SignIn
Kerala Kaumudi Online
Thursday, 25 April 2024 8.18 PM IST

കേരള ബ്ളാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള ഐ.എസ്.എൽ ഫൈനൽ നാളെ

blasters

കേരള ബ്ളാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള ഐ.എസ്.എൽ ഫൈനൽ നാളെ

ഫത്തോർദ : ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ കിരീടത്തിലേക്ക് ഇനി ഒരേയൊരു കടമ്പ മാത്രം. കേരള ബ്ളാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള ഫൈനൽ എന്ന അവസാന കടമ്പ. ഹോം ജഴ്സിയായി മഞ്ഞ നിറം ധരിക്കുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത് എന്നതിനാൽ ഇതിനെയൊരു മഞ്ഞക്കടമ്പയായി വിശേഷിപ്പിക്കാം. നാളെ രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിലൂടെ ബ്ളാസ്റ്റേഴ്സിന് ചരിത്രത്തിലെ ആദ്യ ഐ.എസ്.എൽ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബാൾ ആരാധകർ.

ഇത് മൂന്നാം തവണയാണ് ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്ലിന്റെ ഫൈനലിലെത്തുന്നത്.2014ലെ ആദ്യ സീസണിൽ സച്ചിന്റെ സഹ ഉടമസ്ഥതയിലുണ്ടായിരുന്ന മഞ്ഞപ്പടയെ ഫൈനലിൽ കീഴടക്കിയത് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയെയാണ്. 2016ൽ സ്റ്റീവ് കൊപ്പൽ എന്ന ആശാന് കീഴിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ബ്ളാസ്റ്റേഴ്സ് ഫൈനലിൽ വീണ്ടും അത്‌ലറ്റിക്കോയോട് അടിയറവ് പറഞ്ഞു. ഒന്നിൽ പിഴച്ചാൽ മൂന്നെന്ന ചൊല്ല് അന്വർത്ഥമാക്കാനുറച്ചിറങ്ങുന്ന ബ്ളാസ്റ്റേഴ്സിന് ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഫൈനലാണിത്. അതേസമയം മറുവശത്ത് ലീഗിലെ താരതമ്യേന പുതിയ ടീമുകളിലൊന്നായ ഹൈദരാബാദിന്റെ ആദ്യ ഫൈനലാണിത്.

ടീം തയ്യാർ

കലാശക്കളിക്കുള്ള അവസാന തയ്യാറെടുപ്പുകളിലായിരുന്നു ഇന്നലെ കോച്ച് ഇവാൻ വുകോമനോവിച്ചും കുട്ടികളും ഗോവയിൽ. എതിരാളികൾ ഹൈദരാബാദ് എഫ്.സിയാകുമെന്ന കണക്കുകൂട്ടലിൽതന്നെയായിരുന്നു കോച്ച്. എ.ടി.കെയ്ക്ക് രണ്ടാം പാദ സെമിയിൽ അത്ഭുതങ്ങൾ കാട്ടാൻ കഴിയാതെവന്നതോടെ ഹൈദരാബാദിനെതിരെയുള്ള തന്ത്രങ്ങൾ മെനയുന്നതിൽ മുഴുകി. എന്നാൽ തങ്ങൾ ഫൈനലിലേക്ക് കരുതിവച്ചിരിക്കുന്നതെന്തെന്ന് വ്യക്തമാക്കാൻ കോച്ച് തയ്യാറല്ല. വലിയ വീരവാദങ്ങളൊന്നുമില്ലാതെയാണ് വുകോമനോവിച്ച് ടീമിനെ ഇവി‌ടെവരെയെത്തിച്ചത്. വെള്ളക്കുപ്പായമിട്ട ‌ ഈ സെർബിയക്കാരൻ കലാശക്കളിക്കിറങ്ങുന്നതും അങ്ങനെതന്നെ.

ഗോ ടു ഗോവ, അല്ലെങ്കിൽ ഫാൻ പാർക്ക്

കൊവിഡ് കാരണം ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടന്നത്. ഫൈനലിൽ കാണികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ഏറ്റവുമധികം ആവേശം ജനിപ്പിച്ചിരിക്കുന്നത് ബ്ളാസ്റ്റേഴ്സിന്റെ ആരാധകരിലാണ്. ''കേറി വാടാ മക്കളേ..." എന്ന കോച്ചിന്റെ വിളിക്ക് പിന്നാലെ ഓൺലൈനായുള്ള ടിക്കറ്റുകൾ എങ്ങനെയെങ്കിലും സ്വന്തമാക്കാനുള്ള വ്യഗ്രതയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മിക്കവരും. ഗോവയിലേക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തതിനാൽ ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്ത കൂട്ടായ്മകളും നിരവധി.

ഗോവയിലേക്ക് ടിക്കറ്റ് കിട്ടാത്തവർ വിഷമിക്കേണ്ടതില്ല. അവർക്കായി സ്റ്റേഡിയത്തിലെ ആളും ആരവവും അനുഭവിക്കാനുള്ള ഫാൻ പാർക്കുകൾ കേരളത്തിലങ്ങോളമിങ്ങോളമായി സംഘടിപ്പിക്കുകയാണ് ആരാധകർ. കൊച്ചിയിലും കോഴിക്കോടുമൊക്കെ ഫാൻ പാർക്കുകളിൽ സെലിബ്രിറ്റികളും കളികാണാനെത്തും. മലപ്പുറത്തെ ഗ്രാമങ്ങളിൽ വലിയ സ്ക്രീനുകൾ തയ്യാറായിക്കഴിഞ്ഞു.

ബ്ളാസ്റ്റേഴ്സിന്റെ കരുത്ത്

തുടർച്ചയായ സീസണുകളിൽ അവസാനസ്ഥാനത്തായിരുന്ന ബ്ളാസ്റ്റേഴ്സ് ഇക്കുറി അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. ഇതിന് വഴിയൊരുക്കിയ കാര്യങ്ങളെക്കുറിച്ച്

1. ഇവാൻ എന്ന കോച്ച്

കഴിഞ്ഞ സീസണുകളിലെല്ലാം പുതിയ കോച്ചുമാരെ പരീക്ഷിച്ച ടീമാണ് ബ്ളാസ്റ്റേഴ്സ്. എന്നാൽ സ്റ്റീവ് കൊപ്പലിന് ശേഷം കൊള്ളാവുന്ന ഒരു കോച്ചിനെ കിട്ടിയത് ഇപ്പോഴാണ്. തന്റെ കളിക്കാരെ ഓരോരുത്തരെയും കൃത്യമായി വിലയിരുത്തി എവി‌ടെ ഉപയോഗിക്കണമെന്ന ധാരണയുള്ളയാളാണ് ഇവാൻ വുകോമനോവിച്ച്. എന്നാൽ പരീക്ഷണങ്ങൾക്ക് പന്നാലെ പോയി സമയം കളയുന്ന പരിശീലകനുമല്ല. എതിരാളികളെ ഭയക്കുന്നില്ല,എന്നാൽ വെല്ലുവിളികളോ വീരവാദങ്ങളോ ഇല്ല.

2. ലൂണയുടെ ആസൂത്രണം

അഡ്രിയാൻ ലൂണയെന്ന പ്ളേ മേക്കറാണ് ബ്ളാസ്റ്റേഴ്സിന്റെ വജ്രായുധം. ഗോളടിപ്പിക്കാനും ഗോളടിക്കാനും ഒരു പോലെ കഴിയുന്ന നായകനാണ് ലൂണ. മദ്ധ്യനിരയിൽ നിന്ന് കൃത്യമായി പന്ത് മുൻ നിരയിലേക്ക് ഫീഡു ചെയ്യുന്നതിൽ ബഹുമിടുക്കൻ.സഹൽ അബ്ദുൽ സമദിനൊപ്പം തോളോട് ചേർന്ന്

3.വസ്ക്വേസിന്റെ ഫിനിഷിംഗ്

ഇയാൻ ഹ്യൂമിനും ഒഗുബച്ചേയ്ക്കും ശേഷം മഞ്ഞക്കുപ്പായത്തിലെത്തിയ മികച്ച സ്ട്രക്കറാണ് ഈ സ്പെയ്ൻകാരൻ.ഈ സീസണിലെ 22 മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകൾ നേടിയ താരം. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. വിൻസി ബാരറ്റോ,ജോർജ് ഡയസ് തുടങ്ങിയവർക്കൊപ്പം ഒരേ മനസോടെ മുന്നേറാൻ കഴിയുന്നു.

4.ബെസ്റ്റ് മാനേജ്മെന്റ്

മാനസികമായി തളർന്ന ഒരു ടീമിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതിന് മാനേജ്മെന്റ് ക്ളാസുകളിൽ ബ്ളാസ്റ്റേഴ്സിന്റെ ഈ സീസൺ ഒരു ഉദാഹരണമായി എടുക്കാം. സെർബിയൻ ഫസ്റ്റ് ഡിവിഷൻ വോളിബാൾ ലീഗിലെ റാഡ്നിക്കി എന്ന ടീം ബ്ളാസ്റ്റേഴ്സിനെ ഏറ്റെടുക്കുമ്പോൾ ഐ.എസ്.എല്ലിലെ അവസാനക്കാരായിരുന്നു. വലിയ തുക മുടക്കി പേരുകേട്ടവരെ കൊണ്ടുവന്നല്ല റാഡ്നിക്കി ഉടമകൾ ബ്ളാസ്റ്റേഴ്സിനെ ഉയിർപ്പിച്ചത്. ആദ്യം നല്ലൊരു കോച്ചിനെ കണ്ടെത്തി. അദ്ദേഹത്തിന് നല്ല ടീം പ്ളേയേഴ്സിനെ എത്തിച്ചു. അവരിൽ ആത്മവിശ്വാസം ജനിപ്പിച്ചു. അതിന്റെ ഫലമാണ് ഈ ഫൈനൽ പ്രവേശനം.

