SignIn
Kerala Kaumudi Online
Friday, 19 April 2024 6.38 AM IST

കൺമുന്നിൽ കന്നിക്കിരീടം

isl

ആദ്യ ഐ.എസ്.എൽ കിരീ‌ടത്തിൽ മുത്തമിടാൻ കൊതിച്ച് കേരള ബ്ളാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും

സഹൽ അബ്ദുൽ സമദിന്റെയും അഡ്രിയാൻ ലൂണയുടെയും പരിക്ക് ബ്ളാസ്റ്റേഴ്സിന് വെല്ലുവിളി

മഡ്ഗാവ് : കൊവിഡ് കാലത്തിന്റെ നിയന്ത്രണങ്ങൾ ഒഴിവാക്കി ഫത്തോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്ന് പൂരപ്പറമ്പായി മാറും. മഞ്ഞനിറത്തിൽ നിറഞ്ഞുപെയ്യുന്ന ഗാലറികളെ സാക്ഷിയാക്കി അവിടേക്ക് കേരളത്തിന്റെ കൊമ്പൻ തലപ്പൊക്കമളന്ന് തിടമ്പേറ്റാനായി എഴുന്നള്ളും. ആരവങ്ങളുമായി ഗോവൻ മണ്ണിലെത്തിയ ആയിരങ്ങളെക്കൂടാതെ ഫാൻ പാർക്കുകളിലും അകത്തളങ്ങളിലുമായി വലുതും ചെറുതുമായ ടി.വി / മൊബൈൽ സ്ക്രീനുകൾക്ക് മുന്നിലുള്ള ജനലക്ഷങ്ങളുടെ പ്രാർത്ഥനകളും ആവേശവും കാൽപ്പന്തുകളിയുടെ കലാശക്കൊട്ടിന്റെ പെരുമ്പറമുഴക്കമായി മാറും...അതേ, ഇന്നാണ് കേരള ബ്ളാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള ഐ.എസ്.എൽ ഫൈനൽ.

ഇന്ന് ഐ.എസ്.എൽ ഫൈനലിനിറങ്ങുന്ന രണ്ട് ടീമുകളും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. രണ്ട് തവണ ഫൈനലിൽ കളിച്ചിട്ടുള്ളതിന്റെ മൂപ്പുമായാണ് ബ്ളാസ്റ്റേഴ്സ് ഇറങ്ങുന്നതെങ്കിൽ പ്രവചനാതീതമായ പ്രകടനങ്ങൾക്ക് മുന്നിൽ അസാദ്ധ്യമായതൊന്നുമില്ലെന്ന് തെളിയിക്കുകയാണ് ഹൈദരാബാദിന്റെ ലക്ഷ്യം. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന ചൊല്ലി അന്വർതഥമാക്കാനായാണ് ബ്ളാസ്റ്റേഴ്സ് ബൂട്ടുകെട്ടുന്നത്. ആദ്യ അവസരത്തിൽത്തന്നെ ലക്ഷ്യത്തിലെത്താൻ ഹൈദരാബാദും പടയ്ക്കിറങ്ങുന്നു.

ഇതുവരെയുള്ള പ്രകടനം ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും ബ്ളാസ്റ്റേഴ്സിന്റെ ആരാധകരുടെ നെഞ്ചിൽ തീ കോരിയിടുന്നത് രണ്ടുപേരുടെ പരിക്കിനെക്കുറിച്ചുള്ള വാർത്തകളാണ്. പരിക്കുമൂലം രണ്ടാം പാദ സെമിയിൽ കളിക്കാതിരുന്ന സഹൽ ഫൈനലിനും ഉണ്ടായേക്കില്ലെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാൽ ഇതുവരെയുള്ള പ്രകടനത്തിന്റെ ആണിക്കല്ലായ നായകൻ അഡ്രിയാൻ ലൂണയ്ക്കും പരിക്കുണ്ടെന്ന കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ വാക്കുകൾ ആശങ്ക പരത്തുകയാണ്. ഇന്നലെ വാർത്താസമ്മേളനത്തിൽ കോച്ചിനൊപ്പം ക്യാപ്ടൻ പങ്കെടുത്തിരുന്നില്ല. ലൂണ കളിക്കാൻ ഇറങ്ങുമോ എന്നതിലോ പകരം ആര് ക്യാപ്ടനാകുമെന്നതിലോ കോച്ച് ഉറപ്പൊന്നും നൽകിയതുമില്ല.പരിക്ക് മാറി ഒരു പകുതിയിലെങ്കിലും ബുള്ളറ്റുപോലെ ലൂണ പായുമെന്ന പ്രതീക്ഷയിൽതന്നെയാണ് ഇപ്പോഴും ആരാധകർ.

