട്രയൽ റൺ അടുത്ത ദിവസം തന്നെ നടത്തുമെന്നും ബർണ്ണശ്ശേരി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
അടുത്ത ആഴ്ചയോടെ ചാർജ്ജിംഗ് പോയിന്റ് സംവിധാനം പൂർണ്ണമായ തോതിൽ സജ്ജമാകും. ഇരുചക്ര ഇലക്ട്രിക്ക് വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും ചാർജ് ചെയ്യുവാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. വേഗത കുറഞ്ഞ ചാർജ്ജിംഗ് സംവിധാനമാണ് ഇത്. അതിനാൽ തന്നെ വൈദ്യുതി തൂണിലാണ് ചാർജ്ജിീഗ് പോയിന്റ് ഉപകരണങ്ങൾ സ്ഥാപിച്ചത്. ഇതിനു സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത് ചാർജ്ജ് ചെയ്യുവാൻ സാധിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ചാർജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണവും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു.. കണ്ണൂർ നഗരത്തിൽ മാത്രം ഏഴോളം മിനി ചാർജ്ജിംഗ് പോയിന്റുകൾ പുതുതായി സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്. കാറുകൾ ഉൾപ്പടെ വലിയ വാഹനങ്ങൾ ചാർജ്ജ് ചെയ്യാനായി താഴെ ചൊവ്വയിൽ നിലവിൽ കെ.എസ്.ഇ.ബിയുടെ ചാർജ്ജിംഗ് സ്റ്റേഷനുണ്ട്. ഇതിനു പുറമെ വളപ്പട്ടണം മന്നയിലും പടന്നപ്പാലത്തും ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
പച്ച കണ്ടാൽ നിർത്താം,
ചാർജ്ജിംഗ് പോയിന്റാണെന്ന് തിരിച്ചറിയാനായി പോസ്റ്റുകളിൽ പച്ച നിറത്തിൽ പെയിന്റടിച്ചിട്ടുമുണ്ട്. ചാർജ് എന്ന ആപ്പുപയോഗിച്ചാണ് ചാർജ്ജിംഗ് നടത്തുന്നത്. . ഇതിനായി ഒരു ക്യൂആർ കോഡുണ്ടാകും. ഇത് സ്കാൻ ചെയ്താൽ ചാർജ്ജിംഗ് സാദ്ധ്യമാകും. ചാർജ്ജ് ചെയ്യാനെത്തുന്ന വാഹനങ്ങൾ ഇ പെയ്മെന്റ് വഴിയാണ് പണമടക്കേണ്ടത്. എം.എൽ.എമാർക്ക് അവരുടെ മണ്ഡലത്തിൽ അനുവദിച്ച ചാർജിംഗ് പോയിന്റുകളുടെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. കെ.എസ്.ഇ.ബിക്കാണ് നടത്തിപ്പ് ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |