SignIn
Kerala Kaumudi Online
Friday, 19 April 2024 5.18 AM IST

കമ്മ്യൂണിസ്റ്റ് കരുത്തിൽ സുഹാസിനി കണ്ണൂരിന് മരുമകളായി

suhasini
സുഹാസിനി ചതോപാദ്ധ്യായ- പൊന്ന്യം ചന്ദ്രൻ വരച്ച ജലച്ചായാ ചിത്രം

അധികമൊന്നും അറിയപ്പെടാത്ത കമ്മ്യൂണിസ്റ്റ് വനിതയെക്കുറിച്ച് ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ തയ്യാറാക്കുന്ന ജീവചരിത്രം അടുത്ത മാസം പുറത്തിറങ്ങും.

1920ലെ താഷ്‌കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണയോഗത്തിന് ആവശ്യമായ പശ്ചാത്തലം ഒരുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചവരിൽ ഒരാൾ ഹൈദരബാദ് സ്വദേശിനിയായ സുഹാസിനി ചതോപാദ്ധ്യായയായിരുന്നു. തലശേരിയിലെ എ.സി. എൻ. നമ്പ്യാരുടെ ഭാര്യയെന്ന നിലയിൽ കണ്ണൂരിന്റെ മരുമകളാണിവർ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തലവൻ മാവോ സേ തൂങുമായി കൂടിക്കാഴ്ച നടത്തിയ ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതിയും സുഹാസിനിക്ക് സ്വന്തമാണ്.

കണ്ണൂർ :ഇന്ത്യൻ സ്വാതന്ത്റ്യ സമരത്തിന്റെ മുഖ്യധാരയിൽ അണിനിരന്ന കരുത്തുറ്റ സ്ത്രീകളിൽ നിന്ന് ഊർജ്ജം നേടി സമരാഗ്നിയിലേക്ക് നടന്നു നീങ്ങിയ ധീരവനിതയെന്ന് വിശേഷിപ്പിക്കാം സുഹാസിനി ചതോപാദ്ധ്യായയെ. പക്ഷെ ഇവർ കണ്ണൂരിന്റെ മരുമകളാണെന്ന് അറിയുന്നവർ ചുരുക്കം.സ്വാതന്ത്റ്യ സമര സേനാനിയായിരുന്ന സരോജിനി നായിഡുവിന്റെ എട്ട് സഹോദരങ്ങളിൽ ഇളയവളായിരുന്നു സുഹാസിനി.1920ൽ താഷ്‌കെന്റിലെ (ഇന്നത്തെ ഉസ്ബസ്കിസ്താൻ ) ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണയോഗത്തിന് ആവശ്യമായ പശ്ചാത്തലം ഒരുക്കുന്നതിൽ പങ്കുവഹിച്ചവരിലൊളാണ് ഈ ധീരവനിത.

മദിരാശിയിലെ പഠനകാലത്ത് പരിചയപ്പെട്ട തലശേരി സ്വദേശിയായ എ.സി.എൻ.നമ്പ്യാർ എന്ന എ.സി.നാരായണൻ നമ്പ്യാർ വിവാഹം കഴിച്ചെങ്കിലും ചുരുങ്ങിയ വർഷമെ ദാമ്പത്യം മാത്രമേ നിലനിന്നുള്ളു. മലയാളത്തിന്റെ ആദ്യ കഥാകൃത്ത് കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനായി തലശേരി പൊന്ന്യത്തെ കപ്പരട്ടി ഭവനത്തിൽ പിറന്ന എ.സി.എൻ നമ്പ്യാർ പത്രപ്രവർത്തകനായും പരിഭാഷകനായും പ്രവർത്തിച്ചിരുന്നു. നെഹ്റുവിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും വലംകൈയായി ഒരേസമയം പ്രവർത്തിച്ച അനുഭവവും ഇദ്ദേഹത്തിനുണ്ട്.