കേരളത്തിന്റെ മനസിലേക്ക് ഫുട്ബാളിന്റെ ആവേശക്കാറ്റ് വീണ്ടുമൂതിനിറപ്പിച്ചാണ് കേരള ബ്ളാസ്റ്റേഴ്സ് ഫൈനലിലെത്തിയിരിക്കുന്നത്. കൊവിഡ് വിലക്കുകൾ കഴിഞ്ഞ് കാണികൾക്കുമുന്നിൽ പൂർണമായി തുറന്നുകൊടുത്ത ആദ്യ സ്റ്റേഡിയത്തിലാണ് ഇന്ന് കലാശക്കളിക്ക് വിസിൽ മുഴങ്ങുന്നത്. 18000ത്തോളം പേർക്ക് ഇരിക്കാവുന്ന ഗാലറിയിലെ ടിക്കറ്റുകളെല്ലാം വിൽപ്പനയ്ക്ക് വച്ച് മണിക്കൂറുകൾക്കുള്ളിൽ തീർന്നിരുന്നു.കേരളത്തിൽ നിന്ന് ടിക്കറ്റുലഭിച്ച ഭാഗ്യവാന്മാർ കിട്ടിയ വാഹനത്തിൽ ഗോവയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഇവർ കുന്തമുനകൾ

കേരള ബ്ളാസ്റ്റേഴ്സ്

1. അഡ്രിയാൻ ലൂണ

ക്യാപ്ടന്റെ ആംബാൻഡ് ധരിച്ചിറങ്ങുന്ന ലൂണയാണ് മഞ്ഞപ്പടയുടെ നെടുംതൂൺ.ഗോളടിക്കാനും അടിപ്പിക്കാനും മിടുക്കൻ. 22 മത്സരങ്ങളിൽ ആറുഗോളുകൾ നേടിയപ്പോൾ ഏഴു ഗോളുകൾക്ക് വഴിയൊരുക്കി.മദ്ധ്യനിരയിലെ ശക്തനായ പ്ളേമേക്കർ.

2. അൽവാരോ വസ്ക്വേസ്

മഞ്ഞപ്പടയുടെ സ്പാനിഷ് ആഗ്നേയാസ്ത്രം.കൃത്യതയാർന്ന ഫിനിഷിംഗിനുള്ള പാടവം. 22 മത്സരങ്ങളിൽ എട്ടുഗോളുകൾ നേടിയ 30കാരനായ വസ്ക്വേസ് രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഗ്രൗണ്ടിന്റെ എല്ലായിടത്തും ഞൊടിയിടയിൽ ഓടിയെത്താനുള്ള കഴിവ് വസ്ക്വേസിനെ വ്യത്യസ്തനാക്കുന്നു.

3.ജോർജ് ഡയസ്

വസ്‌ക്വേസിനൊപ്പം ബ്ളാസ്റ്റേഴ്സിന്റെ ടോപ് സ്കോററർ സ്ഥാനത്തുള്ള താരമാണ് അർജന്റീനക്കാരനായ ഈ ഫോർവേഡ്. എട്ടുഗോളുകൾ നേടി.ഒന്നിന് വഴിയൊരുക്കി. മികച്ച ശാരീരികക്ഷമതയാണ് ഡയസിന്റെ പ്ളസ് പോയിന്റ്.