5.മുംബയ്ക്കെതിരായ വിജയം

ഈ സീസണിൽ ആദ്യ മത്സരത്തിൽ എ.ടി.കെയോട് തോറ്റ് തുടങ്ങിയവരാണ് ബ്ളാസ്റ്റേഴ്സ്.നാലാം മത്സരത്തിൽ ഒഡിഷയ്ക്ക് എതിരെയായിരുന്നു ആദ്യ വിജയം. എന്നാൽ ടീമിന് ആത്മവിശ്വാസം ജനിപ്പിച്ചത് ഡിസംബർ 19ന് നിലവിലെ ചാമ്പ്യന്മാരായ മുംബയ് സിറ്റിക്കെതിരെ നേടിയ മറുപടിയില്ലാത്ത മൂന്നു ഗോളുകളുടെ വിജയമായിരുന്നു. അവിടെ നിന്ന് തോൽവിയറിയാതെ കുതിച്ച മഞ്ഞപ്പട ജനുവരി 30ന് ബെംഗളുരുവിനോട് തോൽക്കുന്നതിന് മുമ്പ് അവസാന നാലുസ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചിരുന്നു. ഇടയ്ക്ക് കൊവിഡ് വിളയാടിയിരുന്നില്ലെങ്കിൽ ഒന്നാം സ്ഥാനക്കാരിപ്പോലും ഫിനിഷ് ചെയ്യാൻ ബ്ളാസ്റ്റേഴ്സിന് കഴിയുമായിരുന്നുവെന്ന് ആരാധകർ കരുതുന്നു.

ബ്ളാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ

20 മത്സരങ്ങൾ പ്രാഥമിക റൗണ്ടിൽ

9 വിജയങ്ങൾ

7 സമനിലകൾ

4 തോൽവികൾ

34 പോയിന്റ്

പരാജയങ്ങൾ

2021 നവംബർ 19

2-4 Vs എ.ടി.കെ

2022 ജനുവരി 30

0-1 Vs ബെംഗളുരു

2022 ഫെബ്രുവരി 10

0-3 Vs ജംഷഡ്പുർ

2022 ഫെബ്രുവരി 23

0-1 Vs ഹൈദരാബാദ്

വിജയങ്ങൾ

2021 ഡിസംബർ 5

2-1 Vs ഒഡിഷ

2021 ഡിസംബർ 19

3-0 Vs മുംബയ് സിറ്റി

2021 ഡിസംബർ 23

3-0 Vs ചെന്നൈയിൻ

2022 ജനുവരി 9

1-0 Vs ഹൈദരാബാദ്

2022 ജനുവരി 12

2-0 Vs ഒഡിഷ

2022 ഫെബ്രുവരി 4

2-1 Vs നോർത്ത് ‌ഈസ്റ്റ്

2022 ഫെബ്രുവരി 14

1-0 Vs ഈസ്റ്റ് ബംഗാൾ

2022 ഫെബ്രുവരി 26

3-0 Vs ചെന്നൈയിൻ

2022 മാർച്ച് 2

3-1 Vs മുംബയ് സിറ്റി

സമനിലകൾ

2021 നവംബർ 21

0-0 Vs നോർത്ത് ‌‌ഈസ്റ്റ്

2021 നവംബർ 28

1-1 Vs ബെംഗളുരു

2021 ഡിസംബർ 12

1-1 Vs ഈസ്റ്റ് ബംഗാൾ

2021 ഡിസംബർ 26

1-1 Vs ജംഷഡ്പുർ

2022 ജനുവരി 2

2-2 Vs എഫ്.സി ഗോവ

2022 ഫെബ്രുവരി 19

2-2 Vs എ.ടി.കെ

2022 മാർച്ച് 6

4-4 Vs ഗോവ

10 ആദ്യമായാണ് ഒരു സീസണിൽ 10 വിജയങ്ങൾ (പ്ളേ ഓഫ് ഉൾപ്പടെ ) നേടാൻ ബ്ളാസ്റ്റേഴ്സിന് കഴിയുന്നത്.

36 ഗോളുകളാണ് (പ്ളേ ഓഫ് ഉൾപ്പടെ ) ഇതുവരെ ബ്ളാസ്റ്റേഴ്സ് അടിച്ചുകൂട്ടിയത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സീസണും ഇതുതന്നെ.

25 ഗോളുകൾ ഇതുവരെ വഴങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BLASTERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.