ജർമ്മനിയിലും റഷ്യയിലും പഠനം തുടങ്ങിയ സുഹാസിനിയുടെ രാഷ്ട്രീയ ദിശ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് തിരിച്ചുവിടുന്നതിൽ പ്രധാന പങ്ക് സഹോദരനായ രവീന്ദ്രനാഥ് ചതോപാദ്ധ്യയ്ക്കായിരുന്നു. വിവാഹാനന്തരം രണ്ടോ മൂന്നോ ദിവസം മാത്രം പൊന്ന്യത്തെ ഭർതൃ ഭവനത്തിൽ താമസിക്കാനെത്തിയ സുഹാസിനിയെ കുറിച്ച് അധികം പേർക്കും അറിയില്ലായിരുന്നു.
ഒന്നാം സ്വാതന്ത്റ്യ സമരത്തിലെ രക്തസാക്ഷിയായ ബീഗം നസ്രത്ത് മഹൽ നാടിനു വേണ്ടിയുള്ള പോരാട്ടം തുടരാൻ തീരുമാനിച്ചത് അവരുടെ ഭർത്താവിനെ ബ്രിട്ടീഷുകാർ കാരാഗൃഹത്തിൽ അടച്ചതോടെയാണ് .1907 ആഗസ്റ്റ് 21ന് ജർമനിയിലെ സ്റ്റുട്ട്ഗട്ടിൽ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ഇന്ത്യൻ ജനതയുടെ വികാരം ദേശീയ പതാകയുടെ ആദ്യ പതിപ്പിലൂടെ ഉയർത്തിക്കെട്ടിയത് മാഡം ബിക്കാങി റസ്തം കാമ ആയിരുന്നു. മീററ്റ് ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട അമീർ ഹൈദർ ഖാന് ബോംബെയിലും മദ്റാസിലും മറ്റു പലസ്ഥലങ്ങളിലുമായി ഒളിവു ജീവിതത്തിനു സൗകര്യവും സാമ്പത്തിക സഹായവും ചെയ്തു കൊടുത്തത് സുഹാസിനിയായിരുന്നു.

പാർട്ടിയെ പഠിച്ചു സോവിയറ്റ് മണ്ണിൽ നിന്ന്
കമ്മ്യൂണിസ്റ്റ് ബാലപാഠങ്ങൾ ശീലമാക്കാൻ സുഹാസിനി തിരഞ്ഞെടുത്തത് സോവിയറ്റ് യൂണിയൻ രാഷ്ട്രീയ ശീലങ്ങളായിരുന്നു. സോവിയറ്റ് വിപ്ലവത്തിനു ശേഷമുള്ള സുഹാസിനിയുടെ പഠനയാത്ര ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ഫോർ ഏഷ്യൻ സ്റ്റഡീസിൽ ചേർന്നുകൊണ്ടുള്ളതായിരുന്നു.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുകയാണ് അഭികാമ്യം എന്ന് പിന്നീട് കരുതിയ സുഹാസിനി ബർലിനിലേക്കുള്ള യാത്ര വെട്ടിച്ചുരുക്കി .ഇന്ത്യയിലേക്ക് അവർ തിരികെ വരുന്നത് പോലും കമ്മ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ നിർദേശപ്രകാരമായിരുന്നു.
1951 വരെ മാത്രം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന സുഹാസിനി ചിത്രകലയിലും സംഗീതത്തിലും നൃത്തത്തിലും അതിവൈദഗ്ദ്യമുള്ളവരായിരുന്നു .അതിവേഗം ചിത്രങ്ങൾ വരച്ചിരുന്ന അവരുടെ ആദ്യ കാല ചിത്രങ്ങളിൽ മുംബെയിലെ തൊഴിലാളികളായ സ്ത്രീകളുടെ രൂപങ്ങൾ ഉണ്ടായിരുന്നു .കുറച്ചു കഴിഞ്ഞതോടെ തികച്ചും അമൂർത്തമായിരുന്നു അവരുടെ ചിത്രങ്ങൾ . പിക്കാസോ ചിത്രങ്ങൾ അവരെ വല്ലാതെ സ്വാധീനിച്ചതായി തോന്നും. 1954 ൽ സുഹാസിനി ചൈന സന്ദർശിച്ചിരുന്നു .ആ സന്ദർഭത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ല്യൂഷാവ്ചി യെ സന്ദർശിക്കാൻ അവസരം ലഭിച്ചു.ല്യൂഷാവ്ചിയുടെ നിർബന്ധപ്രകാരം നൃത്തം അവതരിപ്പിച്ചിട്ടുണ്ട് സുഹാസിനി. ആ വലിയ നേതാവിന് വലിയ ഇഷ്ടമായിരുന്നു .കടുത്ത പുകവലിശീലം 55 വയസിലെത്തിയപ്പോൾ കാൽമുട്ടുകളെ വേദനയിലാഴ്ത്തി. ജീവിതസായാഹ്നത്തിൽ വീൽചെയറിലായിരുന്നു .മുംബൈയിലെ നാടക പ്രവർത്തനത്തിലും ക്രിയാത്മക സംഭാവനയും സുഹാസിനി നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.