4.ഹർമൻജോത് ഖബ്ര

ബ്ളാസ്റ്റേഴ്സിന്റെ പത്താം നമ്പർ കുപ്പായത്തിലിറങ്ങുന്ന ഖബ്ര അറ്റാക്കിംഗിലും ഡിഫൻസിലും മികവ് കാട്ടുന്നു. മികച്ച ഇന്റർസെപ്ഷനുകളും ക്ളിയറൻസും. ഒരു ഗോളടിക്കുകയും ഒന്നിന് വഴിതെളിക്കുകയും ചെയ്തിട്ടുണ്ട്.

5 സന്ദീപ് സിംഗ്

പ്രതിരോധത്തിലെ പ്രമുഖനായ നിഷുകുമാറിനെ പരിക്ക് വലച്ചപ്പോൾ ധൈര്യപൂർവം ഉത്തരവാദിത്വം ഏറ്റെടുത്തത് സന്ദീപാണ്. ഹോർമിപാമിനും സഞ്ജീവ് സ്റ്റാലിനുമൊപ്പം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു.

6. പ്രഭ്സുഖൻ ഗിൽ

ബ്ളാസ്റ്റേഴ്സിന്റെ ഗോൾവല കാക്കുന്ന മാലാഖ. 19 മത്സരങ്ങളിലാണ് വലയ്ക്ക് കീഴിൽ ഇറങ്ങിയത്.ഏഴ് ക്ളീൻ ഷീറ്റുകൾ. 20 ഗോളുകൾ വഴങ്ങിയപ്പോൾ 42 സേവുകൾ നടത്തി.

ഹൈദരാബാദ് എഫ്.സി

1.ഒഗുബച്ചേ

ബ്ളാസ്റ്റേഴ്സിന്റെ മുൻ താരമാണ് ഈ നൈജീരിയൻ ഗോളടിയന്ത്രം. ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളാണ് ഈ 20-ാം നമ്പർ കുപ്പായക്കാരൻ അടിച്ചുകൂട്ടിയത്. കഴിഞ്ഞ മത്സരത്തിൽ എ.ടി.കെ പ്രതിരോധം ഒഗുബച്ചേയെ തടുത്തത് ബ്ളാസ്റ്റേഴ്സിന് ആവേശം പകരുന്നു.

2.ഹാവിയർ സിവേരിയോ

ഹൈദരാബാദ് മുന്നേറ്റനിരയിലെ മറ്റൊരു പ്രമുഖൻ. 24 വയസുള്ള ഈ സ്പാനിഷ് സ്ട്രൈക്കർ 22 മത്സരങ്ങളിൽ നിന്ന് ഏഴുഗോളുകളും ഒരു അസിസ്റ്റും നടത്തി.

3. യാവോ ബ്രൂണോ വിക്ടർ

ഹൈദരാബാദിന്റെ മദ്ധ്യനിരയിലെ കരുത്തനാണ് ഈ ബ്രസീലുകാരൻ. കൃത്യതയാർന്ന പാസുകളാണ് പ്ളസ് പോയിന്റ്. 82ശതമാനമാണ് പാസിംഗിലെ കൃത്യത. അഞ്ചുഗോളുകൾ നേടിയിട്ടുണ്ട്. ഒന്നിന് വഴിയൊരുക്കി.

4. സഹിൽ ടവോറ

ഹൈദരാബാദിന്റെ മദ്ധ്യനിരയിലെ മറ്റൊരു പ്രമുഖൻ. മുന്നേറ്റനിരയ്ക്ക് പന്തെത്തിക്കുന്നതിലും സ്വന്തം തട്ടകം കാക്കുന്നതിലും ശ്രദ്ധ. ഇതുവരെ ഗോൾ നേടിയിട്ടില്ല.

5. യുവാൻ ഗോൺസാൽവസ്

പ്രതിരോധനിരയിലെ പടക്കുതിരയാണ് 34 വയസുള്ള ഈ സ്പാനിഷ് താരം. 20 മത്സരങ്ങളിൽ നടത്തിയത് 68 ക്ലിയറൻസുകളാണ്.29 ടാക്കിളുകളും 26 ഇന്റർസെപ്ഷനുകളും.രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.32 ഷോട്ടുകൾ ബ്ളോക്ക് ചെയ്തു.

6. കട്ടിമണി

ഹൈദരാബാദ് നിരയിൽ ബ്ളാസ്റ്റേഴ്സ് താരങ്ങൾ ഏറ്റവുമധികം ഭയക്കേണ്ടത് ഈ ഗോൾകീപ്പറെയാണ്. 21 മത്സരങ്ങളിൽ വലകാത്ത ഈ ഇന്ത്യൻ ഗോളി 22 ഗോളുകൾ വഴങ്ങിയപ്പോൾ നടത്തിയ സേവുകളുടെ എണ്ണം 58 ആണ്. മൂന്ന് ക്ളീൻ ഷീറ്റുകൾ. പരിചയസമ്പത്താണ് മറ്റൊരു അനുകൂല ഘടകം.

ഇവർ ആശാന്മാർ

മാനുവേൽ മാർക്വേസ് റോക്ക - ഹൈദരാബാദ്

രണ്ട് പതിറ്റാണ്ടോളമായി ഫുട്ബാൾ പരിശീലന രംഗത്തുള്ളയാളാണ് ബാഴ്സലോണ സ്വദേശിയായ ഈ 53കാരൻ.രണ്ട് വർഷംമുമ്പാണ് ഹൈദരാബാദ് കോച്ചായി എത്തിയത്. പ്രതിരോധനിരയിലായിരുന്നു കളിക്കാരനെന്ന നിലയിൽ റോക്കയുടെ സ്ഥാനമെങ്കിലും ആക്രമണ ഫുട്ബാളിന്റെ തന്ത്രങ്ങളാണ് കോച്ചെന്ന നിലയിൽ കൂടുതലിഷ്‌ടം.ഒരു ഡസനിലേറെ ക്ളബുകളെ പരിശീലിപ്പിച്ച അനുഭവപരിചയസമ്പത്ത്.

ഇവാൻ വുകോമനോവിച്ച് - ബ്ളാസ്റ്റേഴ്സ്

16 വർഷത്തോളം വിവിധ യൂറോപ്യൻ ക്ളബുകളിൽ ഡിഫൻഡറായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിച്ച ഇവാൻ 2013ൽ പ്രമുഖ ബെൽജിയൻ ക്ളബ് സ്റ്റാൻഡേഡ് ലീജിന്റെ അസിസ്റ്റന്റ് കോച്ചായാണ് പരിശീലകരംഗത്തേക്ക് വന്നത്. ഒരു വർഷത്തിന് ശേഷം ലീജിന്റെ മുഖ്യപരിശീലകനായി. 44കാരനായ ഈ സെർബിയക്കാരൻ ഈ സീസണിലാണ് ബ്ളാസ്റ്റേഴ്സിലെത്തിയത്. എതിരാളികളെ നന്നായി മനസിലാക്കിയശേഷം തന്ത്രങ്ങൾ മെനയുന്നതാണ് രീതി.2017-18 സീസണിൽ ബ്രാത്തിസ്ളാവ ക്ളബിനെ സ്ളൊവാക്യൻ കപ്പിൽ മുത്തമിടീച്ച തന്ത്രജ്ഞൻ.

സഹൽ കളിച്ചേക്കില്ല

പരിക്കുമൂലം രണ്ടാം പാദ സെമിഫൈനലിൽ നിന്ന് വിട്ടുനിന്ന മലയാളി താരം സഹൽ അബ്ദുസമദ് ഫൈനലിലും കളിച്ചേക്കില്ലെന്ന് സൂചന. സഹലിന് ഇന്ത്യൻ ടീമിൽ തുടർന്നുകളിക്കേണ്ടതിനാൽ താൻ റിസ്കെ‌ടുക്കാനില്ലെന്നാണ് കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നത്. സഹലിന് പകരം കെ.പി രാഹുലിനെ കളിപ്പിനാനാണ് സാദ്ധ്യത.

ആക്രമണമാണ് മികച്ച പ്രതിരോധം

പതിവുപോലെ തുടക്കം മുതൽ ആക്രമിച്ച് കളിക്കാനാവും ബ്ളാസ്റ്റേഴ്സ് ശ്രമിക്കുക. തുടക്കത്തിലേ ഗോളടിക്കാനായാൽ അത് ഏത് ടീമിനും മാനസികമായ ആധിപത്യം നൽകും. ഇതുവരെയുള്ള മത്സരങ്ങളിൽ ആദ്യപകുതിയൽത്തന്നെ സ്കോർ ചെയ്യുന്നതിൽ ബ്ളാസ്റ്റേഴ്സ് മിക്കപ്പോഴും ജയിച്ചിട്ടുണ്ട്.

ഒതുക്കണം ഒഗുബച്ചെയെ

ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തിന് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടിവരിക ബാർത്തലോമിയോ ഒഗുബച്ചെ എന്ന തങ്ങളുടെ മുൻ താരത്തെയാകും. അവസരം കിട്ടിയാൽ പന്തും റാഞ്ചി ഗോളടിക്കുന്ന വിരുതനാണ് ഈ 37 കാരൻ. മദ്ധ്യനിരയിൽ നിന്ന് ഒഗുബച്ചെയിലേക്കുള്ള ഫീഡിംഗിന് തടയിടുകയാണ് വേണ്ടത്.

മഞ്ഞ ആർക്ക്

ഫൈനലിനിറങ്ങുന്ന ഇരു ടീമുകളുടെയും ഹോം ജഴ്സി മഞ്ഞയാണ്. എന്നാൽ ഒരാൾക്കേ ഫൈനലിൽ ഹോം ജഴ്സിയണിയാനാവൂ. ഗ്രൂപ്പ് റൗണ്ട് പോയിന്റ് നിലയിലെ മുമ്പന്മാർ എന്ന നിലയിൽ ഹൈദരാബാദിനാകും ഫൈനലിൽ മഞ്ഞയു‌ടുക്കാനുള്ള ചാൻസ്. ബ്ളാസ്റ്റേഴ്സ് കറുപ്പിൽ നീല വരകളുള്ള കുപ്പായമണിഞ്ഞിറങ്ങും. ലീഗ് ഘട്ടത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ മഞ്ഞയണിഞ്ഞ ബ്ളാസ്റ്റേഴ്സ് ജയിച്ചു.രണ്ടാം മത്സരത്തിൽ ഹൈദരാബാദ് മഞ്ഞയിട്ട് ജയിച്ചു.

തുടർച്ചയായ സീസണുകളിൽ അവസാനസ്ഥാനത്തായിരുന്ന ബ്ളാസ്റ്റേഴ്സ് ഇക്കുറി അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. ഇതിന് വഴിയൊരുക്കിയ കാര്യങ്ങളെക്കുറിച്ച്

1. ഇവാൻ എന്ന കോച്ച്

കഴിഞ്ഞ സീസണുകളിലെല്ലാം പുതിയ കോച്ചുമാരെ പരീക്ഷിച്ച ടീമാണ് ബ്ളാസ്റ്റേഴ്സ്. എന്നാൽ സ്റ്റീവ് കൊപ്പലിന് ശേഷം കൊള്ളാവുന്ന ഒരു കോച്ചിനെ കിട്ടിയത് ഇപ്പോഴാണ്. തന്റെ കളിക്കാരെ ഓരോരുത്തരെയും കൃത്യമായി വിലയിരുത്തി എവി‌ടെ ഉപയോഗിക്കണമെന്ന ധാരണയുള്ളയാളാണ് ഇവാൻ വുകോമനോവിച്ച്. എന്നാൽ പരീക്ഷണങ്ങൾക്ക് പന്നാലെ പോയി സമയം കളയുന്ന പരിശീലകനുമല്ല. എതിരാളികളെ ഭയക്കുന്നില്ല,എന്നാൽ വെല്ലുവിളികളോ വീരവാദങ്ങളോ ഇല്ല.

2. ലൂണയുടെ ആസൂത്രണം

അഡ്രിയാൻ ലൂണയെന്ന പ്ളേ മേക്കറാണ് ബ്ളാസ്റ്റേഴ്സിന്റെ വജ്രായുധം. ഗോളടിപ്പിക്കാനും ഗോളടിക്കാനും ഒരു പോലെ കഴിയുന്ന നായകനാണ് ലൂണ. മദ്ധ്യനിരയിൽ നിന്ന് കൃത്യമായി പന്ത് മുൻ നിരയിലേക്ക് ഫീഡു ചെയ്യുന്നതിൽ ബഹുമിടുക്കൻ.സഹൽ അബ്ദുൽ സമദിനൊപ്പം തോളോട് ചേർന്ന്

3.വസ്ക്വേസിന്റെ ഫിനിഷിംഗ്

ഇയാൻ ഹ്യൂമിനും ഒഗുബച്ചേയ്ക്കും ശേഷം മഞ്ഞക്കുപ്പായത്തിലെത്തിയ മികച്ച സ്ട്രക്കറാണ് ഈ സ്പെയ്ൻകാരൻ.ഈ സീസണിലെ 22 മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകൾ നേടിയ താരം. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. വിൻസി ബാരറ്റോ,ജോർജ് ഡയസ് തുടങ്ങിയവർക്കൊപ്പം ഒരേ മനസോടെ മുന്നേറാൻ കഴിയുന്നു.

4.ബെസ്റ്റ് മാനേജ്മെന്റ്

മാനസികമായി തളർന്ന ഒരു ടീമിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതിന് മാനേജ്മെന്റ് ക്ളാസുകളിൽ ബ്ളാസ്റ്റേഴ്സിന്റെ ഈ സീസൺ ഒരു ഉദാഹരണമായി എടുക്കാം. സെർബിയൻ ഫസ്റ്റ് ഡിവിഷൻ വോളിബാൾ ലീഗിലെ റാഡ്നിക്കി എന്ന ടീം ബ്ളാസ്റ്റേഴ്സിനെ ഏറ്റെടുക്കുമ്പോൾ ഐ.എസ്.എല്ലിലെ അവസാനക്കാരായിരുന്നു. വലിയ തുക മുടക്കി പേരുകേട്ടവരെ കൊണ്ടുവന്നല്ല റാഡ്നിക്കി ഉടമകൾ ബ്ളാസ്റ്റേഴ്സിനെ ഉയിർപ്പിച്ചത്. ആദ്യം നല്ലൊരു കോച്ചിനെ കണ്ടെത്തി. അദ്ദേഹത്തിന് നല്ല ടീം പ്ളേയേഴ്സിനെ എത്തിച്ചു. അവരിൽ ആത്മവിശ്വാസം ജനിപ്പിച്ചു. അതിന്റെ ഫലമാണ് ഈ ഫൈനൽ പ്രവേശനം.

5.മുംബയ്ക്കെതിരായ വിജയം

ഈ സീസണിൽ ആദ്യ മത്സരത്തിൽ എ.ടി.കെയോട് തോറ്റ് തുടങ്ങിയവരാണ് ബ്ളാസ്റ്റേഴ്സ്.നാലാം മത്സരത്തിൽ ഒഡിഷയ്ക്ക് എതിരെയായിരുന്നു ആദ്യ വിജയം. എന്നാൽ ടീമിന് ആത്മവിശ്വാസം ജനിപ്പിച്ചത് ഡിസംബർ 19ന് നിലവിലെ ചാമ്പ്യന്മാരായ മുംബയ് സിറ്റിക്കെതിരെ നേടിയ മറുപടിയില്ലാത്ത മൂന്നു ഗോളുകളുടെ വിജയമായിരുന്നു. അവിടെ നിന്ന് തോൽവിയറിയാതെ കുതിച്ച മഞ്ഞപ്പട ജനുവരി 30ന് ബെംഗളുരുവിനോട് തോൽക്കുന്നതിന് മുമ്പ് അവസാന നാലുസ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചിരുന്നു. ഇടയ്ക്ക് കൊവിഡ് വിളയാടിയിരുന്നില്ലെങ്കിൽ ഒന്നാം സ്ഥാനക്കാരിപ്പോലും ഫിനിഷ് ചെയ്യാൻ ബ്ളാസ്റ്റേഴ്സിന് കഴിയുമായിരുന്നുവെന്ന് ആരാധകർ കരുതുന്നു.

ബ്ളാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ

20 മത്സരങ്ങൾ പ്രാഥമിക റൗണ്ടിൽ

9 വിജയങ്ങൾ

7 സമനിലകൾ

4 തോൽവികൾ

34 പോയിന്റ്

പരാജയങ്ങൾ

2021 നവംബർ 19

2-4 Vs എ.ടി.കെ

2022 ജനുവരി 30

0-1 Vs ബെംഗളുരു

2022 ഫെബ്രുവരി 10

0-3 Vs ജംഷഡ്പുർ

2022 ഫെബ്രുവരി 23

0-1 Vs ഹൈദരാബാദ്

വിജയങ്ങൾ

2021 ഡിസംബർ 5

2-1 Vs ഒഡിഷ

2021 ഡിസംബർ 19

3-0 Vs മുംബയ് സിറ്റി

2021 ഡിസംബർ 23

3-0 Vs ചെന്നൈയിൻ

2022 ജനുവരി 9

1-0 Vs ഹൈദരാബാദ്

2022 ജനുവരി 12

2-0 Vs ഒഡിഷ

2022 ഫെബ്രുവരി 4

2-1 Vs നോർത്ത് ‌ഈസ്റ്റ്

2022 ഫെബ്രുവരി 14

1-0 Vs ഈസ്റ്റ് ബംഗാൾ

2022 ഫെബ്രുവരി 26

3-0 Vs ചെന്നൈയിൻ

2022 മാർച്ച് 2

3-1 Vs മുംബയ് സിറ്റി

സമനിലകൾ

2021 നവംബർ 21

0-0 Vs നോർത്ത് ‌‌ഈസ്റ്റ്

2021 നവംബർ 28

1-1 Vs ബെംഗളുരു

2021 ഡിസംബർ 12

1-1 Vs ഈസ്റ്റ് ബംഗാൾ

2021 ഡിസംബർ 26

1-1 Vs ജംഷഡ്പുർ

2022 ജനുവരി 2

2-2 Vs എഫ്.സി ഗോവ

2022 ഫെബ്രുവരി 19

2-2 Vs എ.ടി.കെ

2022 മാർച്ച് 6

4-4 Vs ഗോവ

10 ആദ്യമായാണ് ഒരു സീസണിൽ 10 വിജയങ്ങൾ (പ്ളേ ഓഫ് ഉൾപ്പടെ ) നേടാൻ ബ്ളാസ്റ്റേഴ്സിന് കഴിയുന്നത്.

36 ഗോളുകളാണ് (പ്ളേ ഓഫ് ഉൾപ്പടെ ) ഇതുവരെ ബ്ളാസ്റ്റേഴ്സ് അടിച്ചുകൂട്ടിയത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സീസണും ഇതുതന്നെ.

25 ഗോളുകൾ ഇതുവരെ വഴങ്ങി.

ബ്ളാസ്റ്റേഴ്സ് താരങ്ങൾ മികച്ച പരസ്പരധാരണയോടെയാണ് കളിക്കാനിറങ്ങുന്നത്. അതോടൊപ്പം ആരാധകരുടെ സാന്നിദ്ധ്യം ശക്തി വർദ്ധിപ്പിക്കും. എതിരാളികളെ ബഹുമാനിച്ചുതന്നെയാവും കളത്തിലിറങ്ങുക. ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണ്. അദ്ദേഹത്തിന് കളിക്കാൻ കഴിയുമോ എന്ന് പറയാറായിട്ടില്ല.

-ഇവാൻ വുകോമനോവിച്ച്

ബ്ളാസ്റ്റേഴ്സ് കോച്ച്

കഠിനമായ വെല്ലുവിളികൾ അതിജീവിച്ചാണ് ഇവിടെവരെയെത്തിയത്. ഇന്നത്തെ ഒരു മത്സരം മാത്രമേ മുന്നിലുള്ളൂ. അവിടെ എന്തും സംഭവിക്കാം. കളിക്കാരും പരിശീലകരും സപ്പോർട്ടിംഗ് സ്റ്റാഫും തമ്മിലുള്ള കൂട്ടായ്മയും ലക്ഷ്യബോധവുമാണ് ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നത്

- മാനുവേൽ മാർക്വേസ് റോക്ക

ഹൈദരാബാദ് കോച്ച്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.